by liji HP News | Apr 1, 2024 | Latest News, കേരളം
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്. അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമിന്റെ ഭാഗമായി നടി ഭാവനയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബാങ്കിന്റെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ആര് വിളിച്ചാലും ബാങ്കിങ് വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഷോര്‍ട്ട്ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ തേടി വിളിക്കില്ല. അതിനാല്‍ ഇത്തരം കോളുകളില്‍ വഞ്ചിതരാകരുതെന്നും നിതാന്ത ജാഗ്രത പാലിക്കണമെന്നും ഷോര്‍ട്ട്ഫിലിം മുന്നറിയിപ്പ് നല്‍കുന്നു. സോഷ്യല്‍മീഡിയ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപിക്കരുതെന്നും നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുതെന്നുമുള്ള കുറിപ്പോടെ ഫെയ്‌സ്ബുക്കിലൂടെയാണ് ഷോര്‍ട്ട്ഫിലിം കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

by liji HP News | Apr 1, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതിനിടെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വേഗത സെക്കന്‍ഡില്‍ 05 cm നും 20 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by liji HP News | Apr 1, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണ വില സകല റെക്കോർഡുകളും ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 680 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 50880 രൂപ നൽകണം. ഗ്രാമിന് 85 രൂപ ഉയർന്ന് വില 6360 ആയി. ഏപ്രിൽ ആദ്യ ദിനം തന്നെ വില ചരിത്രത്തിലില്ലാത്ത തലത്തിലേക്ക് ഉയർന്നത് കണ്ട് ആശങ്കയിലാണ് ഉപഭോക്താക്കൾ. വിവാഹ സീസണിൽ വില ഉയർന്ന് നിൽക്കുന്നത് വിപണിയെയും ബാധിച്ചേക്കും.

നേരത്തെ സ്വർണം വാങ്ങാൻ അര ലക്ഷം രൂപ നൽകേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു സ്വർണാഭരണ പ്രേമികൾ. ഇത് ഇരട്ടിപ്പിക്കുന്നതാണ് ഇന്നത്തെ വിലക്കയറ്റം.മാർച്ച് 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ് അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയതും വില അരലക്ഷം കടന്നതും കണ്ട് ഞെട്ടലിലാണ് ഉപഭോക്താക്കൾ. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം നിക്ഷേപകർ വൻതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.
by liji HP News | Apr 1, 2024 | Latest News, കേരളം
ആദായ നികുതി നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പണം ഉടൻ തിരിച്ചടക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ജൂലൈ 24ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.
ആദായ നികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. നികുതി ഇനത്തിൽ 3567 കോടി രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്നായിരുന്നു നോട്ടീസിൽ വ്യക്തമാക്കിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്ന് നികുതി കുടിശ്ശിക ഉടൻ പിരിക്കില്ലെന്നാണ് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നടപടിയും ഉണ്ടാവില്ല. ആദായനികുതി വകുപ്പിന്റെ ഈ നടപടിയിൽ ഏറ്റവും കൂടുതൽ ആശ്വാസം കോൺഗ്രസിനാണ്. നികുതി ഇനത്തിൽ 3567 കോടി രൂപ കുടിശ്ശിക വരുത്തിയ ഇനത്തിൽ കോൺഗ്രസ് അടയ്ക്കാനുണ്ട്. തിരഞ്ഞെടുപ്പടുക്കാനിരിക്കെ കോൺഗ്രസിന്റെ അക്കൗണ്ടുകൾ കൂടി മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ഇത് കോൺഗ്രസിന് തിരിച്ചടിയായി.

പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് നൽകിയ ഹർജി ബി.വി കാകർ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ വൈകിയതിൽ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയായിരുന്നു ഹർജി.
അതേസമയം 3500 കോടി നികുതി കുടിശ്ശികയുണ്ടെന്നറിയിച്ച സോളിസിറ്റർ ജനറൽ, വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും ലാഭമുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും കോൺഗ്രസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. 135 കോടിയിടെ സ്വത്തുക്കൾ ഇപ്പോൾ തന്നെ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ആദായ നികുതി വകുപ്പിൽ നിന്ന് മൂന്ന് ദിവസത്തിനിടെ 3567.25 കോടിയുടെ നോട്ടീസായിരുന്നു കോൺഗ്രസിന് ലഭിച്ചത്. 11 കോടി രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് സിപിഐയ്ക്കും നോട്ടീസയച്ചിരുന്നു. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പഴയ പാൻ കാർഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സിപിഐ. കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.
by liji HP News | Apr 1, 2024 | Latest News, കേരളം
ഡൽഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഡൽഹി റൗസ് അവന്യു കോടതി ഉത്തരവിട്ടു. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക.
കെജ്‍രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തിൽ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ഭാവിയിൽ തങ്ങൾക്ക് കസ്റ്റഡി ആവശ്യമായിവരുമെന്നും ഇഡി വ്യക്തമാക്കി. കെജ്‍രിവാൾ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഡിവൈസുകളുടെ പാസ്‌വേഡുകൾ നൽകിയിട്ടില്ലെന്നും ചോദ്യങ്ങൾക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ പറഞ്ഞു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെജ്‍രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്.
by liji HP News | Apr 1, 2024 | Latest News, കേരളം
ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന ആത്മാനന്ദൻ (77) അന്തരിച്ചു. സംസ്കാരം ഇന്ന് പകൽ മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് രാവിലെ 9. 30 നു വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ: എസ് സത്മം (റിട്ട: എച്ച് എം, ബി വി യു പി എസ് കീഴാറ്റിങ്ങൽ)
മക്കൾ: ഡോക്ടർ. എ എസ് രേഖ, എ ആദർശ് (യു കെ)
മരുമക്കൾ: പ്രവീൺ ശശികുമാർ (സിംഗപ്പൂർ), എൽ എസ് സംഗീത(യുകെ)
Recent Comments