by Midhun HP News | Mar 14, 2024 | Latest News, കേരളം
കൊച്ചി: ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ച് മാത്രം എടുത്തില്ലെങ്കില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയേക്കാമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.
‘മറുവശത്ത് നിന്ന് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും. സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും. അതിനാല്‍ അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
ഹണിട്രാപ്പില്‍ പെടുന്നത് ചിലപ്പോള്‍ നമ്മള്‍ അറിയാതെ വേണമെങ്കിലും ആകാം. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക.
മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും.
സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും.
ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്.തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ല്‍ അറിയിച്ചാല്‍ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്
by Midhun HP News | Mar 14, 2024 | Latest News, കേരളം
തൃശൂർ: പൊലീസ് ജീപ്പ് തല്ലിത്തകർത്തതുൾപ്പെടെ എട്ട് കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെ (30) ചാലക്കുടി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. ഡിഐജി അജിത ബീഗത്തിന്റെ നിർദ്ദേശത്തിലാണ് നടപടി. ആറ് മാസത്തേക്കാണ് നാടുകടത്തിയത്.
കഴിഞ്ഞ ഡിസംബർ 22നാണ് ചാലക്കുടി ഗവ. ഐടിഐക്കു മുന്നിൽ ഇയാൾ പൊലീസ് ജീപ്പിന്റെ മുകളിൽ മറ്റു പ്രവർത്തകർക്കൊപ്പം കയറി നിന്നു ആക്രമണം നടത്തിയത്. സംഭവ ദിവസം തന്നെ പൊലീസ് നിധിനെ പിടികൂടിയിരുന്നു. എന്നാൽ സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവർ ബലമായി മോചിപ്പിച്ചു.
ഒളിവിലായിരുന്ന ഇയാളെ പൊലീസ് പിന്നീട് പിടികൂടി. 54 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ശേഷമാണ് ജാമ്യം ലഭിച്ചത്. 2012ൽ നടന്ന വധ ശ്രമം ഉൾപ്പെടെയുള്ള മറ്റു കേസുകളിൽ പ്രതിയാണ് നിധിൻ. ഒരെണ്ണം ഒഴികയെല്ലാം രാഷ്ട്രീയ സ്വഭാവമുള്ള കേസുകളാണ്.
by Midhun HP News | Mar 14, 2024 | Latest News, കേരളം
തിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണോ? അങ്ങനെയെങ്കില്‍ കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാല്‍ പിഴ ഒടുക്കേണ്ടി വരുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.
‘ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കള്‍ക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാര്‍ഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷന്‍ എന്നിവ മാത്രം നല്‍കി ലോഡ് റെഗുലറൈസ് ചെയ്യാവുന്നതാണ്. അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്.’- കെഎസ്ഇബിയുടെ അറിയിപ്പില്‍ പറയുന്നു.
കുറിപ്പ്:
കണക്റ്റഡ് ലോഡ് റെഗുലറൈസ് ചെയ്യുന്നതിന് സുവര്‍ണ്ണാവസരം.!
വൈദ്യുതി കണക്ഷന്‍ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നവരാണോ ?
അതെ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് KSEBL. ഇതിന്റെ കാലാവധി 2024 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കള്‍ക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.
ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാര്‍ഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷന്‍ എന്നിവ മാത്രം നല്‍കി ലോഡ് റെഗുലറൈസ് ചെയ്യാവുന്നതാണ്.
അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ആവശ്യപ്പെടുന്ന അധിക ലോഡ് നല്‍കുന്നതിന് വിതരണ ശൃംഖലയില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള തുക അഡീഷനല്‍ ECSC ആയി അടക്കേണ്ടി വരും.
മറ്റൊരു രേഖയും സമര്‍പ്പിക്കാതെ, പണച്ചെലവില്ലാതെ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ഈ അവസരം വിനിയോഗിക്കാനാവുന്നതാണ്.
by Midhun HP News | Mar 14, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ഉള്‍പ്പടെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും നടന്നു.
ഏറെനാളായി കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുകയാണ് തമ്പാനൂര്‍ സതീഷ്. കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതിരുന്നതാണ് പാര്‍ട്ടിയുമായി അകലാന്‍ കാരണമായത്. സംഘിയും സഖാവുമാകാനില്ലെന്നും കെ കരുണാകരന്റെ ഉറച്ച ശിഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് തമ്പാനൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും പത്മിനി തോമസ് പറഞ്ഞു. കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി പത്മിനിയെ പരിഗണിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലവും റിലേയില്‍ വെള്ളിയും നേടി. അര്‍ജുന അവാര്‍ഡും ജിവി രാജ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
by Midhun HP News | Mar 14, 2024 | Latest News, കേരളം
കൊച്ചി : കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റിന് വിധേയനാകണമെന്ന് ഹൈക്കോടതി. ടെസ്റ്റിന് വിധേയമായി പാസ്സാകേണ്ടതാണെന്നും ജസ്റ്റിസ് എന്‍ നഗരേഷ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ 2009 ഒക്ടോബര്‍ 15 ലെ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി സെബാസ്റ്റ്യന്‍ ജേക്കബ് നല്‍കിയ ഹര്‍ജി കോടതി തള്ളി.
ഹര്‍ജിക്കാരന്റെ ലൈസന്‍സിന് 2020 ഒക്ടോബര്‍ 30 വരെ കാലാവധിയുണ്ടായിരുന്നു. കോവിഡ് മൂലം ലൈസന്‍സ് പുതുക്കാനായില്ല. ഹര്‍ജിക്കാരന്‍ 2022 ജൂലൈ 17ന് അപേക്ഷ നല്‍കി. തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ ലൈസന്‍സ് പുതുക്കി നല്‍കി. 2032 ജൂലൈ 14വരെയായിരുന്നു കാലാവധി. പിന്നീട് സ്മാര്‍ട് കാര്‍ഡ് ആക്കാനായി അപേക്ഷ നല്‍കിയപ്പോള്‍ ലൈസന്‍സ് പുതുക്കിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചു. ലൈസന്‍സ് പുതുക്കാനായി ഡ്രൈവിങ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന കാരണത്താലാണ് നോട്ടിസ് ലഭിച്ചതെന്ന് മനസ്സിലായതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
by Midhun HP News | Mar 14, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും. അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
Recent Comments