പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ്; ഇന്നുമുതൽ പ്രാബല്യത്തിൽ

പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ്; ഇന്നുമുതൽ പ്രാബല്യത്തിൽ

പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട്. അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും

വലിയ പ്രതിഷേധത്തിനിടെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ സജ്ജമാക്കിയിട്ടില്ല.

എന്നാല്‍ ഇളവുകള്‍ വരുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചത്. പ്രതിദിന ടെസ്റ്റ് 60 ആക്കും എന്ന് അറിയിച്ചിരുന്നെങ്കിലും 30 ആക്കി നിജപ്പെടുത്തി. കൂടാതെ പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച് ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. എന്നാല്‍, പരിഷ്കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടി ആക്കണം എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ സംയുക്ത സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ട് ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കി സമരം ചെയ്യുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്. ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഏകപക്ഷീയമായി ഇറക്കിയ സർക്കുലർ പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും അറിയിച്ചു.

ചൂടിന് ആശ്വാസമായി ഇന്ന് മഴയെത്തും; 11 ജില്ലകളിൽ മഴ സാധ്യത

ചൂടിന് ആശ്വാസമായി ഇന്ന് മഴയെത്തും; 11 ജില്ലകളിൽ മഴ സാധ്യത

ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിളാണ് മഴയ്ക്ക് സാധ്യതയുള്ളത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും.അതേസമയം പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനിൽക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ പ്രദേശങ്ങളിൽ മഞ്ഞ അലെർട്ട് നൽകിയിരിക്കുകയാണ്.ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതകൾ പ്രവചിരുന്നു. അഞ്ചാം തീയതി വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വിവിധ പ്രദേസങ്ങളിൽ സാധ്യത നിൽനിൽക്കുന്നുണ്ട്.

ലോഡ് ഷെഡിംഗ് ഉണ്ടാകുമോ; തീരുമാനത്തിനായി വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ലോഡ് ഷെഡിംഗ് ഉണ്ടാകുമോ; തീരുമാനത്തിനായി വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുമോയെന്ന് ഇന്നറിയാം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ലോഡ് ഷെഡിംഗ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചർച്ച ചെയ്യുന്നതിനായാണ് യോഗം

നിലവിലെ സ്ഥിതിഗതികൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. ലോഡ് ഷെഡിംഗ് ആവശ്യമായി വന്നാൽ മുഖ്യമന്ത്രിയുടെ അനുമതി കൂടി തേടും. ഇതിന് ശേഷമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളു. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗവും സർവകാല റെക്കോർഡിലാണ്

കൂടുതൽ വൈദ്യുതി ഉപയോഗിക്കുമ്പോൾ പലയിടങ്ങളിലും ട്രാൻസ്‌ഫോർമറുകൾ കേടുവരുന്നുണ്ട്. വൈദ്യുതി വിതരണം നിലയ്ക്കുന്നത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഇതേ തുടർന്നാണ് നിയന്ത്രണം വേണമെന്ന നിലപാട് കെ എസ് ഇ ബി സ്വീകരിച്ചത്.

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്നതിനിടെ, കഴിഞ്ഞ ദിവസമുണ്ടായ ഇടിവില്‍നിന്നു തിരിച്ചു കയറി സ്വര്‍ണ വില. പവന് 560 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപ. ഗ്രാമിന് 70 രൂപ കൂടി 6625 ആയി.

ഇന്നലെ പവന്‍ വില ഒറ്റയടിക്ക് 800 രൂപ കുറഞ്ഞിരുന്നു. വില ഇനിയും കുറയുമെന്ന കണക്കുകൂട്ടലുകള്‍ക്കിടെയാണ്, പിറ്റേന്നു തന്നെ തിരിച്ചുകയറിയത്.

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

കൊല്ലം: മടത്തറയില്‍ ആടിനെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. 25 കാരനായ അല്‍ത്താഫാണ് മരിച്ചത്.

ഇന്ന് 12 മണിയോടുകൂടിയാണ് അല്‍ത്താഫ് കിണറ്റിലിറങ്ങിയത്. ഓക്‌സിജന്റെ ലെവല്‍ താഴുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്്‌സ് സംഘം സ്ഥലത്തെത്തിയത്.

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു നാലാം ക്ലാസുകാരന് ദാരുണാന്ത്യം

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു നാലാം ക്ലാസുകാരന് ദാരുണാന്ത്യം

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കോട്ടയം കരൂർ സ്വദേശി ബിജു പോളിൻ്റ മകൻ ലിജു (10) ആണ് മരിച്ചത്. രാവിലെ 10.30ഓടെയാണ് സംഭവം.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ കാൽ വഴുതി വീണത്. ഉടൻ തന്നെ നാട്ടുകാർ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത ദിവസം ആദ്യ കുർബാന സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലിജു.