ദേശീയപാത 66ന്റെ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: 45 മീറ്റര്‍ വീതിയില്‍ ദേശീയപാത 66ന്റെ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ഒരിടത്തും നിര്‍മാണം മുടങ്ങിയിട്ടില്ല.യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടുകൂടിയ ഇടപെടലിലാണ് സാധ്യമാകുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

2019 ജൂണ്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വിളിച്ചുചേര്‍ത്ത യോഗമാണ് സ്ഥലം ഏറ്റെടുക്കല്‍ പ്രശ്നം ചര്‍ച്ച ചെയ്തത്. യോഗത്തില്‍ ചെലവിന്റെ 25 ശതമാനം കേരളം വഹിക്കണമെന്ന നിലപാട് ദേശീയപാത അതോറിറ്റി സ്വീകരിച്ചു. ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ജൂണ്‍ 19ന് ഉന്നതയോഗം വിളിച്ചു. ദേശീയപാത വികസനം സാധ്യമാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക വഹിക്കാനുള്ള തീരുമാനം എടുത്തു. രാജ്യത്ത് ആദ്യമായാണ് ഒരുസംസ്ഥാന സര്‍ക്കാര്‍ ദേശീയപാത വികസനത്തിന് ഫണ്ട് ചെലവിക്കുന്നത്.

സമയബന്ധിതമായി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചു. ദേശീയപാത വികസനത്തിന് കേരളം 5580.73 കോടി രൂപയാണ് ചെലവഴിച്ചത്. ഇക്കാര്യം നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, കോവളം -കാരോട് ബൈപാസ്, നീലേശ്വരം ആര്‍ഒബി എന്നിവ തുറന്നു. തലശേരി -മാഹി ബൈപാസ്, മൂരാട് പാലം എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 17 പദ്ധതിയുടെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. അരൂര്‍ -തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടന്നുവരികയാണ്. ഇടപ്പള്ളി- അരൂര്‍ എലിവേറ്റഡ് ഹൈവേയ്ക്കുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ട്രെയിനിന്റെ അടിയിൽപ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു

പാലക്കാട്: ട്രെയിനിൻറെ അടിയിൽപ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് സ്വദേശി 63കാരിയായ മേരിക്കുട്ടിയ്ക്കാണ് അപകടമുണ്ടായത്.

പാലക്കാട് ഒലവക്കോട് റെയിൽവെ സ്റ്റേഷനിലാണ് സംഭവം. അമൃത എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തേ കാലോടെയാണ് അപകടമുണ്ടായത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എ സി പ്രവര്‍ത്തിക്കാത്തതില്‍ യാത്രക്കാരുടെ പ്രതിഷേധം; കൊച്ചി-ഷാര്‍ജ വിമാനം വൈകി

എ സി പ്രവര്‍ത്തിക്കാത്തതില്‍ യാത്രക്കാരുടെ പ്രതിഷേധം; കൊച്ചി-ഷാര്‍ജ വിമാനം വൈകി

കൊച്ചി: എ സി പ്രവര്‍ത്തിപ്പിക്കാത്തതില്‍ കൊച്ചി-ഷാര്‍ജ വിമാനത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ 1.40 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. എയര്‍ കണ്ടീഷന്‍ ഇല്ലാതെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചത്.

വിമാനത്തിന് കൃത്യസമയത്ത് പുറപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടികളും, പ്രായമേറിയവരും ബുദ്ധിമുട്ട് അറിയിച്ചതോടെ വിമാനത്തിന്റെ അടച്ച ഡോര്‍ വീണ്ടും തുറന്നിടാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് സിഗ്‌നല്‍ കിട്ടാത്തതിനാലാണ് വിമാനം പുറപ്പെടാന്‍ വൈകുന്നതെന്നും ടേക്ക് ഓഫിന് തൊട്ടുമ്പ് വിമാനത്തില്‍ എ.സി പ്രവര്‍ത്തിപ്പിക്കാമെന്നും ജീവക്കാര്‍ക്ക് ഉറപ്പ് നല്‍കി.

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറി, ട്രാന്‍സ് പുരുഷന് കുഞ്ഞ് പിറന്നു

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറി, ട്രാന്‍സ് പുരുഷന് കുഞ്ഞ് പിറന്നു

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്ക് സ്വന്തം രക്തത്തില്‍ കുഞ്ഞ് പിറന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിവാഹിതനായ കോഴിക്കോട് സ്വദേശിക്കും പങ്കാളിക്കുമാണ് ആണ്‍കുട്ടി ജനിച്ചത്.

കൊച്ചി റിനൈ മെഡിസിറ്റി അനെക്‌സിലെ സമഗ്ര വന്ധ്യതാവിഭാഗത്തിലെ ചികിത്സയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ട്രാന്‍സ് പുരുഷന്‍ അച്ഛനായത്. ലിംഗമാറ്റത്തിന് വിധേയനാകുന്നതിനുമുമ്പ് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി 2021ല്‍ അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച് ഭ്രൂണമാക്കി ശീതീകരിച്ചുവച്ചിരുന്നു. അണ്ഡം ഐവിഎഫ് ചികിത്സയ്ക്കുസമാനമായ രീതിയില്‍ പുറത്തെടുത്ത് ബീജ സങ്കലനം നടത്തി ഭ്രൂണമായി ശീതീകരിച്ച് വയ്ക്കുകയാണ് ചെയ്തത്. ലിംഗമാറ്റത്തിനുള്ള ഹോര്‍മോണ്‍ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുംശേഷം നിയമപ്രകാരം വിവാഹം ചെയ്ത പങ്കാളിയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചു.

ഇത്തരത്തില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ട്രാന്‍സ് പുരുഷന് സ്വന്തം രക്തത്തില്‍ കുഞ്ഞ് പിറക്കുന്നത് രാജ്യത്ത് ആദ്യമാണെന്ന് റിനൈ മെഡിസിറ്റി സെന്റര്‍ ഫോര്‍ റീ പ്രൊഡക്ടീവ് ഹെല്‍ത്തിലെ ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. ജിഷ വര്‍ഗീസ് അവകാശപ്പെട്ടു. സങ്കീര്‍ണമായ ചികിത്സാരീതിയാണിത്. ഭ്രൂണനിക്ഷേപം ആദ്യതവണ തന്നെ വിജയമായി. ഡിസംബറില്‍ 2.8 കിലോയുള്ള ആരോഗ്യവാനായ ആണ്‍കുഞ്ഞാണ് പിറന്നത്.

മാനന്തവാടി നഗരത്തില്‍ പരിഭ്രാന്തി പടര്‍ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍

മാനന്തവാടി നഗരത്തില്‍ പരിഭ്രാന്തി പടര്‍ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍

മാനന്തവാടി: വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. തുടര്‍ന്ന് ആന മാനന്തവാടി നഗരത്തിലുമെത്തി. ആന കോടതി വളപ്പില്‍ കയറി.

കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ വനത്തിലേക്ക് തിരികെ കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ മാനന്തവാടിയില്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളിലെത്തിയ കുട്ടികളെ പുറത്തിറങ്ങാതെ സുരക്ഷിതമായി നിര്‍ത്തണം. വീട്ടില്‍ നിന്നും ഇറങ്ങാത്ത കുട്ടികള്‍ സ്‌കൂളിലേക്ക് പുറപ്പെടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാട്ടര്‍ അതോറിറ്റി എല്‍ഡി ക്ലര്‍ക്ക്, അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണം: ഹൈക്കോടതി

വാട്ടര്‍ അതോറിറ്റി എല്‍ഡി ക്ലര്‍ക്ക്, അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: വാട്ടര്‍ അതോറിറ്റിയിലെ എല്‍ഡി ക്ലര്‍ക്ക് നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. റാങ്ക് പട്ടിക പുനഃക്രമീകരിക്കാന്‍ ഒരു മാസത്തെ സമയമാണ് ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരിക്കുന്നത്.

റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് സി പ്രദീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിജ്ഞാപനം വന്ന 2012 മുതല്‍ കോടതി കയറുന്ന കേസിനാണിപ്പോള്‍ തീര്‍പ്പായിരിക്കുന്നത്.