സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധന

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000 കടന്നു. പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 46,000 കടന്നത്. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

അജ്മീറില്‍ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

അജ്മീറില്‍ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

അജ്മീർ: മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. ആലുവ റൂറൽ പോലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് ഇവർ അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു. അജ്മീർ പോലീസിന്റെ സഹായത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്.

ബാര്‍ വെടിവെപ്പ്: മുഖ്യപ്രതി പിടിയില്‍

ബാര്‍ വെടിവെപ്പ്: മുഖ്യപ്രതി പിടിയില്‍

കൊച്ചി: കൊച്ചിയിലെ കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വെടിവെപ്പിനുപയോഗിച്ച തോക്ക് വിനീത് വിജയന്റേതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്ന് പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ മറ്റു മൂന്നു പ്രതികളെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയിരുന്നു.

ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ചുപേരെ പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. വെടിവെപ്പില്‍ ബാര്‍ ജീവനക്കാരായ രണ്ടുപേര്‍ക്കാണ് വെടിയേറ്റത്. ഇവര്‍ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേരും ആശുപത്രി വിട്ടിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറിക്കൊപ്പം ഹൈസ്‌കൂള്‍ പരീക്ഷ; തീരുമാനം പിന്‍വലിച്ചു

ഹയര്‍ സെക്കന്‍ഡറിക്കൊപ്പം ഹൈസ്‌കൂള്‍ പരീക്ഷ; തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി.

എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക. മാര്‍ച്ച് 14ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാര്‍ച്ച് 16ലേക്കും 16ലെ എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പരീക്ഷ 14ലേക്കും മാറ്റി. മാര്‍ച്ച് 27ലെ ഒമ്പതാം ക്ലാസ് പരീക്ഷ രാവിലെയാണ് നടത്തുക. ഹൈസ്‌കൂളുകളോട് ചേര്‍ന്നല്ലാതെ പ്രവര്‍ത്തിക്കുന്ന എല്‍പി, യുപി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ നിശ്ചയിച്ച പരീക്ഷകള്‍ മാര്‍ച്ച് 15ന് ആരംഭിക്കും.

ഹൈസ്‌കൂളുകളോട് ചേര്‍ന്നുള്ള എല്‍പി, യുപി സ്‌കൂളുകളിലെ പരീക്ഷ ടൈംടേബിളില്‍ മാറ്റമില്ല. മാര്‍ച്ച് അഞ്ച് മുതലാണ് പരീക്ഷ. ഇന്‍ഡിപെന്‍ഡന്റ് എല്‍.പി, യുപി അധ്യാപകരെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് സര്‍ക്കുലറിലുണ്ട്. എല്‍പി, യുപി ചേര്‍ന്നുള്ള ഹൈസ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള പരീക്ഷക്ക് ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ ക്ലാസ് മുറികളും ഉപയോഗിക്കാം

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമം, ജനം പരിഭ്രാന്തിയില്‍

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമം, ജനം പരിഭ്രാന്തിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. മേപ്പാടി മുണ്ടക്കൈയില്‍ പുലി രണ്ട് വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. രാത്രി പതിനൊന്നുമണിയോടെയാണ് ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. വീടിനകത്തേക്ക് പുലി എത്തി നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിരവധി തവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലമാണ് പുഞ്ചിരിമറ്റം. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

ആരോഗ്യാവസ്ഥ മോശമായി; അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യാവസ്ഥ മോശമായി; അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനി ചികിത്സയിലുള്ളത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന മദനിക്ക് ഡയാലിസിസ് ഉടൻ തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കരൾ രോഗത്തിന് ഏറെ നാളായി ചികിത്സയിലാണ് അബ്ദുൾ നാസർ മദനി.

ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.