by Midhun HP News | Feb 17, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വാട്ടർ ബെൽ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി നിലവിലെ ഇന്റർവെൽ കൂടാതെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടർ ബെൽ നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും സ്‌കൂളുകളിൽ വാട്ടർ ബെൽ മുഴങ്ങും. തുടർന്ന് വെള്ളം കുടിക്കുന്നതിന് അഞ്ച് മിനിറ്റ് ഇടവേള നൽകും. ഈ സമയത്ത് കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പു വരുത്തണം. വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികൾക്ക് അധികൃതർ വെള്ളം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Feb 17, 2024 | Latest News, കേരളം
പാലക്കാട്: ജ്യൂസ് കുടിക്കാൻ വിളിച്ചിട്ട് വരാത്തതിന് കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തല്ലിയ സംഭവത്തിൽ കോടതി ശിക്ഷ വിധിച്ചു. കേസിൽ പ്രതിയായ ജ്യൂസ് കട ജീവനക്കാരന് ആറുമാസം തടവും 4500 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. പാലക്കാട് വടക്കന്തറ സ്വദേശി കൃഷ്ണകുമാറിനെയാണ് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
by Midhun HP News | Feb 17, 2024 | Latest News, കേരളം
കൊച്ചി: കൊച്ചി മെട്രോ ഈ ഞായറാഴ്ച അര മണിക്കൂർ നേരത്തെ സർവ്വീസ് തുടങ്ങും. ഒപ്പം അധിക സര്‍വ്വീസുമുണ്ട്. യുപിഎസ്‍സി പരീക്ഷ നടക്കുന്നതിനിലാണ് മെട്രോ നേരത്തെ സര്‍വ്വീസ് തുടങ്ങുന്നത്.
ഞായറാഴ്ച യുപിഎസ്‍സി എൻജിനിയറിംഗ് സർവ്വീസസ്, കമ്പൈൻഡ് ജിയോ സയന്‍റിസ്റ്റ് പരീക്ഷകൾ നടക്കുന്നതിനാലാണ് കൊച്ചി മെട്രോയുടെ സർവ്വീസ് സമയം ദീർഘിപ്പിച്ചത്. പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്താൻ ഞായറാഴ്ച രാവിലെ 7 മണി മുതൽ സർവ്വീസ് തുടങ്ങും. ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നാണ് സർവ്വീസ് ആരംഭിക്കുക. നിലവിൽ ഞായറാഴ്ചകളില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ സർവ്വീസ് തുടങ്ങുന്നത്.
അതിനിടെ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിലെ അവസാന ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ് എൻ ജംഗ്ഷൻ – തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക.
ഫെബ്രുവരി 12, 13 തീയതികളിൽ തൃപ്പൂണിത്തുറ സ്റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ, സിസ്റ്റം, സിഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിച്ചത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ കമ്മീഷണർ അനന്ദ് എം ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെട്രോ സർവ്വീസ് ആരംഭിക്കുന്നതിന് അംഗീകാരം നൽകിക്കൊണ്ടുള്ള ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ മറുപടി എത്രയും വേഗം ലഭിക്കുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.
by Midhun HP News | Feb 17, 2024 | Latest News, കേരളം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ മുതിർന്ന നേതാക്കൾ അടക്കം പ്രമുഖരെയാണ് സിപിഎം മത്സരരംഗത്തിറക്കുന്നത്. പരിചയസമ്പന്നരെ കളത്തിലിറക്കി പരമാവധി സീറ്റുറപ്പാക്കാനാണ് സിപിഎം നീക്കം.
കൊല്ലത്ത് നടനും എംഎൽഎയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക് ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവൻ മത്സര രംഗത്തേക്ക് വരും. ആലത്തൂർ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായത്.
കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയിൽ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയിൽ മുൻ മന്ത്രി കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂർ എം വി ജയരാജനും കാസറകോട് എൻ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്.എറണാകുളം, ചാലക്കുടി സീറ്റിൽ ധാരണ ആയില്ല. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ഈ സീറ്റുകളിൽ ഇന്ന് ധാരണയായേക്കും.
by Midhun HP News | Feb 17, 2024 | Latest News, കേരളം
തിരുവനന്തപുരം: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐഎസ്ആര്‍ഒ നിര്‍മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3ഡി എസ് ഇന്ന് വിക്ഷേപിക്കും. ജിഎസ്എല്‍വി എഫ്-14 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകീട്ട് 5.35-നാണ് വിക്ഷേപണം നടക്കുക.
കാലാവസ്ഥ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും. ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.
കാലാവസ്ഥാനിരീക്ഷണം, വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് (ഇന്‍സാറ്റ്) ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡിഎസ് ഭൗമശാസ്ത്ര മന്ത്രാലയത്തിനുവേണ്ടി നിര്‍മിച്ച ഇന്‍സാറ്റ് 3 ഡിഎസ് ഇപ്പോള്‍ ഭ്രമണപഥത്തിലുള്ള ഇന്‍സാറ്റ് 3 ഡി, 3 ഡിആര്‍ എന്നീ ഉപഗ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഏറ്റെടുക്കുക.
1982-ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 1 എ ആയിരുന്നു ഈ ശ്രേണിയിലെ ആദ്യത്തേതെങ്കിലും അത് വിജയിച്ചില്ല. എന്നാല്‍, ഇന്‍സാറ്റ് 1 ബി പത്തുവര്‍ഷക്കാലം വിജയകരമായി പ്രവര്‍ത്തിച്ചു. ഈ ശ്രേണിയിലെ അവസാന ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിആര്‍ 2016 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്.
by Midhun HP News | Feb 17, 2024 | Latest News, കേരളം
കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
കണ്ണൂർ ജില്ലയിലാണ് സ്ഥിതി കൂടുതൽ രൂക്ഷമാകുക. 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. കോട്ടയം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും വരെയും ചൂട് ഉയരും. സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും
പകൽ 11 മുതൽ 3 മണി വരെയുള്ള സമത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി വെള്ളം കുടിക്കണം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രം ധരിക്കണം, ചെരുപ്പ് നിർബന്ധമായും ഉപയോഗിക്കണം.
Recent Comments