കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു നാലാം ക്ലാസുകാരന് ദാരുണാന്ത്യം

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു നാലാം ക്ലാസുകാരന് ദാരുണാന്ത്യം

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കോട്ടയം കരൂർ സ്വദേശി ബിജു പോളിൻ്റ മകൻ ലിജു (10) ആണ് മരിച്ചത്. രാവിലെ 10.30ഓടെയാണ് സംഭവം.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ കാൽ വഴുതി വീണത്. ഉടൻ തന്നെ നാട്ടുകാർ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത ദിവസം ആദ്യ കുർബാന സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലിജു.

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

പാലക്കാട്: തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷാണ് (30) മരിച്ചത്. യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ കരടിഭാഗത്ത് എന്ന സ്ഥലത്ത് മരത്തില്‍നിന്ന് തേന്‍ എടുക്കുന്നതിനിടെ സുരേഷ് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ രാത്രി 11 മണിയോടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞു. കൊടുവായൂരിന് സമീപത്താണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കുഴല്‍മന്ദത്തുനിന്ന് ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട്: യുവാവ് കുഴഞ്ഞു വീണു മരിച്ചു. മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസിൽ ആർ ശബരീഷ് (27) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞാലെ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിച്ചത്.

കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്. ലാവലിൻ കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ‌ ദിപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരാണ് മറ്റ് അം​ഗങ്ങൾ. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

കൊല്ലം: കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു. ഓണാമ്പലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ വാച്ചറായ പത്തനംതിട്ട സ്വദേശി തുളസീധരന്‍ പിള്ള (63) ആണ് മരിച്ചത്. ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് തുളസീധരന് മിന്നലേറ്റത്. രണ്ട് വനിതാ ജീവനക്കാര്‍ക്കും മിന്നലേറ്റു.

വൈകീട്ട് 3.45ന് ആയിരുന്നു സംഭവം. സമീപത്തെ കടയില്‍നിന്നു ചായ കുടിച്ച ശേഷം തിരിച്ചു ഫാക്ടറിയിലേക്കു കയറി ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലേല്‍ക്കുകയായിരുന്നു. ഉടനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഗ്രേഡിങ് തൊഴിലാളികളായ പ്രസന്ന കുമാരി, ലില്ലി കുട്ടി എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇരുമ്പുകസേരയില്‍ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു ഇരുവരും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രസന്ന കുമാരിയെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡില്‍ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. കെഎസ്ആര്‍ടിസി ബസിനുളളിലെ ഡിവിആറിന്റെ റെക്കോര്‍ഡിങ്ങുള്ള മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ല എന്നും കന്റോണ്‍മെന്റ് സിഐ പറഞ്ഞു.

മെമ്മറി കാര്‍ഡ് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്ന് സിഐ വ്യക്തമാക്കി. ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കാമറകളാണ് ബസിനുളളിലുളളത്. ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നു. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും ഡ്രൈവര്‍ യദു പറയുന്നു.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടത്തിയത്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.