കേരള ബാങ്കിലെ 335 ഗ്രാം പണയ സ്വര്‍ണം കാണാതായ കേസ്: ബാങ്ക് മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍

കേരള ബാങ്കിലെ 335 ഗ്രാം പണയ സ്വര്‍ണം കാണാതായ കേസ്: ബാങ്ക് മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍

ആലപ്പുഴ: കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍. ചേര്‍ത്തല തോട്ടുങ്കര സ്വദേശി മീരാ മാത്യുവാണ് അറസ്റ്റിലായത്. ഒമ്പതുമാസത്തോളമായി ഒളിവിലായിരുന്ന മീരാ മാത്യുവിനെ പട്ടണക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കേരള ബാങ്കിലെ വിവിധ ശാഖകളിലായി ഉപഭോക്താക്കള്‍ പണയം വെച്ച 42 പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ബാങ്കിലെ പണയം വെച്ച സ്വര്‍ണം പരിശോധനക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു മീര മാത്യു. കേരളാ ബാങ്കിന്റെ നാലു ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്.

ചേര്‍ത്തല, പട്ടണക്കാട് അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലെ 4 ശാഖകളില്‍ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ 2023 ജൂണ്‍ 12 നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ 2023 ജൂണ്‍ ഏഴിന് മീരാ മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും, പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ചേര്‍ത്തല നടക്കാവ് ശാഖയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം (171.300 ഗ്രാം) നഷ്ടപ്പെട്ടത്. ചേര്‍ത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാമും പട്ടണക്കാട് ശാഖയില്‍നിന്ന് 102.300 ഗ്രാമും അര്‍ത്തുങ്കല്‍ ശാഖയിൽ നിന്നും ആറു ഗ്രാം സ്വര്‍ണവുമാണ് കാണാതായത്.

എറണാകുളത്ത് ‘ലൈം രോ​ഗം’ റിപ്പോർട്ട് ചെയ്തു, അത്യപൂർവം

എറണാകുളത്ത് ‘ലൈം രോ​ഗം’ റിപ്പോർട്ട് ചെയ്തു, അത്യപൂർവം

കൊച്ചി: അത്യപൂർവമായ ലൈം രോ​ഗം എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോ​ഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോ​ഗമാണെന്നു ഉറപ്പിച്ചത്. ലൈം രോ​ഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോ​ഗ്യം മെച്ചപ്പെടുകയും ഡിസംബർ 26നു ആശുപത്രി വിടുകയും ചെയ്തു.

ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്നു ആരോ​ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോ​ഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോ​ഗം സ്ഥിരീകരിച്ചു.

എന്താണ് ലൈം രോ​ഗം

ലൈം രോ​ഗം ബൊറേലിയ ബർ​ഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇതു ചില പ്രാണികൾ വഴി പകരുന്നു. ജില്ലയിൽ ആദ്യമായാണ് സ്ഥിരീകരിക്കുന്നതെന്നു ചികിത്സയ്ക്കു നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി.

നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം. കൃത്യസമയത്ത് കണ്ടെത്തിയാൽ ഡോക്സിസൈക്ലിൻ ​ഗുളികകൾ അടക്കമുള്ള ചെലവു കുറഞ്ഞ ചികിത്സാ മാർ​ഗത്തിലൂടെ രോ​ഗം ഭേദമാക്കാം.

കേരള പോലീസ് അസോസിയേഷൻ ജില്ലാ പഠനക്യാമ്പ്

കേരള പോലീസ് അസോസിയേഷൻ ജില്ലാ പഠനക്യാമ്പ്

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ജില്ലാ പഠന ക്യാമ്പ് തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കല്ലാർ മീൻമുട്ടി ഗോൾഡൻ വാലി ഹാളിൽ സംഘടിപ്പിച്ച പഠന ക്യാമ്പിൽ കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻറ് വിജു ടി അധ്യക്ഷത വഹിച്ചു . കെ പി എ സംസ്ഥാന പ്രസിഡൻറ് എസ് ആർ ഷിനോദാസ്, സംസ്ഥാന നിർവാഹക സമിതി അംഗം ഷിജു റോബർട്ട് , കെ പി ഒ എ ജില്ലാ വൈസ് പ്രസിഡൻറ് ബി ഹരിലാൽ, വിതുര എസ് എച്ച് ഒ ബിജു എസ് ടി,പൊന്മുടി എസ് എച്ച് ഒ രതീഷ് ഗോപാൽ ,ഷജിൻ ആർഎസ്, ബിജു ആർ എസ് എന്നിവർ സംസാരിച്ചു. കെ പി എ ജില്ലാ സെക്രട്ടറി വിനു ജി വി സ്വാഗതവും ജില്ലാ ട്രഷറർ രതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. പഠന ക്യാമ്പിൽ വിവിധ സെഷനുകളിലായി പ്രമുഖ പോസിറ്റീവ് സൈക്കോളജിസ്റ്റ് സന്തോഷ് ശിശുപാൽ ,കെ പി എ സംസ്ഥാന പ്രസിഡൻറ് വിനോദ് ദാസ് എസ് ആർ സംസ്ഥാന സെക്രട്ടറി ഇ വി പ്രദീപൻ സർവീസ് കൺസൾട്ടന്റ് വിജയകുമാരൻ നായർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു

ജ്യൂസില്‍ ഇടുന്ന ഐസ് അപകടകാരി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ജ്യൂസില്‍ ഇടുന്ന ഐസ് അപകടകാരി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്. ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുതെന്നും മന്ത്രി പറഞ്ഞു.

കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക.

ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. കടകളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി; പുതുചരിത്രമെന്ന് വി ശിവന്‍കുട്ടി

പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി; പുതുചരിത്രമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തക വിതരണം ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തക വിതരണമാണ് തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. 1,3,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തങ്ങള്‍ മേയ് ആദ്യം വിതരണം ചെയ്യും. ഇനി പാഠപുസ്തകകത്തിന്റെ ഫോട്ടോ സ്റ്റാറ്റുകള്‍ക്കായി ആരും ഓടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ഗവണ്‍മെന്റ് എച്ച്എസ്എസ് കോട്ടണ്‍ഹില്ലില്‍പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ആദ്യമായാണ് അധ്യയനവര്‍ഷം അവസാനിക്കും മുന്‍പ് അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ അവധിക്കാലത്ത് കുട്ടികള്‍ക്ക് അടുത്ത ക്ലാസിലെ പാഠ ഭാഗങ്ങള്‍ പരിചപ്പെടുത്തുന്നതിനു വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പുസ്തക വിതരം നേരത്തെ ആക്കിയത്.

പഴയ പുസ്തകങ്ങള്‍ തന്നെ ആയതിനാലാണ് 2,4,6,8,10 ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങള്‍ ആദ്യം വിതണം ചെയ്തത്. പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പുസ്തകങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പുതിയ പാഠ പുസ്തകങ്ങളില്‍ ഭരണഘടനയുടെ ആമുഖം ചേര്‍ത്തതടക്കം നിരവധി പ്രത്യേകതയുണ്ട്.

മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു; പൊലീസ് മര്‍ദനമെന്ന് ബന്ധുക്കള്‍

മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു; പൊലീസ് മര്‍ദനമെന്ന് ബന്ധുക്കള്‍

മലപ്പുറം: പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്നയാള്‍ തളര്‍ന്നുവീണു മരിച്ചു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍ ആണ് മരിച്ചത്. 36 വയസായിരുന്നു. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇന്നലെ പാണ്ടിക്കാട് പൊലീസ് മൊയ്തീന്‍ കുട്ടിയെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.മൊയ്തീന്‍ കുട്ടി സ്‌റ്റേഷനില്‍ എത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനല്‍ വച്ച് മര്‍ദിച്ചിട്ടില്ലെന്നും കുഴഞ്ഞുവീണ മൊയ്തീന്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതായും പൊലീസ് പറയുന്നു.