വന്ദേഭാരത് ട്രെയിനുകളില്‍ തനത് കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

വന്ദേഭാരത് ട്രെയിനുകളില്‍ തനത് കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

ന്യൂഡല്‍ഹി: കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളില്‍ തനത് കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസാണ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷണവിന് കത്തയച്ചത്.

നിലവില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണ് വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്. കേരളത്തിന്റെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ വിദേശ സഞ്ചാരികള്‍ക്കും ഇതൊരു അവസരമാകുമെന്നും കത്തില്‍ പറയുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണെന്നും മലയാളികളായ യാത്രക്കാര്‍ക്ക് സ്വന്തം ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു.

ആശാ പ്രവര്‍ത്തകരുടെ മാതൃകയില്‍ സംസ്ഥാനത്ത് 2000 എ – ഹെല്‍പ്പര്‍മാർ

ആശാ പ്രവര്‍ത്തകരുടെ മാതൃകയില്‍ സംസ്ഥാനത്ത് 2000 എ – ഹെല്‍പ്പര്‍മാർ

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച എ -ഹെല്‍പ്പ് (അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ഓഫ് ലൈവ് സ്റ്റോക്ക്) പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ആശാ വര്‍ക്കര്‍മാരുടെ മാതൃകയില്‍ എ ഹെല്‍പ്പര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 13 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതി കേരളത്തില്‍ കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ മൃഗസംരക്ഷണ മേഖലയ്ക്കും സ്ത്രീശാക്തീകരണത്തിനും കൂടുതല്‍ ശക്തിപകരുന്നതാണ് പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എ ഹെല്‍പ്പര്‍മാര്‍ക്കുള്ള പരിശീലന കിറ്റുകളുടെ വിതരണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു.

കുടുംബശ്രീയുടെ സാന്നിധ്യമോ ഇടപെടലോ ഇല്ലാത്ത ഒരു പ്രവര്‍ത്തനങ്ങളും കേരളീയ സമൂഹത്തില്‍ നടക്കുന്നില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നാടിനാകെ പ്രയോജനപ്പെടുന്ന പദ്ധതിക്കാണ് ഇപ്പോള്‍ തുടക്കമിട്ടത്. തൊഴില്‍, ഉപജീവന മാര്‍ഗം, വരുമാനം എന്നിവ സൃഷ്ടിക്കുന്നതില്‍ മികച്ച മാതൃകയാണ് കുടുംബശ്രീയെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ സബ്‌സിഡി കുറച്ചു; ഇനി 35% മാത്രം സബ്‌സിഡി, 13 ഇനങ്ങൾക്ക് വില ഉയരും

സപ്ലൈകോ സബ്‌സിഡി കുറച്ചു; ഇനി 35% മാത്രം സബ്‌സിഡി, 13 ഇനങ്ങൾക്ക് വില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക.

സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധി മുൻനിര്‍ത്തി വില വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശത്തെ തുടർന്ന് നവംബറിൽ എൽഡിഎഫ് നേതൃയോഗം വില വര്‍ധിപ്പിക്കാമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വില വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്.

ട്രാന്‍സ്ജെന്‍ഡര്‍ കലോല്‍സവത്തിന് ഫെബ്രുവരി 17ന് തുടക്കം

ട്രാന്‍സ്ജെന്‍ഡര്‍ കലോല്‍സവത്തിന് ഫെബ്രുവരി 17ന് തുടക്കം

തൃശൂര്‍: സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം – വര്‍ണ്ണപ്പകിട്ട് ഫെബ്രുവരി 17ന് തൃശൂരില്‍ തിരിതെളിയും. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഫെബ്രുവരി 17, 18, 19 തീയതികളിലായി തൃശ്ശൂര്‍ ടൗണ്‍ഹാള്‍, എഴുത്തച്ഛന്‍ സമാജം ഹാള്‍ എന്നിവിടങ്ങളിലായാണ് കലാപരിപാടികള്‍.

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു വര്‍ണ്ണപ്പകിട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, പി ബാലചന്ദ്രന്‍എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭാ മേയര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ഉദ്ഘാടനച്ചടങ്ങിനു ശേഷം കലാവിരുന്ന് സമ്മാനിക്കും. 18ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴു വരെയും, 19ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു വരെയുമായിരിക്കും കലാവിരുന്ന്. 19ന് വൈകിട്ട് അഞ്ചു മണിക്കാണ് സമാപനസമ്മേളനം.

ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പ്. അതിന്റെ ഭാഗമായി, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹ്യ പുന:സംയോജനത്തിന് ഉതകുന്ന വിധത്തിലാണ് വര്‍ണ്ണപ്പകിട്ട് ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും വേണ്ടി ‘വര്‍ണ്ണപ്പകിട്ട്’ എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം 2019-ല്‍ ആണ് ആദ്യമായി സംസ്ഥാനത്ത് ആരംഭിച്ചത്. കോവിഡ് രോഗവ്യാപനം കാരണം രണ്ടു വര്‍ഷങ്ങളില്‍ നടത്താന്‍ സാധിക്കാതെ വന്ന വര്‍ണ്ണപ്പകിട്ട്, കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്.

വ്യാജ രേഖ ഉണ്ടാക്കി, സിനിമാ നിര്‍മാണത്തിന് പണം വാങ്ങി പറ്റിച്ചു; 42 കാരൻ അറസ്റ്റിൽ

വ്യാജ രേഖ ഉണ്ടാക്കി, സിനിമാ നിര്‍മാണത്തിന് പണം വാങ്ങി പറ്റിച്ചു; 42 കാരൻ അറസ്റ്റിൽ

തൃശൂര്‍: വ്യാജ രേഖയുണ്ടാക്കി സിനിമാ നിര്‍മാണത്തിന് പണം കണ്ടെത്തിയ കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. പാട്ടുരായ്ക്കല്‍ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ആര്‍ മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജ രേഖകള്‍ ഉണ്ടാക്കി ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയുടെ കൈയില്‍നിന്നും എട്ട് കോടി 40 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നതാണ് കേസ്.

പണം ഉപയോഗിച്ച് സിനിമ നിര്‍മിച്ചെങ്കിലും കാലാവധി കഴിഞ്ഞും പണം മടക്കി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ അഞ്ചുപേരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും രേഖകളും ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്.

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 402 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. SS 588585 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SY 271701 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.