കുടിവെള്ള പൈപ്പ് പൊട്ടി, കഴക്കൂട്ടത്ത് ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു

കുടിവെള്ള പൈപ്പ് പൊട്ടി, കഴക്കൂട്ടത്ത് ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു. രാവിലെ 8.30 നായിരുന്നു സംഭവം. ദേശീയപാത നിർമ്മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാൻസ്ഫോർമറാണ് റോഡിലേക്ക് മറിഞ്ഞു വീണത്. കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടർന്ന് ബസ്സുകളടക്കമുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

അയ്യപ്പന് പമ്പയിൽ ആറാട്ട്; ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

അയ്യപ്പന് പമ്പയിൽ ആറാട്ട്; ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

പത്തനംതിട്ട: ശബരിമല ഉത്സവത്തിനു ഇന്ന് കൊടിയിറങ്ങും. ഇന്ന് ആറാട്ടോടെയാണ് കൊടിയിറക്കം. അയ്യപ്പന് പമ്പയിലാണ് ആറാട്ട്. രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തി അയ്യപ്പ ചൈതന്യം ആവാഹിച്ച തിടമ്പ് ആനപ്പുറത്തേറ്റും. വാദ്യാഘോഷങ്ങളോടെ പമ്പയിലേക്ക് പുറപ്പെടും. പ്രത്യേകം തയ്യാറാക്കിയ കടവിലാണ് ആറാട്ട് ചടങ്ങുകൾ.

11.30 മുതലാണ് ആറാട്ട് ചടങ്ങുകൾ ആരംഭിക്കുക. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേൽശാന്തി പിഎൻ മഹേഷ് മ്പൂതിരിയും മുഖ്യ കാർമികത്വം വഹിക്കും.

നാല് മണി വരെ പമ്പ ​ഗണപതി ക്ഷേത്രത്തിലെ നടപ്പന്തലിൽ ഭക്തർക്കു ഭ​ഗവാനെ കണ്ടു തൊഴാം. പറയും സമർപ്പിക്കാം. അഞ്ച് മണിയോടെ ഘോഷയാത്ര തിരികെ സന്നിധാനത്തേക്ക് മടങ്ങും. തുടർന്നു ഉത്സവം കൊടിയിറങ്ങും. ശ്രീകോവിലിൽ കലശം, ദീപാരാധന എന്നിവയ്ക്കു ശേഷം രാത്രിയോടെ നടയടയ്ക്കും.

ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയാണ് അപകടം.

ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

മോദി വീണ്ടും എത്തുന്നു; തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ പ്രചാരണ പരിപാടി

മോദി വീണ്ടും എത്തുന്നു; തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ പ്രചാരണ പരിപാടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. എൻഡിഎ സ്ഥാനാർഥികളുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രിൽ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദർശനം. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്.

സമീപ കാലത്ത് അഞ്ച് തവണയാണ് മോ​ദി കേരളത്തിലെത്തിയത്. തൃശൂർ, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികൾ.

തൃശൂരില്‍ പാല്‍ കറക്കുന്നതിനിടെ ഷോക്കേറ്റ് നാലു പശുക്കള്‍ ചത്തു; ഉടമസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂരില്‍ പാല്‍ കറക്കുന്നതിനിടെ ഷോക്കേറ്റ് നാലു പശുക്കള്‍ ചത്തു; ഉടമസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: പാല്‍ കറക്കുന്നതിനിടെ നാലു പശുക്കള്‍ ഷോക്കേറ്റ് ചത്തു. പശുക്കളെ കറന്നുകൊണ്ടിരുന്ന ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂര്‍ ചേര്‍പ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരന്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള പശുക്കളാണ് ഷോക്കേറ്റ് ചത്തത്. തോമസിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് പശുക്കളില്‍ നാലെണ്ണമാണ് ചത്തത്. തോമസിന്റെ ഏക വരുമാനമാര്‍ഗ്ഗമായിരുന്നു ഈ കന്നുകാലികള്‍.

തോമസിന്റെ വീടിന് പിന്നിലുള്ള തൊഴുത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ സംഭവം. മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാന്‍ ശ്രമിക്കുന്നതിനിടെ പശുക്കള്‍ എല്ലാം ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാല്‍പാത്രം തോമസിന്റെ കയ്യില്‍ നിന്ന് തെറിച്ചു വീണു. ഷോക്കേറ്റ് ദേഹം തരിച്ചുവെങ്കിലും തനിക്ക് മറ്റ് പരിക്കുകളെന്നും ഏറ്റില്ലെന്ന് തോമസ് പറഞ്ഞു. അത്ഭുതകരമായാണ് തോമസ് രക്ഷപ്പെട്ടത്.

പശുക്കളെ കറക്കുന്ന സമയത്ത് തൊഴുത്തില്‍ ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായിരുന്നു. ഇരുമ്പ് ഷീറ്റ് കൊണ്ട് മേല്‍ക്കൂരയുള്ള തൊഴുത്തില്‍ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്പ് കൊണ്ടാണ് പണിതിട്ടുള്ളത്. മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഫാനില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കറന്റ് ഇവിടേക്ക് പ്രവഹിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ്; തുറന്നു നോക്കിയപ്പോള്‍ 16 സോപ്പു പെട്ടികളില്‍ ഹെറോയിന്‍

ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ്; തുറന്നു നോക്കിയപ്പോള്‍ 16 സോപ്പു പെട്ടികളില്‍ ഹെറോയിന്‍

പാലക്കാട്: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ലഹരി മരുന്നു. എറണാകുളം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നു ഹെറോയിന്‍ പിടിച്ചെടുത്തു. ട്രയിന്‍ ഒലവക്കോട് സ്‌റ്റേഷനിലെത്തിയപ്പോഴാണ് 164 ഗ്രാം ഹെറോയിന്‍ പിടികൂടിയത്.

ട്രെയിനിന്റെ മുന്‍വശത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ലഗേജ് കാരിയറിലാണ് കറുത്ത ഷോള്‍ഡര്‍ ബാഗ് ഉമസ്ഥനില്ലാതെ കണ്ടത്.സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എക്‌സൈസ് മയക്കു മരുന്നു കണ്ടെത്തിയത്. ബാഗില്‍ വിവിധ നിറങ്ങളിലുള്ള 16 സോപ്പു പെട്ടികളില്‍ പ്ലാസ്റ്റിക്ക് കവറുകളിലായിട്ടാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.

എക്‌സൈസും ആര്‍പിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്. ലഹരി മരുന്നു കൊണ്ടു വന്നവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.