നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം

നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു.ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളുമടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത ട്രേഡ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്.

വന്യജീവി സംഘർഷം: ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം. സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെയാണ് നിയമിക്കുക. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സർക്കാർ കേന്ദ്രത്തെ സമീപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണെന്നും അതില്‍ മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാരുടെ യോഗം ഓണ്‍ലൈനായി നടത്തി. ഇത്തരം യോഗങ്ങള്‍ കൃത്യമായി ചേരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. റവന്യു, പൊലിസ്, വനം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന കമാന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തണം. ഇവരുള്‍പ്പെടുന്ന വാര്‍റൂം സജ്ജമാക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതിയും രൂപീകരിക്കും. ആര്‍ആര്‍ടികള്‍ സ്ഥിരമാക്കണം. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണം. ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള അറിയിപ്പ് നല്‍കാനാകണം. റെഡിയോ, കമ്മ്യൂണിറ്റി റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍, വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കണം.

വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളായി. വയര്‍ലെസ് സെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങാനുള്ള അനുമതി നല്‍കി കഴി‍ഞ്ഞു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക ടീം ശക്തിപ്പെടുത്തണം. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഒരു സ്പെഷ്യല്‍ ഓഫീസറെ വയനാട് ജില്ലയില്‍ നിയമിക്കും.

വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിങ്ങ് രീതികള്‍ പരീക്ഷിക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാന്‍ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുന്ന കാര്യം കര്‍ണ്ണാടക സര്‍ക്കാരുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കണം. വന്യമൃഗങ്ങള്‍ക്കുള്ള തീറ്റ വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ സെന്ന മരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്ക്കരിക്കണം. ജൈവ മേഖലയില്‍ കടക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കും.

ജനവാസ മേഖലകളില്‍ വന്യജീവി വന്നാല്‍ കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് കലക്ടര്‍ക്കുള്ള അധികാരം ഉപയോഗിക്കാവുന്നതാണ്. ജനങ്ങള്‍ക്ക് രക്ഷ നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുത് എന്ന ജാഗ്രത ഉണ്ടാകണം. നിലവിലുള്ള ട്രെ‍ഞ്ച്, ഫെന്‍സിങ്ങ് എന്നിവ പുനഃസ്ഥാപിക്കാനുണ്ടെങ്കില്‍ ഉടന്‍ ചെയ്യണം. ഫെന്‍സിങ്ങ് ഉള്ള ഏരിയകളില്‍ അവ നിരീക്ഷിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമിതികള്‍ രൂപീകരിക്കും. കുരങ്ങുകളുടെ എണ്ണം വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആലോചിക്കണം. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയെ വനം വകുപ്പില്‍ തന്നെ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വന്യമൃഗ ആക്രമണം മൂലം സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്കുള്ള സഹായം ആലോചിക്കും. റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിച്ചു കൊണ്ടുവരാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ നടപടിയെക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. രാത്രികളില്‍ വനമേഖലയിലെ റിസോര്‍ട്ടുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കണം. അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ രാത്രിയില്‍ പെട്രോളിങ്ങ് ശക്തിപ്പെടുത്തണം. സ്വാഭാവിക വനവല്‍ക്കണം നടത്തണം. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ വനവല്‍ക്കരണം നടത്തണം. തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരുവുനായ കുറുകെ ചാടി; മുച്ചക്ര സ്‌കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു

തെരുവുനായ കുറുകെ ചാടി; മുച്ചക്ര സ്‌കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു

കണ്ണൂര്‍: കൊട്ടിയൂരില്‍ തെരുവുനായ കുറുകെ ചാടി മുച്ചക്ര സ്‌കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂര്‍ സ്വദേശി എഎം രമണിയാണ് മരിച്ചത്. കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

വ്യാഴാഴ്ച രാവിലെ 11ന് സ്‌കൂട്ടര്‍ സര്‍വീസിന് നല്‍കാന്‍ പോകവേ ഹാജി റോഡ്അയ്യപ്പന്‍കാവ് റോഡിലായിരുന്നു അപകടം. ഇറക്കത്തില്‍വച്ച് തെരുവുനായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍, സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഹെല്‍മറ്റ് തകര്‍ന്ന് സമീപത്തെ മരത്തിലും കല്ലിലും രമണിയുടെ തല ഇടിച്ചു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയിലെത്തി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി.

ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. മാസാദ്യം ഗ്രാമിന് 5815 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഈ നിലയിലേക്ക് വില കൂപ്പുകുത്തിയത്. 12 ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.

തൃപ്പൂണിത്തുറ സ്‌ഫോടനം: കരയോഗം ഭാരവാഹികള്‍ കസ്റ്റഡിയില്‍; പിടിയിലായത് മൂന്നാറില്‍ നിന്ന്

തൃപ്പൂണിത്തുറ സ്‌ഫോടനം: കരയോഗം ഭാരവാഹികള്‍ കസ്റ്റഡിയില്‍; പിടിയിലായത് മൂന്നാറില്‍ നിന്ന്

കൊച്ചി: തൃപ്പൂണിത്തുറയിവെ വെടിക്കെട്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയകാവ് ക്ഷേത്രത്തില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന കേസില്‍ തെക്കുംഭാഗം കരയോഗം ഭാരവാഹികള്‍ ഉള്‍പ്പെടെ പിടിയലായിട്ടുണ്ട്. മൂന്നാറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

അപകടത്തിന് പിന്നാലെ ക്ഷേത്ര ഭാരവാഹികളും കരയോഗ ഭാരവാഹികളും ഒളിവില്‍ പോയിരുന്നു. കരയോഗത്തിന്റെ പ്രധാന ഭാരവാഹികള്‍ ഉള്‍പ്പെടെ ഹില്‍പ്പാലസ് പൊലീസിന്റെ പിടിയിലായതായിട്ടാണ് വിവരം. തൃപ്പൂണിത്തുറ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ കേസ്. വടക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ടിനായി സ്‌ഫോടക വസ്തുക്കള്‍ ഇറക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടാകുന്നത്. ഇതിന്റെ തലേന്നാണ് തെക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ട് പുതിയകാവ് ക്ഷേത്രത്തില്‍ നടന്നത്.

അധികൃതരുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് ഈ വെടിക്കെട്ട് നടന്നതെന്ന് പൊലീസും ജില്ലാ ഭരണാധികാരികളും വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിലാണ് തെക്കുംഭാഗം കരയോഗം ഭാരവാഹികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്‌ഫോടനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് പറഞ്ഞത്.

കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. സ്‌ഫോടനത്തിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ തൃപ്പൂണിത്തുറ നഗരസഭ ശേഖരിച്ചു വരികയാണ്. പരിശോധന പൂര്‍ത്തിയായ ശേഷം ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സമര്‍പ്പിക്കും. ഇതിനു ശേഷം മാത്രമാകും നഷ്ടപരിഹാരം ലഭ്യമാകുകയുള്ളൂ എന്നാണ് സൂചന. എന്നാല്‍ എത്രയും വേഗം നഷ്ടപരിഹാരം ലഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

മരട് വെടിക്കെട്ടിന് അനുമതിയില്ല; അപേക്ഷ തള്ളി

മരട് വെടിക്കെട്ടിന് അനുമതിയില്ല; അപേക്ഷ തള്ളി

കൊച്ചി: എറണാകുളം മരട് കൊട്ടാരം ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ല. പൊലീസ്, റവന്യൂ, അഗ്നിരക്ഷാസേന എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി.

ഈ മാസം 21, 22 തീയതികളിലാണ് മരട് ക്ഷേത്രത്തില്‍ ഉത്സവം. രണ്ടു ഭാഗത്തിന്റെ വെടിക്കെട്ടാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളുടേയും അപേക്ഷകള്‍ തള്ളുകയായിരുന്നു.

വെടിക്കെട്ടിനുവേണ്ടി മരട് കൊട്ടാരം ഭഗവതി ദേവസ്വവും മരട് തെക്കേ ചേരുവാരവും മരട് വടക്കേ ചേരുവാരവും മരട് എന്‍എസ്എസ് കരയോഗവും സംയുക്തമായി നിവേദനം നല്‍കിയിരുന്നു. മരട് വെടിക്കെട്ട് നടത്തുന്നതിനുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട നിവേദനവും നവകേരള സദസ്സില്‍ സമര്‍പ്പിച്ചിരുന്നു.