by liji HP News | May 1, 2024 | Latest News, കേരളം
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരം മുട്ടത്തറയില്‍ നടത്തിയ പരസ്യവിചാരണ ടെസ്റ്റില്‍ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. വിവിധ ജില്ലകളിലുള്ള 15 മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരെ വിളിച്ചുവരുത്തിയാണ് ടെസ്റ്റ് നടത്തിയത്. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് ടെസ്റ്റിന് നേതൃത്വം നല്‍കിയത്.
ദിവസവും 100 ഓളം പേർക്ക് ടെസ്റ്റ് നടത്തി ലൈസൻസ് കൊടുത്തു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തിയാണ് വകുപ്പ് പരസ്യ വിചാരണ ടെസ്റ്റ് നടത്തിയത്.
ഇത്രയും ടെസ്റ്റുകള്‍ എങ്ങനെ നടത്തിയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.
പരസ്യ ടെസ്റ്റ് പൂര്‍ത്തിയാക്കി ജോയിന്‍റ് കമ്മീഷ്‌ണർ റിപ്പോർട്ട് ഗതാഗത മന്ത്രിക്കു സമർപ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മന്ത്രി തുടര്‍നടപടി സ്വീകരിക്കും. ഇതാദ്യമായാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ഒരു ടെസ്റ്റ് നടത്തുന്നത്. രാവിലെ ഒൻപതു മുതല്‍ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് ഇവര്‍ എത്ര ടെസ്റ്റ് നടത്തുന്നു എന്നതാണ് പ്രധാനമായി പരിശോധിച്ചത്.

ഗതാഗത മന്ത്രിയുടെ നിർദേശം ലംഘിച്ച് ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തിയതിനാണു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്കു വിധേയമാക്കിയത്. കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. 2024 ജനുവരി മുതല്‍ മാർച്ച് വരെ 60 ടെസ്റ്റില്‍ കൂടുതല്‍ മിക്ക ഉദ്യോഗസ്ഥരും നടത്തിയതായി കണ്ടെത്തിയിരുന്നു.
ആകെയുള്ള 86 ഓഫീസുകളില്‍ 44 ഓഫീസുകളിലും 60ല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി. ഇതില്‍ 15 ഓഫീസുകളില്‍ ചില ഉദ്യോഗസ്ഥർ നൂറില്‍ കൂടുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് ഒരു ബാച്ചില്‍ നടത്തിയിരുന്നു. ഇവർക്കായാണ് പരസ്യവിചാരണ ടെസ്റ്റ് നടത്തിയത്.
by liji HP News | May 1, 2024 | Latest News, കേരളം
മൂന്നാർ: മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഇന്നുമുതൽ പുഷ്പമേള. ദേവികുളം റോഡിൽ ഡിടിപിസിയുടെ കീഴിലുള്ള പാർക്കിലാണ് മേള തുടങ്ങുന്നത്. നൂറിലധികം വിദേശയിനം ചെടികൾ ഉൾപ്പെടെ 1500 ലധികം ഇനങ്ങളിലുള്ള പൂച്ചെടികളാണ് പാർക്കിലുള്ളത്.
രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 35 രൂപയുമാണ് നിരക്ക്. എല്ലാ ദിവസവും വൈകീട്ട് ആറുമുതൽ ഡിജെ, ഗാനമേള, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവ ഉണ്ടാകും.

by liji HP News | May 1, 2024 | Latest News, കേരളം
കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചുവന്ന കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത എന്നിവരെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്.
പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവരുന്ന കേസ്സിലാണ് ഇരുവരും പിടിയിലായത്.പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും വലയിലായത്.

പുത്തൂര്‍ മാവടി ക്ഷേത്രത്തിന് മുന്‍പില്‍ ബൈക്ക് നിര്‍ത്തുകയും സരിത ഭണ്ഡാരത്തിലെ പണം കവര്‍ന്ന്് ബൈക്കിന് പിന്നില്‍ കയറി ഇരുന്ന് പോകുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കൊട്ടിയം പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.നിരവധി ക്ഷേത്രമോഷണണക്കേസുകള്‍ ഇവരുടെ പേരിലുണ്ട്. പകല്‍ സമയങ്ങളില്‍ ബൈക്കിലെത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഇതിന് ശേഷം ആ പണം തീരുന്നത് വരെ എവിടെയെങ്കിലും മുറിയെടുത്ത് താമസിക്കും. എട്ട് വര്‍ഷമായി ഒരുമിച്ചാണ് മോഷണം. കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് ജീവിച്ച് വരുന്നതെന്നും പുത്തൂര്‍ പൊലീസ് പറഞ്ഞു. പ്രതികളെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
by Midhun HP News | May 1, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍ നടപ്പാക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണ് മാറ്റം. മന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ചെറിയ ഇളവുകള്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു.
റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി ‘എച്ച്’ ടെസ്റ്റ് നടത്തുക. പ്രതിദിന ടെസ്റ്റുകള്‍ 60 ആയി കുറച്ചു. പുതുതായി 40 പേര്‍ക്കും തോറ്റവര്‍ക്കുള്ള റീ ടെസ്റ്റില്‍ 20 പേര്‍ക്കുമാണ് അവസരം നല്‍കുക. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ്.
ആംഗുലര്‍ പാര്‍ക്കിങ് (വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍. ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സിലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്കു മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ സൈക്കിള്‍ ആണ്.
ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ എല്‍എംവി വിഭാഗം വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറയും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂള്‍ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയ ശേഷം മെമ്മറി കാര്‍ഡ് തിരികെ നല്‍കണം. ഡേറ്റ 3 മാസത്തേക്കു സൂക്ഷിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല. ലൈറ്റ് മോട്ടര്‍ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയര്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
by Midhun HP News | May 1, 2024 | Latest News, കേരളം
കൊച്ചി: ആലുവ ചൊവ്വര ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ പൊലീസ് പിടിയിൽ. മുഖ്യപ്രതി ഫൈസൽ ബാബു ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. സുനീർ, ഫൈസൽ, കബീർ, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ മൂന്നുപേർക്ക് അക്രമത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് സൂചിപ്പിച്ചു.
അക്രമം ആസൂത്രണം ചെയ്തത് കബീർ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. അക്രമികൾ ബൈക്കിലും കാറിലുമായിട്ടാണ് എത്തിയത്. അക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പൊലീസിന്റെ വലയിലായതായി റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. ഗുണ്ടകളുടെ ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുന്‍ പഞ്ചായത്ത് അംഗമായ പി സുലൈമാനാണ് വെട്ടേറ്റത്. പരിക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടാസംഘം വടിവാളും ഇരുമ്പ് കമ്പികളുമായി ആക്രമണം നടത്തുകയായിരുന്നു. ചുറ്റിക കൊണ്ട് സുലൈമാന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തി. തുടര്‍ന്ന് നെഞ്ചില്‍ ചവിട്ടുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വെട്ടേറ്റ സുലൈമാന്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായതെന്നാണ് വിവരം.
by Midhun HP News | May 1, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മെയ് 04 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Recent Comments