by liji HP News | Apr 1, 2024 | Latest News, കേരളം
ഡൽഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഡൽഹി റൗസ് അവന്യു കോടതി ഉത്തരവിട്ടു. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക.
കെജ്‍രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തിൽ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ഭാവിയിൽ തങ്ങൾക്ക് കസ്റ്റഡി ആവശ്യമായിവരുമെന്നും ഇഡി വ്യക്തമാക്കി. കെജ്‍രിവാൾ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഡിവൈസുകളുടെ പാസ്‌വേഡുകൾ നൽകിയിട്ടില്ലെന്നും ചോദ്യങ്ങൾക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ പറഞ്ഞു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെജ്‍രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്.
by liji HP News | Apr 1, 2024 | Latest News, കേരളം
ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന ആത്മാനന്ദൻ (77) അന്തരിച്ചു. സംസ്കാരം ഇന്ന് പകൽ മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് രാവിലെ 9. 30 നു വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ: എസ് സത്മം (റിട്ട: എച്ച് എം, ബി വി യു പി എസ് കീഴാറ്റിങ്ങൽ)
മക്കൾ: ഡോക്ടർ. എ എസ് രേഖ, എ ആദർശ് (യു കെ)
മരുമക്കൾ: പ്രവീൺ ശശികുമാർ (സിംഗപ്പൂർ), എൽ എസ് സംഗീത(യുകെ)
by liji HP News | Apr 1, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയായി. കൊച്ചിയില്‍ 1775 രൂപയാണ് പുതുക്കിയ സിലിണ്ടര്‍ വില.
അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലും വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. രണ്ടു മാസങ്ങളിലായി ഏകദേശം 40 രൂപയാണ് വര്‍ധിപ്പിച്ചത്.

by liji HP News | Apr 1, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെ അപ്രതീക്ഷിത കടലാക്രമണത്തിന് കാരണം കള്ളക്കടല്‍ പ്രതിഭാസം. രണ്ട് ദിവസം കൂടി കള്ളക്കടല്‍ പ്രതിഭാസം തുടരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീര പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
എന്താണ് കള്ളക്കടല്‍
അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണ ഫലമായോ ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ഇതു രണ്ടുമല്ലാതെയുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. പ്രത്യേകിച്ച് യാതൊരു ലക്ഷണവുമില്ലാതെയാകും തിരമാലകള്‍ ആഞ്ഞടിക്കുക. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. സുനാമിയുമായി സമാനമാണ് ഇത്. കള്ളക്കടല്‍ രൂപപ്പെടുന്നതോടെ തീരം ഉള്ളിലോട്ടു വലിയും. പിന്നീടു വന്‍ തിരമാലകള്‍ തീരത്ത് അടിച്ചുകയറുകയാണ് ചെയ്യുക.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം
രണ്ട് ദിവസം കൂടി കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും മുന്നറിയിപ്പ് തുടരും.
by liji HP News | Apr 1, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ദേശീയപാതകളില്‍ ടോള്‍ നിരക്ക് കൂടിയില്ല. ഏപ്രില്‍ ഒന്നില്‍ നിരക്ക് കൂടാറുള്ള പാതകളില്‍ പഴയ നിരക്ക് മാത്രമാണ് ഈടാക്കുന്നത്. കൂട്ടിയ ടോള്‍ പിരിക്കാനുള്ള സന്ദേശം എന്‍എച്ച്എഐ ബാങ്കുകള്‍ക്ക് നല്‍കിയില്ല എന്നാണ് വിവരം. വാളയാര്‍, പന്നിയങ്കര, കുമ്പളം ടോളുകളിലാണ് ഇന്ന് നിരക്ക് കൂടേണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നിരക്ക് വര്‍ധന നടപ്പാക്കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

by liji HP News | Apr 1, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജില്‍ ഈ മാസവും മാറ്റമില്ല. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജായി ഈ മാസവും ഈടാക്കുക.
വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസയും കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കുന്ന 10 പൈസയും ഉള്‍പ്പെടെയാണിത്. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം കരാറുകള്‍ക്ക് പുറത്ത് ആവശ്യകത അനുസരിച്ച് വൈദ്യുതി വാങ്ങാന്‍ ചെലവഴിച്ച തുകയാണ് സര്‍ചാര്‍ജായി അടുത്ത മാസം ഈടാക്കുന്നത്. സര്‍ചാര്‍ജ് കൂട്ടണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല.
Recent Comments