ലോണെടുത്ത് വീടുപണിതു, പിറ്റേന്ന് തകര്‍ന്നു തരിപ്പണം; അന്തിയുറങ്ങാന്‍ പോലുമാകാത്ത നിരാശയില്‍ ദമ്പതികള്‍

ലോണെടുത്ത് വീടുപണിതു, പിറ്റേന്ന് തകര്‍ന്നു തരിപ്പണം; അന്തിയുറങ്ങാന്‍ പോലുമാകാത്ത നിരാശയില്‍ ദമ്പതികള്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിമരുന്നിന് തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ തകര്‍ന്ന വീടുകളില്‍ ഒന്നിന്റെ ഗൃഹപ്രവേശനം നടന്നത് ഞായറാഴ്ച. ചൂരക്കാട് വൈഎംഎ റോഡിലെ ശ്രീവിലാസില്‍ ശ്രീനാഥിന്റെ വീടാണ് ഗൃഹപ്രവേശനത്തിന് തൊട്ടടുത്ത ദിവസം തന്നെ തകര്‍ന്നത്. സ്‌ഫോടനമുണ്ടായ പടക്കശാലയ്ക്ക് സമീപത്തായിരുന്നു വീട്.

ഒന്ന് അന്തിയുറങ്ങാന്‍ പോലും പറ്റാത്ത വിധത്തില്‍ പൊട്ടിത്തെറിയില്‍ വീടിന് നാശനഷ്ടമുണ്ടായി. വീടിന്റെ അകത്തും പുറത്തുമെല്ലാം ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറിക്കിടക്കുകയാണ്. ബാല്‍ക്കണിയിലെ വാതിലിന്റെ പൂട്ട് തകര്‍ന്നു. ബാല്‍ക്കണിയിലെ ഗ്ലാസും പൊട്ടിത്തകര്‍ന്നു. വീടാകെ പൊട്ടിയ ജനല്‍ച്ചില്ലുകളാണ്.

വീടിന്റെ കട്ടിലയുടെ ഒരു ഭാഗം ഉള്‍പ്പെടെ അടര്‍ന്നു വീണു. മുപ്പതിലേറെ ജനലുകള്‍ തകര്‍ന്നു. നാലു ബാത്‌റൂമുകള്‍ വാതിലുകള്‍ അടയ്ക്കാന്‍ പറ്റാത്ത വിധം നാശമായതായും ശ്രീനാഥ് പറഞ്ഞു. പഴയ വീടിരുന്ന സ്ഥലത്ത് അതു പൊളിച്ചാണ് പുതിയ വീടു വെച്ചത്. ഇതിനു സമീപം വാടക വീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. ഞായറാഴ്ചയാണ് ഗൃഹപ്രവേശം നടന്നത്. ഫെബ്രുവരി 15 ഓടെ പുതിയ വീട്ടിലേക്ക് താമസം മാറ്റാനാണ് തീരുമാനിച്ചിരുന്നത്. വീടു തകര്‍ന്നതോടെ വീണ്ടും വാടക വീടിനെ ആശ്രയിക്കേണ്ട അവസ്ഥയായി. ലോണ്‍ എടുത്താണ് വീടു പണി നടത്തിയത്. ചില ജോലികള്‍ ഇനിയും പൂര്‍ത്തിയായിരുന്നില്ല. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ ശ്രീനാഥ് പറഞ്ഞു.

പൊട്ടിത്തെറിയുണ്ടാകുമ്പോള്‍ വീട്ടില്‍ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും ശ്രീനാഥിന്റെ പിതാവ് മുരളീധരനുമുണ്ടായിരുന്നു. ഗൃഹപ്രവേശനം നടന്ന ദിവസം പൊട്ടിത്തെറിയുണ്ടാകാതിരുന്നത് ഭാഗ്യമാണെന്നും, അല്ലെങ്കില്‍ വളരെയേറെ പേര്‍ക്ക് പരിക്കേറ്റേനെയേന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ടിനായി ശേഖരിച്ച വെടുമരുന്നാണ് പൊട്ടിത്തെരിച്ചത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആന മണ്ണുണ്ടി പ്രദേശത്ത് തന്നെ വനമേഖലയിൽ തുടരുന്നതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലർച്ചെ വനത്തിലേക്ക് തിരിച്ചിട്ടുണ്ട്. റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള ആർ ആർ ടി – വെറ്റിനറി സംഘാംഗങ്ങൾ കാടുകയറും.

ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനം വകുപ്പ് സംഘം എത്തിയിരുന്നു. ഒരുതവണ മയക്കുവെടി വച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇന്നലെ രാത്രി 65 ഓളം ഉദ്യോഗസ്ഥർ പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.

വന്യമൃഗ ശല്യം തുടർച്ചയായ പശ്ചാത്തലത്തിൽ ഇന്ന് വയനാട്ടിലെ ഏതാനും കർഷക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫാർമേഴ്സ് റിലീഫ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക കോൺഗ്രസും പിന്തുണ നൽകിയിട്ടുണ്ട്.

ജീവിതത്തിന്റെ സുഖമെഴും കയ്പ്പും മധുരവും ആരിത്ര പകര്‍ത്തി? ഓര്‍മകളില്‍ ഒഎന്‍വി

ജീവിതത്തിന്റെ സുഖമെഴും കയ്പ്പും മധുരവും ആരിത്ര പകര്‍ത്തി? ഓര്‍മകളില്‍ ഒഎന്‍വി

അവിസ്മരണീയ ഗാനങ്ങളിലൂടെ മലയാളത്തെ ഭാവസാന്ദ്രമാക്കിയ പ്രിയകവി ഒഎന്‍വി കുറുപ്പ് ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ടുവര്‍ഷം. ആത്മാവിനെ തൊട്ടുണര്‍ത്തിയ കവിതയിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടംപിടിച്ച കാവ്യസൂര്യന് ഇന്ന് സ്മരണാഞ്ജലി അര്‍പ്പിക്കുകയാണ് കേരളം.

പ്രകൃതിയും ഭൂമിയും സമരവും സ്വാതന്ത്ര്യവുമൊക്കെ നിറഞ്ഞുനിന്ന അസാധാരണമായ കാവ്യയാത്രയായിരുന്നു ഒഎന്‍വിയുടേത്. ഗാനവും കവിതയും തമ്മിലുള്ള അകലം ഇല്ലാതാക്കിയ ഒഎന്‍വി ഭാഷയെ കെടാതെ സൂക്ഷിക്കേണ്ട പ്രകാശനാളമായി കണ്ടു. മനുഷ്യരാശിയുടെ അതിജീവനത്തെപ്പറ്റിയുള്ള ആശങ്കകളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അനന്യമായ ബന്ധവുമായിരുന്നു ഒഎന്‍വി കവിതകളുടെ കാതല്‍.

തൃപ്പൂണിത്തുറ സ്ഫോടനം: നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125ലധികം ആളുകൾ

തൃപ്പൂണിത്തുറ സ്ഫോടനം: നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125ലധികം ആളുകൾ

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125 അധികം ആളുകൾ. എൻജിനിയറിങ്ങ് വിഭാഗത്തിന്റെ പരിശോധന ഇന്ന് തുടരും. ഇന്ന് വൈകിട്ടോടെ റിപ്പോർട്ട്‌ തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിക്ക് കൈമാറും. ഇന്നലെ രജിസ്റ്റർ ചെയ്യാതവർക്ക് ഇന്ന് വില്ലേജ് ഓഫിസിൽ എത്തി പേര് വിവരങ്ങൾ നൽക്കാം. സ്ഫോടനത്തിൽ മന്ത്രി പി രാജീവ്‌ ജില്ലാ കളക്ടറോട് റിപ്പോർട്ട്‌ തേടി.

നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും വൈദ്യുതിയില്ല. വീടുകളിൽ അവശിഷ്ടങ്ങൾ ഇപ്പോഴും പൊളിഞ്ഞു വീഴുന്നു. എട്ട് വീടുകൾ പുർണമായും തകർന്നു. 150 ഓളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളവും വൈദ്യുതിയും ഇല്ലാതെ പ്രദേശവാസികൾ ദുരിതത്തിലാണെന്ന് കൗൺസിലർ സുധാ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശവാസികൾക്കായി ഇന്ന് പ്രത്യേക യോഗം ചേരും. ആശങ്കകൾ പരിഹരിക്കുന്നതിനായാണ് യോഗം ചേരുക. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും തുടരും.

വയനാട്ടിൽ ഇന്ന് ഹർത്താൽ

വയനാട്ടിൽ ഇന്ന് ഹർത്താൽ

കല്‍പ്പറ്റ: വയനാട്ടിൽ ഇന്ന് ഹർത്താൽ. ജില്ലയിൽ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം കര്‍ഷകന്‍ അജീഷിനെയും ആന കുത്തികൊന്ന സാഹചര്യത്തിലും ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍.

ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

കര്‍ഷക സംഘടനകള്‍ കഴിഞ്ഞ നാല് വര്‍ഷക്കാലമായി വയനാട്ടില്‍ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകള്‍ ആരോപിച്ചു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങള്‍ക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം ആനയുടെ സാന്നിധ്യം തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരത്തിലെ നാല് ഡിവിഷനിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്നും അവധി പ്രഖ്യാപിച്ചു.

ലാവലിൻ കേസ് പ്രതി കസ്തൂരിരങ്ക അയ്യർ അന്തരിച്ചു

ലാവലിൻ കേസ് പ്രതി കസ്തൂരിരങ്ക അയ്യർ അന്തരിച്ചു

തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസിൽ പ്രതി ചേര്‍ക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ഇദ്ദേഹം സമർപ്പിച്ച ​ഹർജി സുപ്രീം കോടതിയിൽ തീർപ്പാകാതെ ഇപ്പോഴും നിൽക്കുന്നു.

38 തവണയിലേറെയായി സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയാണ്. കേസിൽ വിചാരണ നേരിടണമെന്നു കോടതി വിധിച്ച മൂന്ന് പേരില്‍ ഒരാളാണ് കസ്തൂരിരങ്ക അയ്യർ. ഇന്നലെ രാത്രി കരമന നാ​ഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.’എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’- എന്നായിരുന്നു കേസിൽ 2017ൽ വിചാരണ നേരിടാനുള്ള വിധി വന്നപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്.