ഒരു ലക്ഷത്തില്‍ താഴേക്ക് ഇടിയുമോ?; സ്വര്‍ണവില ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു

ഒരു ലക്ഷത്തില്‍ താഴേക്ക് ഇടിയുമോ?; സ്വര്‍ണവില ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപയാണ് കുറഞ്ഞത്. 1,06,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് കുറഞ്ഞത്. 13,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ ഏകദേശം 5000 രൂപയിലധികമാണ് പവന്‍ വിലയില്‍ ഉണ്ടായിട്ടുള്ള ഇടിവ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടും കരുത്താര്‍ജിക്കുന്നു എന്ന് സൂചന നല്‍കുന്ന തൊഴില്‍ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് ഉയര്‍ത്തുന്നത് ബോണ്ട് വിപണിക്ക് കരുത്തുപകരും. കൂടാതെ ഡോളര്‍ ശക്തിയാര്‍ജിക്കാനും ഇടയാക്കും. ഇത് സ്വര്‍ണവിപണിയുടെ ആകര്‍ഷണം കുറയാന്‍ ഇടയാക്കുമെന്ന സൂചനയാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മാസപ്പടി കേസിൽ വീണ വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

മാസപ്പടി കേസിൽ വീണ വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി: മാസപ്പടി കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുൻപാകെ പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് കാട്ടി വീണ ഇഡിക്ക് ഇ മെയിൽ അയച്ചു. ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറാൻ ഒരുക്കമാണെന്നും മെയിലില്‍ അറിയിച്ചു. അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നാണ് വീണ ഇഡിയെ അറിയിച്ചത്. വീണയ്ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ

ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആക്രമണം. ഒന്നിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രാത്രി 12 മണിയോടെയാണ് രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജിലും പരിസരപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും.

ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫറോക്ക് സ്വദേശിയായ 43 കാരന് നിപ കണ്ടെത്തിയത്. കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ എന്‍ഐവിയിലേക്ക് സാംപിള്‍ അയച്ചിട്ടുണ്ട്. രോഗിക്ക് ആരൊക്കെയായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു. സമ്പര്‍ക്കപ്പട്ടിക ഇന്നു തയ്യാറാക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, ഡീ അഡിക്ഷന്‍ സെന്ററിലും ഇയാള്‍ പോയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ബന്ധുക്കളോടും ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് രോഗി നിലവില്‍ ചികിത്സയിലുള്ളത്. നിപ രോഗിയെ പ്രവേശിപ്പിച്ച വാര്‍ഡിന് സമീപത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രത്യേക ബാരിക്കേഡുകള്‍ സ്ഥാപിച്ചു.എസ്ഡിഎസ് ബ്ലോക്കിലേക്കുള്ള വഴി അടച്ചു. വാര്‍ഡിന്റെ പരിസരത്തെ പാര്‍ക്കിങ്ങും പൂര്‍ണ്ണമായി നിരോധിച്ചു. ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന രോഗികള്‍ ഉള്‍പ്പെടെ ആശുപത്രിയുടെ പ്രധാന ഗെയിറ്റ് ഉപയോഗിക്കണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് നിര്‍ദേശിച്ചു.

ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുമുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ പകരാൻ സാധ്യതയുള്ള ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ. പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

ഇനി ലോകം പന്തിന് പിന്നാലെ; ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം, മെക്‌സിക്കോ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇനി ലോകം പന്തിന് പിന്നാലെ; ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം, മെക്‌സിക്കോ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

മെക്‌സിക്കോ സിറ്റി: ഇനി പോരാട്ടങ്ങളുടെ കാലം. മൈതാനത്തും മനസിലും ഇനി പന്തുരുളും. ഒന്നര മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ ആര് കപ്പ് ഉയര്‍ത്തുമെന്ന ആകാംക്ഷയുടെ നെഞ്ചിടിപ്പ് കൂട്ടി ഇന്നുമുതല്‍ കളിക്കാര്‍ കളിക്കളത്തിലേക്ക്. വ്യാഴാഴ്ച രാത്രി 12.30നാണ് ഫുട്‌ബോള്‍ ലോകകപ്പിന് തുടക്കമാകുക.

ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ആഫ്രിക്കന്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. 2010 ലോകകപ്പില്‍ ഇരുടീമുകളും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1ന് സമനിലയിലായിരുന്നു. മൂന്നാം തവണ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന മെക്‌സിക്കോ ജയത്തുടക്കമാണ് സ്വന്തം മണ്ണില്‍ സ്വപ്‌നം കാണുന്നത്. 1994 മുതല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ വെള്ളിയാഴ്ച രാവിലെ 7.30ന് ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും.

23-ാം ലോകകപ്പില്‍ 48 ടീമുകളാണ് മാറ്റുരയ്ക്കുക. ആദ്യമായാണ് ഒരു ലോകകപ്പില്‍ 48 ടീമുകള്‍ കപ്പ് ലക്ഷ്യമിട്ട് കളിക്കളത്തില്‍ ഇറങ്ങുന്നത്. മൊത്തം 104 മത്സരങ്ങളാണ് ഉണ്ടാവുക. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ആറാം ലോകകപ്പ് കളിക്കാനാണ് എത്തുന്നത്.

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നാളെ (വെള്ളിയാഴ്ച) കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. ഞായറാഴ്ച വരെ തീവ്രവും ശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.