മുന്നേറ്റത്തില്‍ സഡന്‍ ബ്രേക്ക്; സ്വര്‍ണവില കുറഞ്ഞു, 50,000ന് മുകളില്‍ തന്നെ

മുന്നേറ്റത്തില്‍ സഡന്‍ ബ്രേക്ക്; സ്വര്‍ണവില കുറഞ്ഞു, 50,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ 50,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 50,400 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചാണ് സ്വര്‍ണവില ഇന്നലെ ഉയര്‍ന്നത്. വീണ്ടും ഉയരുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് 200 രൂപ കുറഞ്ഞത്. ആഗോളവിപണിയില്‍ സ്വര്‍ണവില കൂടുന്നതും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നു; വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്ത്

സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നു; വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്ത്

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് കോളജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിവുണ്ട്. അസ്വാഭാവിക സംഭവമാണെന്ന് തോന്നിയിരുന്നെങ്കിലും ആരും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ആന്റ് റാഗ്ങ് സ്‌ക്വാഡിന് കോളജിലെ 2020 ബാച്ചിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനത്തിന് വിധേയനായത് അറിഞ്ഞിരുന്നില്ലെന്നാണ് കോളജ് അധികൃതര്‍ വിശദീകരിച്ചിരുന്നത്. ഹോസ്റ്റല്‍ അന്തേവാസികള്‍ ആരും വിവരം അറിയിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്തു വന്നതോടെ, കോളജ് അധികൃതരുടെ ഇടപെടലും അന്വേഷണ വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്.

സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജ് ഡീന്‍ എംകെ നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ആദ്യയോഗം അടുത്തയാഴ്ച ചേരും. കമ്മീഷന്‍ തലവനായ ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദ് ഡല്‍ഹിയില്‍ നിന്നെത്തിയ ശേഷമാകും യോഗം ചേരുക.

ചൂട് ഉയർന്നു തന്നെ; 12 ജില്ലകളിൽ മുന്നറിയിപ്പ്

ചൂട് ഉയർന്നു തന്നെ; 12 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇടുക്കി, വയനാട് ഒഴികെ സംസ്ഥാനത്ത് 12 ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് ഉഷ്ണം ഉയർന്നു തന്നെ നിൽക്കുക. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇതിനൊപ്പം എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. നേരിയ മഴയാണ് പ്രവചിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി ഉയർന്ന തിരമാല മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ പ്രവചിക്കുന്നത്.

കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഈ മാസം അഞ്ച് വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അക്ഷരോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു

അക്ഷരോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ‘അക്ഷരോത്സവം’ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തതെന്നും അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരണത്തെ എതിര്‍ക്കുന്നതായും കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു.

‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നു. പ്രോഗ്രാമില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേരുള്‍പ്പെടുത്തി ക്ഷണപത്രം അയച്ചത്. കഴിഞ്ഞതവണ സഹമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ല. എന്നാല്‍ അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു.’ കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു.

അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാന്‍ രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നതായും ഈ സാഹചര്യത്തില്‍ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്കാദമിയുടെ രാഷ്ട്രീയ വത്കരണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ഹാഷിം ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി കൊലപ്പെടുത്തി; അന്വേഷണം ആവശ്യപ്പെട്ട് അനുജയുടെ കുടുംബം പരാതി നല്‍കി

ഹാഷിം ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി കൊലപ്പെടുത്തി; അന്വേഷണം ആവശ്യപ്പെട്ട് അനുജയുടെ കുടുംബം പരാതി നല്‍കി

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ യുവാവിനെതിരെ മരിച്ച യുവതിയുടെ കുടുംബം രംഗത്ത്. ഹാഷിം ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനുജയുടെ കുടുംബം ആരോപിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അനുജയുടെ കുടുംബം പരാതി നല്‍കി. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസിലെ അധ്യാപികയാണ് മരിച്ച അനുജ.

അതേസമയം അപകടത്തില്‍ അധ്യാപികയും സുഹൃത്തും മരിച്ച സംഭവത്തില്‍ അവസാന 15 മിനിറ്റില്‍ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, സിഡിആര്‍ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട വാഹനം ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു.

അപകടത്തില്‍ തകര്‍ന്ന കാറില്‍ നിന്നും മദ്യക്കുപ്പികളും ഹാഷിമിന്റെയും അനുജയുടേയും മൊബൈല്‍ ഫോണുകളും കണ്ടെടുത്തിരുന്നു. രണ്ടു മാസം മുമ്പാണ് ഹാഷിം കാര്‍ വാങ്ങിയത്. എയര്‍ബാഗ് ഉള്ള മോഡല്‍ ആയിരുന്നില്ല കാര്‍. സ്വകാര്യ ബസ് ഡ്രൈവര്‍ ആയിരുന്ന ഹാഷിം, അപകടസമയത്ത് കാര്‍ ബ്രേക്ക് ചെയ്തിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, മകന് താല്‍ക്കാലിക ജോലി; ഒറ്റയാനെ വെടിവെച്ചു കൊല്ലാന്‍ ശുപാര്‍ശ

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, മകന് താല്‍ക്കാലിക ജോലി; ഒറ്റയാനെ വെടിവെച്ചു കൊല്ലാന്‍ ശുപാര്‍ശ

പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്നു തന്നെ നല്‍കും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് ജോലി സ്ഥിരമാക്കും.

ബിജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും. ഓട്ടോ ഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഒറ്റയാനെ വെടിവെച്ചു കൊല്ലാനും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെന്‍ഡ് ചെയ്യണണെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ബിജുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കണമല ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്‌റ്റേഷനു മുന്നില്‍ സമരം തുടങ്ങിയതിന് പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്‌റ്റേഷനിലേക്കെത്തിയത്.

പ്രതിഷേധക്കാരും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. യോ​ഗതീരുമാനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ബിജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.