‘കണ്ണുകളെ വിശ്വസിക്കാനായില്ല’, ആലുവ- എറണാകുളം ദേശീയപാതയില്‍ പറന്ന് നടന്ന് അഞ്ഞൂറിന്റെ നോട്ടുകള്‍, വാരിക്കൂട്ടി ആളുകള്‍

‘കണ്ണുകളെ വിശ്വസിക്കാനായില്ല’, ആലുവ- എറണാകുളം ദേശീയപാതയില്‍ പറന്ന് നടന്ന് അഞ്ഞൂറിന്റെ നോട്ടുകള്‍, വാരിക്കൂട്ടി ആളുകള്‍

കൊച്ചി: ആലുവ- എറണാകുളം ദേശീയപാതയിലെ ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ എത്തിയവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. റോഡില്‍ നിറയെ അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്ന് നടക്കുന്ന കാഴ്ചയാണ് അവിടെ എത്തിയവര്‍ കണ്ടത്.

ഇന്നലെ രാവിലെയാണ് സംഭവം. കള്ളനോട്ടാകാമെന്ന നിഗമനത്തില്‍ ആദ്യം പലരും നോട്ടുകള്‍ എടുക്കാന്‍ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാള്‍ ലോട്ടറിക്കടയില്‍ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനല്‍ ആണെന്ന് വ്യക്തമായി. ഇതോടെ ആളുകളുടെ എണ്ണം കൂടി.ഒടുവില്‍ വാരിക്കൂട്ടാനുള്ള ധൃതിയായി എല്ലാവര്‍ക്കും. സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീര്‍ ചൂര്‍ണിക്കര പൊലീസില്‍ അറിയിച്ചു. പണം നഷ്ടപ്പെട്ടതായി പരാതിയുണ്ടെന്ന് പറഞ്ഞ് ആരും വന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഏതെങ്കിലും വാഹനത്തില്‍ നിന്നും പറന്നതാണോ മറ്റൊരെങ്കിലും പിന്തുടര്‍ന്നപ്പോള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.

പൂക്കോട് വെറ്ററിനറി കോളജില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ; 13 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

പൂക്കോട് വെറ്ററിനറി കോളജില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ; 13 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

വയനാട്: സിദ്ധാര്‍ഥന്റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാര്‍ത്ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലില്‍ നടപടിയുമായി പൂക്കോട് വെറ്ററിനറി കോളജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആന്റി റാഗിങ് സ്‌ക്വാഡ് സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആള്‍ക്കൂട്ട വിചാരണ പുറത്തറിഞ്ഞത്.

2019, 2021 ബാച്ചുകളില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന് ആന്റി റാഗിങ് സ്‌ക്വാഡ് കണ്ടെത്തി. 2021 ബാച്ചിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച നാലുപേര്‍ക്കെതിരെയും നടപടിയുണ്ട്. രണ്ട് പേര്‍ക്ക് ഒരുവര്‍ഷത്തെ സസ്‌പെന്‍ഷന്‍. മറ്റ് രണ്ട് പേരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കി. 2019 ബാച്ചിലെ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചവര്‍ പഠനം പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിലാണ്. ഇവരില്‍ നാല് പേര്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് വിലക്ക് ഏര്‍പ്പെടുത്തി. അഞ്ചുപേരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കി.

പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു രണ്ട് ആള്‍ക്കൂട്ട വിചാരണയും. എസ്എഫ്‌ഐ കോളജ് യൂണിയന്‍ മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ആന്റി റാഗിങ് സ്‌ക്വാഡിന്റെ കണ്ടെത്തല്‍ തുടരന്വേഷണത്തിനായി പൊലീസിന് കൈമാറും. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്നതിനിടെ ഒരു അധ്യാപകന് ലഭിച്ച വിവരം പരാതിയായി അദ്ദേഹം കോളേജ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.

സെര്‍വര്‍ തകരാര്‍; റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചതായി മന്ത്രി; ക്രമീകരണം ഒരുക്കും

സെര്‍വര്‍ തകരാര്‍; റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചതായി മന്ത്രി; ക്രമീകരണം ഒരുക്കും

തിരുവനന്തപുരം: സെര്‍വര്‍ പണിമുടക്കിയതിനാല്‍ റേഷന്‍ മസ്റ്ററിങ് തത്കാലം നിര്‍ത്തിയതായി മന്ത്രി ജിആര്‍ അനില്‍. മുന്‍ഗണനാ ക്രമത്തിലുള്ള മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് മസ്റ്ററിങ് നടത്താനുള്ള ക്രമീകരണം ഒരുക്കാനും മന്ത്രി നിര്‍ദേശിച്ചു. പിങ്ക്‌ കാര്‍ഡ് ഉള്ളവര്‍ക്ക് നാളെ മുതല്‍ മസ്റ്ററിങ് നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും. ഇന്നു ഉച്ചയോടെ സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ മസ്റ്ററിങ് നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. മുന്‍ഗണനാക്രമത്തിലുള്ള ചുവപ്പ് കാര്‍ഡ് ഉള്ളവര്‍ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികമുണ്ട്. അവര്‍ തിരിച്ചുപോകാതെ മസ്റ്ററിങിലേക്ക് പങ്കെടുക്കുന്ന നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ് നടക്കുന്നതിനാല്‍ മൂന്ന് ദിവസം അരിവിതരണം പൂര്‍ണമായി നിര്‍ത്തന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ നിര്‍ദേശം പാലിക്കാതെ അരിവിതരണം നടത്തിയെന്നും ഇന്ന് അരിവിതരണം സമ്പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഏത് റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിങ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. കിടപ്പു രോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരളടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി മസ്റ്ററിങ് നടത്താനാകൂ. ഇതിനാലാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. സ്ഥലസൗകര്യമുള്ള റേഷന്‍ കടകളില്‍ അവിടെ തന്നെ വെച്ചും, അല്ലാത്ത ഇടങ്ങളില്‍ റേഷന്‍ കടകള്‍ക്ക് സമീപമുള്ള അങ്കണവാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുമാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡുമാണ് മസ്റ്ററിങിന് വേണ്ടത്. മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; 48,000ന് മുകളില്‍ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 48,000ന് മുകളില്‍ തന്നെ

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 48,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6080 രൂപ.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം വര്‍ധിച്ച് ശനിയാഴ്ച 48,600 രൂപയായാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. തുടര്‍ന്ന് കഴിഞ്ഞദിവസം 320 രൂപ ഇടിഞ്ഞ ശേഷം ഇന്നലെ 200 രൂപ വര്‍ധിച്ച് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയ 9 കമ്പനികള്‍, സംഭാവന കിട്ടിയ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് ഇങ്ങനെ

ഇലക്ടറല്‍ ബോണ്ട് വാങ്ങിയ 9 കമ്പനികള്‍, സംഭാവന കിട്ടിയ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരില്‍ മുന്‍നിരയിലുള്ളത് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് ലിമിറ്റഡാണ്. 1368 കോടിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയിട്ടുള്ളത്.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവര്‍

മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 966 കോടി രൂപ

ക്വിക് സപ്ലൈ ചെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി രൂപ

വേദാന്ത ലിമിറ്റഡ് 400 കോടി രൂപ

ഹാല്‍ദിയ എലര്‍ജി ലിമിറ്റഡ് 377 കോടി രൂപ

ഭാരതി ഗ്രൂപ്പ് 247 കോടി രൂപ

എസ്സല്‍ മൈനിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്224 കോടി രൂപ

വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി 220 കോടി രൂപ

കെവന്റര്‍ ഫുഡ് പാര്‍ക് ഇന്‍ഫ്രാ ലിമിറ്റഡ് 195 കോടി രൂപ

മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി രൂപ

മരിച്ച വിധികർത്താവ് ഷാജി ഒന്നാംപ്രതി; കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്

മരിച്ച വിധികർത്താവ് ഷാജി ഒന്നാംപ്രതി; കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്

കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്. മരിച്ച വിധികർത്താവ് ഷാജിയാണ് ഒന്നാം പ്രതി. ജോമറ്റ്, സൂരജ് എന്നീ നൃത്ത പരിശീലകർ രണ്ടും മൂന്നും പ്രതികളാണ്. വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വിധി കർത്താവായ ഷാജി രണ്ടും മൂന്നും പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി. പ്രതികൾ പരിശീലിപ്പിച്ച വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകി. പ്രതികൾ കേരള സർവകലാശാല യോടും വിദ്യാർത്ഥികളോടും കുറ്റകരമായ വിശ്വാസവഞ്ചന ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു. കലോത്സവത്തിലെ കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യ ഹർജിയുമായി നൃത്ത പരിശീലകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് നൃത്ത അധ്യാപകരുടെ ആരോപണം. പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി.

യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് തങ്ങൾ പരിശീലിപ്പിച്ച ടീമിനാണ്. വിധികർത്താവിന് തങ്ങൾ കോഴ നൽകിയിട്ടില്ലെന്നും ആരോപണം പൊലീസ് കെട്ടിച്ചമച്ചതാണെന്നും അധ്യാപകർ പറയുന്നു. മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നാണ് അധ്യാപകരുടെ ആവശ്യം. കൺന്റോൺമെന്റ് പൊലീസ് നൃത്താധ്യാപകർക്ക് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്.

അതിനിടെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതാനെന്നും അതിനാലാണ് ജീവനൊടുക്കിയതാണെന്നുമാണ് വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത പറഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവർത്തിച്ചത്. മാനസിക സംഘർഷമാണ് ഷാജിയെ തളർത്തിയതെന്ന് സഹോദരൻ അനിൽകുമാറും മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആളുകൾ തന്നെയാണ് ഷാജിയെ കുടുക്കിയതെന്ന് മരിക്കുന്നതിന് മുൻപ് ഷാജി പറഞ്ഞതായി സഹോദരൻ പറഞ്ഞു. എന്നാൽ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.