by Midhun HP News | Jun 11, 2026 | Latest News, കേരളം
മലപ്പുറം: ലോകകപ്പിന്റെ ആദ്യ വിസിൽ ഇന്ന് മുഴങ്ങുമ്പോൾ, ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ സ്റ്റേഡിയങ്ങളിൽ പന്തുരുളുന്നതിന് മുമ്പേ മലബാറിൽ ഫുട്ബോൾ ലഹരി അതിന്റെ ഉച്ചസ്ഥായിയിലെത്തി കഴിഞ്ഞു. റോഡരികുകളിലും പാടങ്ങൾക്കിടയിലും കവലകളിലും ഇപ്പോൾ ഏറ്റുമുട്ടുന്നത് ടീമുകളല്ല, ആരാധകരാണ്. ബ്രസീലും അർജന്റീനയും പോർച്ചുഗലും തമ്മിലുള്ള പോരാട്ടം ഇത്തവണയും സോഷ്യൽ മീഡിയയിലെ ട്രോളുകളിലോ ചർച്ചകളിലോ ഒതുങ്ങിയിട്ടില്ല. ഫ്ലെക്സ് ബോർഡുകളുടെയും ഭീമൻ കട്ടൗട്ടുകളുടെയും വലുപ്പം കൊണ്ടാണ് ഓരോ കൂട്ടരും തങ്ങളുടെ ആധിപത്യം തെളിയിക്കുന്നത്.
മലപ്പുറം ജില്ലയിലെ മുണ്ടയിൽ ഇപ്പോൾ നടക്കുന്നത് ഒരു ‘ഫ്ലെക്സ് യുദ്ധം’ തന്നെയാണ്. ആദ്യം രംഗത്തെത്തിയത് ബ്രസീൽ ആരാധകർ. 400 അടി നീളമുള്ള കൂറ്റൻ ഫ്ലെക്സ് ഉയർത്തി അവർ അർജന്റീന ആരാധകരെ ഇതിലും വലുത് വെക്കാൻ വെല്ലുവിളിച്ചു. പക്ഷേ ആ വെല്ലുവിളി അധികനേരം നിലനിന്നില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ അർജന്റീന ആരാധകർ 666 അടി നീളമുള്ള ഭീമൻ ഫ്ലെക്സുമായി രംഗത്തെത്തി. റോഡരികിലൂടെ പാമ്പുപോലെ നീണ്ടുകിടക്കുന്ന ആ ഫ്ലെക്സ് കണ്ടാൽ തന്നെ ആരാധകരുടെ വാശിയുടെ വലുപ്പം മനസ്സിലാകും. “ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഫ്ലെക്സാണിത്,” എന്നാണ് അർജന്റീന ആരാധകരുടെ അവകാശവാദം.
പാലക്കാട്ടെ കോങ്ങാടാണ് ഈ മത്സരത്തിന് തീ കൊളുത്തിയത്. അവിടെ അർജന്റീന ആരാധകർ 160 അടി നീളമുള്ള ഫ്ലെക്സ് സ്ഥാപിച്ചതോടെ തുടങ്ങി ആരാധക പോര്. ഇതിനുമറുപടിയായി അർജന്റീനയുടെ വക മുണ്ടയിൽ 300 അടി ഫ്ലെക്സ് വരുമെന്ന പ്രഖ്യാപനം വന്നതോടെ മുണ്ടയിലെ ബ്രസീൽ ആരാധകർ കാത്തുനിന്നില്ല. “അവരെക്കാൾ വലുതൊന്ന് വേണമെന്ന് മാത്രമാണ് ഞങ്ങൾ ചിന്തിച്ചത്. അങ്ങനെയാണ് 400 അടി ഫ്ലെക്സ് ഒരുക്കിയത്,” മുണ്ട ബ്രസീൽ ഫാൻസ് അസോസിയേഷൻ അംഗം ജബിൻ ലുക്മാൻ പറയുന്നു.
പക്ഷേ അതിലും വലിയ മറുപടി അർജന്റീന ക്യാമ്പിൽ തയ്യാറാകുന്നുണ്ടായിരുന്നു. “ബ്രസീലുകാർ 400 അടി ഫ്ലെക്സ് പ്രഖ്യാപിച്ചതോടെ ഞങ്ങൾ പദ്ധതി മാറ്റി. ആരും ഞങ്ങളെ മറികടക്കരുത് എന്നായിരുന്നു തീരുമാനം. അങ്ങനെയാണ് 666 അടി ഫ്ലെക്സ് യാഥാർഥ്യമായത്,” അർജന്റീന ആരാധകൻ ജെൻസിൽ ജാൻ പറയുന്നു.
വയലിൽ ഉയരുന്ന ഭീമൻ കട്ടൗട്ടുകൾ
മലപ്പുറത്ത് ഫ്ലെക്സിന്റെ നീളത്തിലാണ് മത്സരം നടക്കുന്നതെങ്കിൽ, കോഴിക്കോട് അത് ഉയരത്തിലാണ്. ഓമശ്ശേരിയിലെ അമ്പലക്കണ്ടിയിൽ നെൽവയലിന് നടുവിൽ ഇപ്പോൾ ലോക ഫുട്ബോളിലെ മൂന്ന് മഹാതാരങ്ങൾ നേർക്കുനേർ നിൽക്കുകയാണ്. ആദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 28 അടി ഉയരമുള്ള കട്ടൗട്ടുമായി പോർച്ചുഗൽ ആരാധകർ രംഗത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ ബ്രസീൽ ആരാധകർ നെയ്മറുടെ 40 അടി കട്ടൗട്ടുമായി മറുപടി നൽകി. പിന്നാലെ ലയണൽ മെസ്സിയുടെ 30 അടി ഉയരമുള്ള കട്ടൗട്ട് ഉയർന്നതോടെ നെൽവയൽ ഒരു ഫുട്ബോൾ ഗാലറി ആയി തന്നെ മാറി.
പാടത്തിന്റെ നടുവിൽ റൊണാൾഡോയും മെസ്സിയും നെയ്മറും നേർക്കുനേർ നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സെൽഫിയെടുക്കാനും വീഡിയോകൾ പകർത്താനും ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്. “ലോകകപ്പ് അമേരിക്കയിലായിരിക്കാം. പക്ഷേ അതിന്റെ ഹൃദയമിടിപ്പ് ഇപ്പോൾ മലബാറിലാണ് കേൾക്കുന്നത്,” ഓമശ്ശേരിയിലെ ബ്രസീൽ ആരാധകൻ അറഫത്ത് പറയുന്നു. “കളിക്കളത്തിന് പുറത്താകുമ്പോൾ ഞങ്ങൾ സുഹൃത്തുക്കളാണ്. പക്ഷേ ഫുട്ബോളിന്റെ കാര്യത്തിൽ സ്വന്തം ടീമിന് വേണ്ടിയാണ് ജീവിക്കുന്നത്.”
ആരാധകരുടെ ഈ ആവേശത്തിന് വലിയ വിലയും ഉണ്ട്. മുണ്ടയിലെ ബ്രസീലിന്റെ 400 അടി ഫ്ലെക്സിന് ഏകദേശം ഒന്നര ലക്ഷം രൂപ ചെലവായപ്പോൾ, അർജന്റീനയുടെ 666 അടി ഫ്ലെക്സിനായി മൂന്ന് ലക്ഷം രൂപയോളമാണ് ചെലവായത്. നാട്ടിലെ ആരാധകരും വിദേശത്തുള്ള പ്രവാസി സുഹൃത്തുക്കളും ചേർന്നാണ് പണം കണ്ടെത്തിയത്. “ഞങ്ങൾക്ക് ഏറ്റവും മികച്ചത് വേണം. അത്ര മാത്രം,” ജെൻസിൽ ചിരിച്ചുകൊണ്ട് പറയുന്നു. കോഴിക്കോട്ടെ ഓരോ കട്ടൗട്ടിനും 30,000 മുതൽ 40,000 രൂപ വരെ ചെലവുണ്ട്. പക്ഷേ ആരാധകർക്ക് അത് ഒരു ചെലവല്ല, പ്രിയപ്പെട്ട ടീമിനോടുള്ള സ്നേഹത്തിന്റെ പ്രകടനമാണ്.

by Midhun HP News | Jun 11, 2026 | Latest News, കേരളം
കൊല്ലം: വയനാടിന് പുറമേ കൊല്ലത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരവൂര്‍, പാലത്തറ മേഖലയുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്. പരവൂരില്‍ നേരത്തെയും ഷിഗെല്ല രോഗബാധ കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയോ, മലിനജലത്തിലൂടെയോ രോഗം പിടിപെട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

by Midhun HP News | Jun 11, 2026 | Latest News, കേരളം
യാത്രാസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍ വേ. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ട്രാക്കുകളുടെ വൈദ്യുതീകരണത്തിലും റെയിൽവേ സ്റ്റേഷനുകളുടെ ആധുനികവൽക്കരണത്തിലും വൻ മുന്നേറ്റം നടത്തിയ റെയിൽവേ, ഇപ്പോൾ ടിക്കറ്റ് റിസർവേഷൻ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇതിനായി നിലവിലുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) സമഗ്രമായ അപ്‌ഡേറ്റുകളാണ് റെയില്‍വേ വരുത്തുന്നത്.
കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി, അതായത് 1986 മുതൽ റെയിൽവേ ഉപയോഗിച്ചുവരുന്ന പഴയ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമിന് പകരമായാണ് ഈ പുതിയ അത്യാധുനിക സംവിധാനം അവതരിപ്പിക്കുന്നത്. വരുന്ന ഓഗസ്റ്റ് മാസം മുതൽ രാജ്യത്ത് ഘട്ടങ്ങളായി ഈ നവീകരിച്ച സിസ്റ്റം നടപ്പിലാക്കി തുടങ്ങും. ടിക്കറ്റ് ബുക്കിങ് പ്രക്രിയ കൂടുതൽ വേഗതയേറിയതും കാര്യക്ഷമവുമാക്കുക എന്നതുമാത്രമല്ല, റെയിൽവേ ടിക്കറ്റുകൾ അനധികൃതമായി തട്ടിയെടുക്കുന്ന വ്യാജ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ചൂഷണം പൂർണ്ണമായി തടയുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
പുതിയ സിസ്റ്റം നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് കൂടുതല്‍ വേഗത്തില്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. ഏറ്റവും വലിയ പ്രത്യേകത, വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള കൃത്യമായ സാധ്യത എത്രത്തോളമുണ്ടെന്ന് മുൻകൂട്ടി പ്രവചിക്കാൻ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നതാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ആസ്ഥാനമായ റെയിൽ ഭവനിൽ വെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രൊജക്റ്റിന്റെ പുരോഗതി നേരിട്ട് നേരത്തെ വിലയിരുത്തിയിരുന്നു.
പഴയ സംവിധാനത്തിൽ നിന്നും പുതിയതിലേക്ക് മാറുമ്പോൾ സാങ്കേതിക തകരാറുകൾ കാരണം യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളോ ബുക്കിങ് തടസ്സങ്ങളോ ഉണ്ടാകരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിങ് ബിട്ടു എന്നിവരും പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ സ്വീകരിച്ചത്.
ഇതോടൊപ്പം കേരളത്തിലെ റെയിൽവേ വികസനത്തിന് വൻ വേഗത പകരുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനവും റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള മാരാരിക്കുളം – ആലപ്പുഴ സെക്ഷനിലെ 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിനായി 220.51 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അന്തിമ അനുമതി നൽകി.
റെയിൽവേ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ഫ്ലൈഓവർ, ബൈപ്പാസ്, പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ വികസന പദ്ധതികളുടെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. എറണാകുളം – തുറവൂർ – ആലപ്പുഴ – അമ്പലപ്പുഴ – കായംകുളം കോറിഡോറിൽ നിലവിൽ അവശേഷിക്കുന്ന ഏക ഒറ്റവരിപ്പാതയാണ് മാരാരിക്കുളം – ആലപ്പുഴ ഭാഗം. ഈ റൂട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാം പാത ഇരട്ടിപ്പിക്കൽ ഇതിനകം പൂർത്തിയാവുകയോ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലോ ആണ്.

by Midhun HP News | Jun 11, 2026 | Latest News, കേരളം
തൃശൂര്‍: തൃശൂരിലെ പൂങ്കുന്നത്ത് മലമ്പാമ്പിന്റെ ഭീതിയില്‍ ഒരു കുടുംബം. രണ്ടു ദിവസം കൊണ്ട് ഒരു വീട്ടില്‍ നിന്നും 18 മലമ്പാമ്പിനെയാണ് പിടികൂടിയത്. ഇന്നു ആറു പാമ്പുകളെയാണ് പിടികൂടിയത്. പൂങ്കുന്നം സ്വദേശി കാര്‍ത്തികും കുടുംബവുമാണ് മലമ്പാമ്പിനെ പേടിച്ച് കഴിയുന്നത്.
നഗരത്തിനോട് ചേര്‍ന്നുള്ള വീട്ടില്‍ നിന്നാണ് മലമ്പാമ്പുകളെ പിടികൂടിയിട്ടുള്ളത്. വീടിനോട് ചേര്‍ന്ന് തോട് ഒഴുകുന്നുണ്ട്. ആ തോട്ടില്‍ നിന്നും കയറി വന്നതാകാമെന്നാണ് കരുതപ്പെടുന്നത്. വീടിനു ചേര്‍ന്നുള്ള മരത്തറയുടെ ഭാഗത്തു നിന്നാണ് പാമ്പുകളെ ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു. മരത്തറയില്‍ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞതാകാനാണ് സാധ്യതയെന്ന് വനംവകുപ്പിന്റെ വാച്ചര്‍ പറഞ്ഞു. തറ പൊളിച്ചാലേ കൂടുതല്‍ പാമ്പുകള്‍ ഉണ്ടോയെന്ന് കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | Jun 11, 2026 | Latest News, കേരളം
കാസർകോട്: കാസർകോട് അംഗഡിമൊഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിൽ സിപിഎം എന്ന് രേഖപ്പെടുത്തിയതിനെച്ചൊല്ലി വിവാദം കനത്തതോടെ ഒടുവിൽ പാർട്ടി പേര് നീക്കം ചെയ്തു. സ്കൂൾ ആർച്ചിൽ നിന്നും തങ്ങളുടെ പാർട്ടിയുടെ പേര് രേഖപ്പെടുത്തിയ ഭാഗം മാറ്റാൻ സിപിഎം പ്രാദേശിക കമ്മിറ്റി നിർബന്ധിതരാവുകയായിരുന്നു. തിങ്കളാഴ്ച നടന്ന കാസർകോട് ജില്ലാ പഞ്ചായത്ത് യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ ഈ വിഷയത്തിൽ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.
സിപിഎം ബദൂർ ലോക്കൽ കമ്മിറ്റിയുടെ സ്പോൺസർഷിപ്പിലാണ് സ്കൂളിൽ പുതിയ പ്രവേശന കവാടം നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി കവാടത്തിന്റെ മുകളിൽ “സിപിഎം ബദൂർ എൽസി” എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ജൂൺ 2-നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഈ കവാടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എന്നാൽ, ഒരു സർക്കാർ സ്കൂളുമായി ബന്ധപ്പെട്ട പൊതുനിർമ്മിതിയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര് പരസ്യമായി പ്രദർശിപ്പിക്കുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് യോഗം ആരംഭിച്ചയുടൻ പുത്തിഗെ ഡിവിഷൻ അംഗം സോമശേഖരനാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്. സർക്കാർ സ്കൂളുകളെ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെടുത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ വാദിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് സ്കൂൾ ആർച്ചുകൾ സ്പോൺസർ ചെയ്യാനും അതിൽ സ്വന്തം പേര് വെക്കാനും അനുമതി നൽകുകയാണെങ്കിൽ, തനിക്കും ഇത്തരത്തിൽ കവാടങ്ങൾ സ്പോൺസർ ചെയ്ത് മുസ്‌ലിം ലീഗിന്റെ പേര് വെക്കാൻ സാധിക്കുമെന്ന് ലീഗ് അംഗം പിബി. ഷഫീഖ് ചൂണ്ടിക്കാട്ടി.
മറ്റൊരു ലീഗ് അംഗമായ അസീസ് കളത്തൂർ, സ്കൂൾ കെട്ടിടത്തിന് പെയിന്റ് അടിക്കാൻ സ്പോൺസർ ചെയ്യാൻ തയ്യാറായി വരുന്ന എംഎസ്എഫ് പ്രവർത്തകർക്ക് സമാനമായ രീതിയിൽ സ്കൂൾ മുഴുവൻ പച്ച പെയിന്റ് അടിക്കാൻ അധികൃതർ അനുമതി നൽകുമോ എന്ന് പരിഹാസരൂപേണ ചോദിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ശക്തമായ പ്രതിഷേധവും ചോദ്യങ്ങളും ഉയർന്നതോടെ, ഒടുവിൽ വിവാദം തണുപ്പിക്കാനായി സിപിഎം ലോക്കൽ കമ്മിറ്റി ഇടപെട്ട് കവാടത്തിൽ നിന്നും “സിപിഎം ബദൂർ എൽസി” എന്നീ വാക്കുകൾ പൂർണ്ണമായി വെട്ടിമാറ്റുകയും നീക്കം ചെയ്യുകയുമായിരുന്നു

by Midhun HP News | Jun 11, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപയാണ് കുറഞ്ഞത്. 1,06,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് കുറഞ്ഞത്. 13,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ ഏകദേശം 5000 രൂപയിലധികമാണ് പവന്‍ വിലയില്‍ ഉണ്ടായിട്ടുള്ള ഇടിവ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടും കരുത്താര്‍ജിക്കുന്നു എന്ന് സൂചന നല്‍കുന്ന തൊഴില്‍ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് ഉയര്‍ത്തുന്നത് ബോണ്ട് വിപണിക്ക് കരുത്തുപകരും. കൂടാതെ ഡോളര്‍ ശക്തിയാര്‍ജിക്കാനും ഇടയാക്കും. ഇത് സ്വര്‍ണവിപണിയുടെ ആകര്‍ഷണം കുറയാന്‍ ഇടയാക്കുമെന്ന സൂചനയാണ് വിലയില്‍ പ്രതിഫലിക്കുന്നത്.
അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Recent Comments