വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത; എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടുക, കെഎസ്ഇബി മുന്നറിയിപ്പ്

വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത; എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടുക, കെഎസ്ഇബി മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുമെന്നും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണമെന്നും കെഎസ്ഇബി മുന്നറിയിപ്പില്‍ പറയുന്നു.

കെഎസ്ഇബിയുടെ കുറിപ്പ്

കനത്ത മഴയുടെ സാഹചര്യത്തില്‍ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്.

പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുത്.

പുല്ല് ചെത്തി മടങ്ങുന്നതിനിടെ മിന്നലേറ്റു; വഞ്ചിയിൽ നിന്ന് വീണ 62 കാരൻ മരിച്ചു

പുല്ല് ചെത്തി മടങ്ങുന്നതിനിടെ മിന്നലേറ്റു; വഞ്ചിയിൽ നിന്ന് വീണ 62 കാരൻ മരിച്ചു

കൊച്ചി: മിന്നലേറ്റ് വള്ളം മറിഞ്ഞ് ​ഗൃഹനാഥൻ മരിച്ചു. പൂത്തോട്ട പുത്തൻകാവ് ചിങ്ങോറോത്ത് സരസനാണ്(62) മരിച്ചത്. കന്നുകാലികൾക്ക് പുല്ലു ചെത്തി മടങ്ങവെയാണ് അപകടമുണ്ടായത്. സരസന് മിന്നലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നി​ഗമനം.

ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കോണത്തുപുഴയുടെ അരികിൽ പുല്ല് ചെത്തി വള്ളത്തിൽ വീട്ടിലേക്ക് മടങ്ങുന്ന വഴി വീടിനടുത്തുള്ള പുഴയിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വള്ളം മറിഞ്ഞു. അ​ഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് ശക്തമായ മിന്നലാണ് ഉണ്ടായത്. എറണാകുളം ജനറൾ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരനാണ് സരസൻ. താൽക്കാലിക അടിസ്ഥാനത്തിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഭാര്യ- ജയന്തി. മകൻ- അക്ഷയ്.

മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഐടി പാര്‍ക്കുകളില്‍ ഇനി മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

ഐടി പാര്‍ക്കുകളില്‍ ഇനി മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം.

ലൈസന്‍സ് നല്‍കുന്നതിനു ചില പുതിയ നിര്‍ദേശങ്ങള്‍ സബ്ജക്ട് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. എക്‌സൈസ്‌നിയമവകുപ്പുകള്‍ ചര്‍ച്ച നടത്തിയശേഷം പ്രത്യേക ചട്ടങ്ങള്‍ പുറത്തിറക്കും. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണു തീരുമാനം. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐ ടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നല്‍കും.

വ്യാജ രജിസ്‌ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ വ്യാപക റെയ്ഡ്

വ്യാജ രജിസ്‌ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ വ്യാപക റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്,എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ ഒരേ സമയം പരിശോധന നടത്തുകയാണ്. പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍മ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജിഎസ്ടി അധികൃതര്‍ അറിയിച്ചു. പാലക്കാട് ഓങ്ങല്ലൂരിലെ സ്‌ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തുന്നുണ്ട്. പാലക്കാട് ഓങ്ങല്ലൂരിലെ സ്‌ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തി. വിവിധ ഇടങ്ങളില്‍ നിന്ന് നിരവധിപേര്‍ കസ്റ്റഡിയില്‍ ആയതായിയാണ് വിവരം.

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്, ശനിയാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്, തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.

തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റോട്കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.