വീണക്കെതിരെ അതിവേഗം അന്വേഷണത്തിലേക്ക് കടക്കാൻ എസ്എഫ്ഐഒ

വീണക്കെതിരെ അതിവേഗം അന്വേഷണത്തിലേക്ക് കടക്കാൻ എസ്എഫ്ഐഒ

ഡൽഹി: കേന്ദ്ര കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ പരിധിയിലേക്ക് എത്തുമ്പോൾ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും സിഎംആര്‍എല്ലിനും കെഎസ്ഐഡിസിക്കും കുരുക്കുകളേറെ. അന്വേഷണം ഏറ്റെടുക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ ) അതിവേഗം പരിശോധനയിലേക്കും വിളിച്ചുവരുത്തിയുളള ചോദ്യം ചെയ്യലിലേക്കും കടക്കാൻ സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം.

കമ്പനീസ് ആക്ട് 212 എ ആൻഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം. ഇതാണ് എസ്എഫ്ഐഒയ്ക്ക് കൈമാറിയത്. പൊതുതാപര്യാർത്ഥവും, പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം. ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.

ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് കമ്പനികളിൽ നിന്നും എസ്എഫ്ഐഒ ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ തേടിയേക്കാം. അല്ലെങ്കിൽ നേരിട്ട് പരിശോധന നടത്താനോ കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനോ ഉള്ള സാധ്യതയുമുണ്ട്. അന്വേഷണത്തിൽ കുറ്റകൃത്യം തെളിഞ്ഞാൻ അറസ്റ്റിനും പ്രോസിക്യൂഷനും അടക്കം അധികാരമുള്ള ഏജൻസിയാണ് എസ്എഫ്ഐഒ.

ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു

ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു

കൊച്ചി: കിറ്റക്സ് എംഡിയും ട്വന്റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് നടപടി.

പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമപ്രകാരം പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 21ന് കോലഞ്ചേരി കോളജ് ഗ്രൗണ്ടില്‍ നടന്ന പൂതൃക്ക പഞ്ചായത്ത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പേരെടുത്ത് പറയാതെ എംഎല്‍എയെ ആക്ഷേപിച്ചെന്നാണ് പരാതി. സാബു എം ജേക്കബിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികളിലേയ്ക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡിവൈ.എസ്.പി ടി.ബി. വിജയനാണ് അന്വേഷണ ചുമതല.

”ഫിലിപ്സ്’ചിത്രത്തിന് ഇന്നസെന്റിന് ശബ്ദം നൽകുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുള്ളതുപോലെ തോന്നി’: കലാഭവൻ ജോഷി

”ഫിലിപ്സ്’ചിത്രത്തിന് ഇന്നസെന്റിന് ശബ്ദം നൽകുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുള്ളതുപോലെ തോന്നി’: കലാഭവൻ ജോഷി

നടൻ ഇന്നസന്റിന്റെ അവസാന ചിത്രമായ ‘ഫിലിപ്സ്’ ഇപ്പോൾ ഒ ടി ടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നസെന്റ് എന്ന മഹാ നടൻ ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് അഭിനയിച്ച ചിത്രത്തിന് ഡബ്ബ് ചെയ്യാൻ ഇന്നസെന്റിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ‘ഫിലിപ്സ്’ എന്ന ചിത്രത്തിന് ഇന്നസെന്റിന് വേണ്ടി ശബ്‍ദം നൽകിയിരിക്കുന്നത് മിമിക്രി താരമായ കലാഭവൻ ജോഷിയാണ്.

മറ്റൊരാൾ ഡബ്ബ് ചെയ്തിരിക്കുന്നതാണെന്ന് പ്രേക്ഷകർക്ക് ഒരിക്കലും തിരിച്ചറിയാത്ത രീതിയിലാണ് കലാഭവൻ ജോഷി ഇന്നസന്റിനു ശബ്ദമായി നൽകിയിരിക്കുന്നത്. ഫിലിപ്സ് എന്ന സിനിമയിൽ ഇന്നസെന്റിന് ശബ്ദം നൽകുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുള്ളതുപോലെ തോന്നി എന്ന് ജോഷി പറഞ്ഞു. ഇന്നസെന്റിന്റെ ജനന ദിവസമായ ഫെബ്രുവരി 28 ൽ തന്നെ ജനിക്കാൻ കഴിഞ്ഞതും ഒരു നിമിത്തമാണെന്ന് ജോഷി പറഞ്ഞു.

‘ഇന്നസെന്റ് ചേട്ടൻ മരിച്ചതിന് ശേഷം ‘ഫിലിപ്സ്’ എന്ന സിനിമയിൽ മണിയാശാൻ എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വേണ്ടി ശബ്ദം കൊടുത്തു. ഞാൻ അത് ചെയുമ്പോൾ ഇന്നസന്റ് ചേട്ടന്റെ ആത്മാവ് എന്നോടൊപ്പം ഉള്ളതുപോലെ തോന്നി. ഒരുപാട് നിരൂപകർ അതിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു, അതിന് ദൈവത്തോട് നന്ദി പറയുന്നു.ഇന്നസന്റ് ചേട്ടന്റെ വീട്ടുകാർ എന്നെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരമായി ഞാൻ കരുതുന്നു. ഫിലിപ്സ് എന്ന സിനിമയിൽ പല വികാരങ്ങളിൽ ശബ്ദം കൊടുക്കണമായിരുന്നു. പടം കണ്ടിട്ട് ഇന്നസന്റ് ചേട്ടന്റെ മകൻ ചോദിച്ചത് അതിൽ എവിടെയെങ്കിലും അപ്പച്ചൻ ശബ്ദം കൊടുത്തിട്ടുണ്ടോ എന്നാണ്. അപ്പോൾ അണിയറപ്രവർത്തകർ പറഞ്ഞു,‘‘ഇല്ല അത് ജോഷി തന്നെയാണ് മുഴുവൻ ചെയ്തത്’. ഇന്നസന്റ് എന്ന നടൻ ഇല്ലെങ്കിൽ കലാഭവൻ ജോഷി എന്ന ആളില്ല. എനിക്ക് ഇപ്പോൾ കിട്ടിയ ഭാഗ്യങ്ങളുടെയെല്ലാം കാരണം ഇന്നസന്റ് ചേട്ടനാണ്. എല്ലാം ഒരു നിമിത്തമാണ്” ജോഷി പറയുന്നു.

കേരളത്തിലെ പ്രശ്നങ്ങൾ പാരഡിയിലൂടെ അവതരിപ്പിക്കുന്ന പരിപാടികൾ ആയിരുന്ന ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്നിവയിലൊക്കെ ദിലീപിന് ശേഷം ഇന്നസന്റിന്റെ ശബ്ദം അവതരിപ്പിച്ചത് കലാഭവൻ ജോഷി ആയിരുന്നു. ഇന്നസെൻറ്റിന്റെ ശബ്ദം അവതരിപ്പിച്ചതിന് കലാഭവൻ ജോഷിക്ക് നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഹണി ട്രാപ്പ്: ദമ്പതികളടക്കം 7 പേർ പിടിയിൽ

ഹണി ട്രാപ്പ്: ദമ്പതികളടക്കം 7 പേർ പിടിയിൽ

കാസർകോട്: മധ്യവയസ്ക്കനിൽ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘം പിടിയിൽ. അഞ്ച് ലക്ഷം രൂപയാണ് സംഘം 59 കാരനെ ഭീഷണിപ്പെടുത്തി സംഘം തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് മധ്യവയസ്കൻ പൊലീസിനെ സമീപിച്ചത്.

കോഴിക്കോട് പെരുമണ്ണ സ്വദേശി ഫൈസൽ(37), ഭാര്യ റുബീന(29), കാസർകോട് ഷിറിബാഗിലു സ്വദേശി സിദീഖ്, മാങ്ങാട് സ്വദേശികളായ ദിൽഷാദ്, അബ്ദുല്ലക്കുഞ്ഞി, റഫീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാങ്ങാട് കേന്ദ്രീകരിച്ച് സന്നദ്ധ പ്രവർത്തനം നടത്തിവന്ന മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്‍റെ സൂത്രധാരൻ ദിൽഷാദാണെന്ന് പൊലീസ് പറഞ്ഞു. ദിൽഷാദിന്‍റെ നിർദ്ദേശപ്രകാരം റുബീന വിദ്യാർഥിനി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. പഠനത്തിനായി ലാപ്ടോപ്പ് വാങ്ങി തരുമോയെന്ന് റുബീന 59 കാരനോട് ചോദിച്ചു. വാങ്ങിനൽകാമെന്ന് പരാതിക്കാരനും സമ്മതിച്ചു.

ഇതു നൽകാനായി കഴിഞ്ഞ വ്യാഴാഴ്ച ഇയാൾ മംഗളൂരുവിലെത്തി. അതിനിടെ യുവതി പരാതിക്കാരനെ ഹോട്ടൽ മുറിയിലേക്കെത്തിച്ചു. മുറിയിലുണ്ടായിരുന്ന സംഘത്തിലെ മറ്റുള്ളവർ പരാതിക്കാരനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി യുവതിക്കൊപ്പം നിർത്തി ഫോട്ടോ എടുത്തു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. ഭയന്ന മധ്യവയസ്കൻ 10,000 രൂപ അന്നും ബാക്കി തുക പിറ്റേന്നും നൽകി.

എന്നാൽ ഹണിട്രാപ്പ് സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നിർദ്ദേശം അനുസരിച്ച് പണം നൽകാനെന്ന വ്യാജേന സംഘാംഗങ്ങളെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു.സംഘം മറ്റ് ആളുകളേയും ഇത്തരത്തിൽ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി, രണ്ടുപേര്‍ കസ്റ്റഡിയില്‍

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി, രണ്ടുപേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് വധഭീഷണി ലഭിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിക്കാണ് ഭീഷണി. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നത്.

വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിയുടെ സുരക്ഷ ശക്തമാക്കി. സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറു പൊലീസുകാരെയാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ കാവലിന് നിയോഗിച്ചിട്ടുള്ളത്. ഭാര്യയും അമ്മയും മക്കളും ഉള്‍പ്പെടെ വീട്ടുകാരുടെ മുന്നിലിട്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും, പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ജഡ്ജി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

‘കൂടുതൽ മെഡിക്കൽ കോളേജുകൾ; നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും’; നിർമ്മല സീതാരാമൻ

‘കൂടുതൽ മെഡിക്കൽ കോളേജുകൾ; നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും’; നിർമ്മല സീതാരാമൻ

ഡൽഹി: രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സർക്കാരിൻ്റെ പത്ത് വർഷത്തെ നേട്ടങ്ങൾ പരാമർശിച്ചു കൊണ്ടായിരുന്നു തുടക്കം. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നു. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിൻ്റെ വികസന പദ്ധതികൾ തുടരും. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴിൽ സാധ്യതകൾ വർധിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റേതാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞു. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാർത്യമാക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രഖ്യാപനങ്ങൾ

*ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും
*സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും
*മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും
*കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കും
*ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി
*കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും
*5 ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും
*രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും
*പുതിയ റെയിൽവേ ഇടനാഴി
*സുരക്ഷിത യാത്രക്കായി നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും
*മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും
*വിമാനത്താവള വികസനം തുടരും
*വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും
*വ്യോമഗതാഗത മേഖലയും വിപുലീകരിക്കും
*കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും
*ഇ -വാഹനരംഗ മേഖല വിപുലമാക്കും
*കൂടുതൽ എയർപോർട്ടുകൾ നവീകരിക്കും
*വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം
*സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും
*50 വർഷത്തിൻ്റെ പരിധി സംസ്ഥാനങ്ങൾക്ക് വായ്പ
*പലിശരഹിത വായ്പ
*ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും