തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി, വീണ്ടും കാട്ടാന ആക്രമണം; 50കാരന്‍ മരിച്ചു

തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി, വീണ്ടും കാട്ടാന ആക്രമണം; 50കാരന്‍ മരിച്ചു

പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കലക്ടര്‍ എത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

റീല്‍സിട്ട് സൗഹൃദത്തിലാവും, വിവാഹവാഗ്ദാനം നല്‍കി പീഡനം പതിവാക്കി: ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടി, അറസ്റ്റ്

റീല്‍സിട്ട് സൗഹൃദത്തിലാവും, വിവാഹവാഗ്ദാനം നല്‍കി പീഡനം പതിവാക്കി: ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടി, അറസ്റ്റ്

ആലപ്പുഴ: യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി പീരുമേട് കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ അജിത്ത് ബിജു (28) ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷമായിരുന്നു പീഡനം.

ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വിഡിയോകൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയുമായിരുന്നു. രണ്ട് വർഷം മുൻപു നടന്ന സംഭവത്തിൽ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ചതോടെയാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നൽകിയത്.

യുവതികളുമായി ചങ്ങാത്തത്തിലാകുന്ന പ്രതി ഇവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. അജിത്ത് ബി.കൃഷ്ണ നായർ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ പോസ്റ്റ് ചെയ്യുന്ന റീൽസിലൂടെയാണ് ഇയാൾ യുവതികളുമായി സൗഹൃ‍ദം സ്ഥാപിച്ചിരുന്നത്.പ്രതിക്കെതിരെ മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ജയിൽശിക്ഷ അനുഭവിച്ചതാണ്. ഈ കേസിൽ ജാമ്യമെടുത്ത് പലയിടത്തായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടയിലും ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു. കൂടുതൽ യുവതികളെ ഇത്തരത്തിൽ വഞ്ചിച്ചതായി പൊലീസ് സംശയിക്കുന്നു.

മുൻ ദേശീയ ബാസ്കറ്റ് ബോൾ താരം താമസസ്ഥലത്ത് മരിച്ച നിലയിൽ

മുൻ ദേശീയ ബാസ്കറ്റ് ബോൾ താരം താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ: മുൻ ദേശീയ ബാസ്‌കറ്റ് ബോൾ താരം താമസസ്ഥലത്ത് മരിച്ച നിലയിൽ. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ കൂടിയായ ചന്ദനക്കാംപാറ വെട്ടത്ത് ബൊബിറ്റ് മാത്യു (42)വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൂർ സൗത്ത് ബസാർ– കക്കാട് റോഡിൽ പാലക്കാട് സ്വാമി മഠത്തിന് സമീപത്തെ ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിൽ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയിൽ‌ കണ്ടത്. ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫിസിലെ സ്പോർട്സ് അസിസ്റ്റന്റായിരുന്നു. തനിച്ചായിരുന്നു താമസം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ത്യൻ ജൂനിയർ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂർണമെന്റുകളിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയർലൻഡ്). മകൻ: എയ്ഞ്ചലോ.

ജനറല്‍ ആശുപത്രിയില്‍ പിതാവിനെ കാണാനെത്തിയ പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍*

ജനറല്‍ ആശുപത്രിയില്‍ പിതാവിനെ കാണാനെത്തിയ പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍*

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് മരിച്ചത്. പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം. സിംനയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതാണ് സിംന. ആശുപത്രിയില്‍ എത്തിയ പ്രതി സംസാരിക്കുന്നതിനിടെ, കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായാണ് സിംനയ്ക്ക് മരണം സംഭവിച്ചത്.

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ജാമ്യമില്ലാ കേസ്

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: ആൽഎൽവി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. യുട്യൂബ് ചാനൽ അഭിമുഖത്തില്‍ സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ എസ്‌സി /എസ്‌ടി പീഡന നിരോധന നിയമം പ്രകാരമാണ് കേസ്.

യുട്യൂബ് ചാനൽ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശങ്ങൾ നടത്തിയത്. പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ രാമകൃഷ്ണൻ പറയുന്നത്. അഭിമുഖംനൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കിയിരുന്നു. അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്ക് പട്ടികജാതി–പട്ടികവർഗ കമ്മിഷൻ കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ഡിജിപി എസ്.ദർവേഷ് സാഹിബിന് നൽകിയ നിർദേശത്തിൽ അവശ്യപ്പെട്ടത്

ആലപ്പുഴയിൽ വീണ്ടും കടൽ ഉൾവലിഞ്ഞു, തീരത്ത് ചെളി; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴയിൽ വീണ്ടും കടൽ ഉൾവലിഞ്ഞു, തീരത്ത് ചെളി; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: പുറക്കാട് വീണ്ടും കടൽ ഉൾവലിഞ്ഞത് ആശങ്ക വർധിപ്പിച്ചു. തീരത്ത് നിന്ന് 25 മീറ്ററോളം ദൂരം ചെളിയടിഞ്ഞു.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുൻപും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിരുന്നു. അന്ന് 300 മീറ്ററോളം ദൂരമാണ് ചെളിയടിഞ്ഞത്. തീരത്ത് രണ്ടു വശങ്ങളിലുമായി ഒരു കിലോമീറ്റർ‌ ഭാ​ഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇത് സാധാരണ പ്രതിഭാ​സമാണെന്നാണ് അന്ന് വിദ​ഗ്ധർ പറഞ്ഞത്. മൂന്ന് ദിവസത്തിനകം കടൽ പൂർവ്വസ്ഥിതിയിലായി. കൂടാതെ പ്രദേശത്ത് ചാകര ലഭിക്കുകയും ചെയ്തു. ഇത്തവണ അത്രയും രൂക്ഷമല്ല കാര്യങ്ങൾ എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തീരത്ത് രണ്ടുവശങ്ങളിലുമായി 500മീറ്ററോളം ഭാ​ഗത്താണ് ചെളിയടിഞ്ഞത്. കഴിഞ്ഞ തവണത്തേത്തിന്റെ അത്രയും കടൽ ഉൾവലിയുകയും ചെയ്തിട്ടില്ല. എന്നാൽ ചെളിയടിഞ്ഞത് കാരണം ചാകര നഷ്ടപ്പെടുമോ എന്ന ആശങ്ക മത്സ്യത്തൊഴിലാളികളുടെ ഇടയിലുണ്ട്.