സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വര്‍ണവില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വര്‍ധിച്ചത്.

മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി; കാട്ടിലേക്ക് കയറ്റാന്‍ ശ്രമം

മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി; കാട്ടിലേക്ക് കയറ്റാന്‍ ശ്രമം

മലപ്പുറം: മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി. പുലര്‍ച്ചെ നാലിനാണ് നഗരത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. ടൗണിന് സമീപത്തെ സ്വകാര്യ ഭൂമിയില്‍ നിന്നും കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം തുടരുകയാണ്.

പുലര്‍ച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പോത്തിനെ ഓടിച്ച് സ്വകാര്യഭൂമിയിലേക്ക് കയറ്റിയത്. പ്രശ്‌നങ്ങളില്ലാതെ കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ജീവനക്കാര്‍. കഴിഞ്ഞദിവസം നിലമ്പൂരിലെ വടപുറം അങ്ങാടിയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മണിക്കൂറുകല്‍ക്ക് ശേഷമാണ് കാട്ടുപോത്ത് എടക്കോട് വനത്തിലേക്ക് തിരികെ കയറിയത്.

സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ ആറു വയസുകാരന്‍ മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ ആറു വയസുകാരന്‍ മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

പത്തനംതിട്ട: റാന്നിയില്‍ സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. റാന്നി പ്ലാങ്കമണ്‍ ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി ആരോണ്‍ പി വര്‍ഗീസാണ് മരിച്ചത്. ആറ് വയസായിരുന്നു. സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.

സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു കൈക്കുഴയ്ക്കു പരിക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി അനസ്‌തേഷ്യ നല്‍കിയിരുന്നു. വൈകാതെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടര്‍ന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിനുശേഷം വൈകുന്നേരം അമ്മയും അയല്‍വാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുകയും കൂടുതല്‍ ചികിത്സയ്ക്കായി കോഴഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടെവച്ച് ഏകദശം പത്ത് മണിയോടെയാണു കുഞ്ഞിന്റെ മരണം ഡോക്ടര്‍ സ്ഥിരീകരിച്ചതെന്നാണ് എഫ്‌ഐആര്‍.

ഭവന വായ്പ മുടങ്ങി; വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടു; കാഞ്ഞാണിയില്‍ 26കാരന്‍ ജീവനൊടുക്കി

ഭവന വായ്പ മുടങ്ങി; വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടു; കാഞ്ഞാണിയില്‍ 26കാരന്‍ ജീവനൊടുക്കി

തൃശൂര്‍: സ്വകാര്യബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന്‍ വിഷ്ണുവാണ് മരിച്ചത്. 26 വയസായിരുന്നു.

പന്ത്രണ്ട് വര്‍ഷം മുന്‍പ് വീടുവയ്ക്കാനായി വിഷ്ണുവിന്റെ കുടുംബം കാഞ്ഞാണി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നും എട്ടുലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. 8,74,000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തതായി വിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് കാലത്തുള്‍പ്പടെ തിരിച്ചടവ് മുടങ്ങിയതോടെ ആറ് ലക്ഷം രൂപ കുടിശികയായി. കുടിശ്ശിക തുക അടയ്ക്കാനായി നിരന്തരമായി ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതായും ഇന്ന് വീട് ഒഴിയാനും താക്കോല്‍ കൈമാറണമെന്നും ബാങ്ക് പ്രതിനിധി അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

ബന്ധുവിന്റെ വീട്ടിലേക്ക് മാറുന്നതിനായി എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. സാധനങ്ങളെല്ലാം പാക്ക് ചെയ്തു വയ്ക്കുകയും ചെയ്തു. അതിനിടെ ഇന്ന് രാവിലെയാണ് വിഷ്ണു വീട്ടിലെ മുറിയില്‍ കയറി ആത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാല ചാര്‍ത്തി; 23കാരന്‍ അറസ്റ്റില്‍

ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാല ചാര്‍ത്തി; 23കാരന്‍ അറസ്റ്റില്‍

ബംഗളൂരു: ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലാണ് സംഭവം. 23കാരനായ അകാഷ് തല്‍വാറാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ലോക്സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മഞ്ജു വാര്യരും?; സാധ്യത തള്ളാതെ എല്‍ഡിഎഫ്

ലോക്സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മഞ്ജു വാര്യരും?; സാധ്യത തള്ളാതെ എല്‍ഡിഎഫ്

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ കടന്നു. കഴിയുന്നത്ര സീറ്റുകളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കണമെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ധാരണയായത്. ഇതു പ്രകാരം എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി മണ്ഡലം തിരികെ പിടിക്കാന്‍ കരുത്തരെ തേടുകയാണ് പാര്‍ട്ടി.

ചാലക്കുടിയില്‍ സിനിമാ താരം മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചനകളുള്ളതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സിനിമാനടന്‍ ഇന്നസെന്റിനെ മത്സരിപ്പിച്ച് സിപിഎം ചാലക്കുടി മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ബെന്നി ബഹനാന്‍ ആണ് നിലവില്‍ ചാലക്കുടിയുടെ എംപി.

2014 ല്‍ അപ്രതീക്ഷിതമായി ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായതുപോലെ, അവസാന നിമിഷം മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും, ഈ ഘട്ടത്തില്‍ മഞ്ജു വാര്യര്‍ അടക്കം ഒരു പേരും തള്ളിക്കളയുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി സൂചിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.