മുൻഭാര്യയെ കുടുക്കാൻ കാറിൽ എംഡിഎംഎ ഒളിപ്പിച്ച് പൊലീസിനെ അറിയിച്ചു; അന്വേഷണത്തിൽ യുവാവിന്റെ കള്ളക്കളി പൊളിഞ്ഞു

മുൻഭാര്യയെ കുടുക്കാൻ കാറിൽ എംഡിഎംഎ ഒളിപ്പിച്ച് പൊലീസിനെ അറിയിച്ചു; അന്വേഷണത്തിൽ യുവാവിന്റെ കള്ളക്കളി പൊളിഞ്ഞു

കോഴിക്കോട്: മുൻ ഭാര്യയെയും ഭർത്താവിനെയും മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് പൊലീസ് പിടിയിലായത്. ഒഎൽഎക്‌സിൽ വിൽപനയ്ക്ക് വെച്ച മുൻ ഭാര്യയുടെയും ഭർത്താവിന്റെയും കാറിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് പൊലീസിനെ കൊണ്ടു പിടിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി 10,000 രൂപ കൊടുത്ത് ചീരാൽ സ്വദേശി മോൻസി എന്നയാളെ ഏൽപ്പിച്ചു.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതിലൂടെയാണ് യുവാവിന്‍റെ കള്ളക്കളി പുറത്തായത്. വില്‍പനയ്ക്കായി ഒഎല്‍എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ചു പൊലീസിന് വിവരം നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ബത്തേരി സ്‌റ്റേഷനില്‍ ലഭിച്ചതിന് പിന്നാലെ പൊലീസ് കോട്ടക്കുന്ന് ജംക്ഷനിൽ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.

ചോദ്യംചെയ്യലില്‍ ദമ്പതികൾ നിരപരാധികളാണെന്ന് പൊലീസ് കണ്ടെത്ത. ഒഎല്‍എക്‌സില്‍ വില്‍പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവണ്‍ എന്നയാൾക്കു കൊടുക്കാന്‍ പോയതാണെന്ന് ദമ്പതികൾ പറഞ്ഞതോടെ ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ്, നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപ്പേരാണെന്നു പൊലീസ് കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് ബാദുഷ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.

കരുതിയിരിക്കുക, കനത്ത ചൂട് കുറയില്ല; 10 ജില്ലകളിൽ മുന്നറിയിപ്പ്

കരുതിയിരിക്കുക, കനത്ത ചൂട് കുറയില്ല; 10 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു കനത്ത ചൂട് തന്നെ. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും വരെയാണ് നിലവിൽ മുന്നറിയിപ്പുള്ളത്.

പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6035 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 48,280 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കുറഞ്ഞ് 5010. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന ഊഹാപോഹം പരന്നുതുടങ്ങിയിട്ട് നാളുകളേറെയായി.

ഇന്ത്യയിൽ റിസർവ് ബാങ്ക് പോലെ അമേരിക്കയിൽ അടിസ്ഥാന നിരക്കുകളും ധനനയവുമൊക്കെ നിശ്ചയിക്കുന്ന കേന്ദ്ര ബാങ്കാണ് ഫെഡറൽ റിസർവ്. ആ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ നിയമ നിർമാണ സഭയിലൊരു പ്രസ്താവന നടത്തി. ഈ വർഷം തന്നെ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന സൂചന ആ പ്രസംഗത്തിലുണ്ടായിരുന്നു.

തൊട്ടു പിന്നാലെ അമേരിക്കൻ ബോണ്ടുകളുടെ ആദായ നിരക്കും ഡോളർ സൂചികയും ഇടിഞ്ഞു. അവിടെ ആദായം കുറയുമെന്ന് തോന്നിയതോടെ ആളുകൾ സ്വർണത്തിലേക്ക് തിരിഞ്ഞു. കൂട്ടമായി അവർ സ്വർണ നിക്ഷേപത്തിലേക്ക് തിരിഞ്ഞതോടെ സ്വർണ വില കൂടാൻ തുടങ്ങി. സ്വർണമാണ് സുരക്ഷിതമെന്ന തോന്നൽ നിക്ഷേപകരിലുണ്ടാക്കാൻ പവലിന്റെ പ്രസ്താവനയ്ക്ക് കഴിഞ്ഞെന്ന് ചുരുക്കം. ഈ വില വർധന കുറേ നാളുകൾ കൂടി തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.

എംഎല്‍എയുടെ കാറിന് മുന്നില്‍ കാട്ടാനക്കൂട്ടം; റോഡില്‍ കുടുങ്ങിയത് ഒരു മണിക്കൂറിലേറെ നേരം

എംഎല്‍എയുടെ കാറിന് മുന്നില്‍ കാട്ടാനക്കൂട്ടം; റോഡില്‍ കുടുങ്ങിയത് ഒരു മണിക്കൂറിലേറെ നേരം

ചെന്നൈ: വാല്‍പ്പാറ എംഎല്‍എ അമുല്‍ കന്തസ്വാമിയുടെ വാഹനത്തിന് മുന്നില്‍ കാട്ടാനക്കൂട്ടം. പൊള്ളാച്ചി റോഡില്‍ അയ്യര്‍പാടിക്ക് സമീപമാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. എംഎല്‍എ വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചി പോകുന്നതിനിടെയാണ് റോഡില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയത്.

കുട്ടിയാനയുള്‍പ്പടെ ഏഴ് ആനകളാണ് ഒരു മണിക്കൂറിലേറെ നേരം റോഡില്‍ നിലയുറപ്പിച്ചത്. ഇതേ തുടര്‍ന്ന് എംഎല്‍എയുടെയും നിരവധി സഞ്ചാരികളുടെയും വാഹനം ഏറെ നേരം റോഡില്‍ കുടുങ്ങി. പിന്നീട് വനപാലകരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
പതിവായി കാട്ടാനകള്‍ ഇറങ്ങുന്ന സ്ഥലമാണ് ഈ പ്രദേശമെന്ന് നാട്ടുകാര്‍ പറയുന്നു. വാഹന ഗതാഗതം സുഗമാക്കിയിട്ടുണ്ട്.

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷ് (ജിത്തു-39) ആണ് പിടിയിലായത്. വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് പണം കട്ടാൻ ശ്രമിക്കുകയായിരുന്നു.വെളിയനാട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്. താൻ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് ലോൺ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്.

ഫ്രീലാൻസ് ജേണലിസ്റ്റായി ജോലിനോക്കിവരുന്ന ഇയാൾ രാമങ്കരി, എടത്വാ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പുകേസുകളിൽ പ്രതിയാണ്.പുളിങ്കുന്ന് പൊലീസ് ഇൻസ്പെക്ടർ യേശുദാസ്, സബ് ഇൻസ്പെക്ടർ എം.ജെ. തോമസ്, അസി. സബ് ഇൻസ്പെക്ടർ വിജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

ചാവക്കാട് ന​ഗരമധ്യത്തിൽ വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

ചാവക്കാട് ന​ഗരമധ്യത്തിൽ വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

തൃശൂർ: ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അ​ഗ്നിബാധയുണ്ടായത്. ഇന്ന് പുലർ‌ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമുണ്ടാകുന്നത്.

കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അസീസ് ഫുട്‌വെയറും ടിപ്പ് ടോപ്പ് ഫാന്‍സി ഷോപ്പും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും തീപിടിത്തമുണ്ടായി. കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകളും കത്തിനശിച്ചെങ്കിലും ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

അഗ്നിരക്ഷാസനേയുടെ എട്ട് യൂണിറ്റുകളെത്തിയാണ് പുലര്‍ച്ചെ നാലോടെ തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും തീ അണക്കാന്‍ രംഗത്തിറങ്ങി. തീപിടിത്തകാരണം വ്യക്തമായിട്ടില്ല. ആദ്യം പ്ലാസ്റ്റിക് ഉരുകുന്ന മണവും പുകയുമാണ് ഉണ്ടായതെന്നും പിന്നീട് തീ ആളിക്കത്തുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.