80 ലക്ഷം കാത്തിരിക്കുന്നതാരെ? കാരുണ്യ പ്ലസ് KN 507 ലോട്ടറി ഫലം ഇന്ന്

80 ലക്ഷം കാത്തിരിക്കുന്നതാരെ? കാരുണ്യ പ്ലസ് KN 507 ലോട്ടറി ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിൻറെ കാരുണ്യ പ്ലസ് KN 507 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന്. കാരുണ്യ പ്ലസിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകും.

എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. ഭാഗ്യക്കുറി വകുപ്പിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തത്സമയമായി നറുക്കെടുപ്പ് കാണാൻ സാധിക്കും. ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിലും ഫലം പ്രസിദ്ധീകരിക്കും.

നിങ്ങളുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാം. എന്നാൽ അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.

വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട നടപടി; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട നടപടി; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

വണ്ടിപെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് ആരോപണം. സണ്ണി ജോസഫ് എംഎൽഎയാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.

തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്തതും.

ബജറ്റ് 2024; വിലക്കയറ്റം നേരിയ തോതില്‍ മാത്രമെന്ന് നിര്‍മ്മല സീതാരാമന്‍

ബജറ്റ് 2024; വിലക്കയറ്റം നേരിയ തോതില്‍ മാത്രമെന്ന് നിര്‍മ്മല സീതാരാമന്‍

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് നിര്‍മല സീതാരാമൻ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. ഇടക്കാല ബജറ്റായതിനാൽ വിശദമായ ബജറ്റ് അവതരണമായിരുന്നില്ല ഇത്തവണത്തേത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനങ്ങൾ കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി കൂടെ വ്യാഖ്യാനിക്കപ്പെടും.

*സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി. പ്രത്യക്ഷ നികുതി വരുമാനം കൂടി. 27.56 ലക്ഷം കോടിയാണ് 23-24 സാന്പത്തിക വർഷത്തെ വരുമാനം. സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി രൂപയാണ്. ജി എസ് ടി നടപടികൾ ലഘൂകരിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്ന് ധനമന്ത്രി.

*ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ധനകമ്മി ജിഡിപിയുടെ 5.8 ശതമാനം. ആത്മീയ ടൂറിസം കൂടുന്നത് പ്രാദേശികമായി ഗുണകരമാകുന്നു. ഇന്ത്യ ആത്മീയ ടൂറിസത്തിന്‍റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.

*പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും. നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും. വിമാനത്താവള വികസനം തുടരും. വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും. ഇ – വാഹനരംഗ മേഖല വിപുലമാക്കും.

*ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും.

*കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും

* സമ്പത്ത് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലെന്ന് ധനമന്ത്രി

*ആയുഷ്മാന്‍ പദ്ധതി വിപുലമാക്കും, രാഷ്ട്രീയ ഗോകുല്‍ പദ്ധതി വഴി പാലുല്‍പ്പാദനം കൂട്ടും

*ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. സമുദ്ര
കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും

*പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു

*ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗരോര്‍ജ്ജ പദ്ധതി

*മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി.

*സമ്പത്ത് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലെന്ന് ധനമന്ത്രി

*7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു

*ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സഹായം

*പി എം ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ നിര്‍മ്മിച്ചു, അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് കോടി വീടുകള്‍ നിര്‍മ്മിക്കും

*34 ലക്ഷം രൂപ പിഎം ജന്‍ ധന്‍ അക്കൗണ്ട് വഴി എത്തി

*തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടി, 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കാനാണ് ശ്രമിക്കുന്നത്

*വിലക്കയറ്റം നേരിയ തോതില്‍ മാത്രമെന്ന് നിര്‍മ്മല സീതാരാമന്‍

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റവതരണമാണിത്. പൊതുതെര ഞ്ഞെടുപ്പ് വരാനിരിക്കേ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടു. അമൃതകാലത്ത് ശക്തമായ അടിത്തറയിട്ടതായും വികസനപദ്ധതികള്‍ ഗ്രാമീണതലം വരെ വ്യാപിച്ചതായും ധനമന്ത്രി പറഞ്ഞു.

സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം; സര്‍ക്കാരിന് കത്ത് നല്‍കി പഞ്ചായത്ത്

സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം; സര്‍ക്കാരിന് കത്ത് നല്‍കി പഞ്ചായത്ത്

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് 150 മീറ്റര്‍ ദൂരത്താണ് ഈ കെട്ടിടം. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പണത്തിനായാണ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്‌റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയത്.

താന്‍ മരിച്ചുവെന്ന് കാണിച്ച് വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാര കുറുപ്പ് കണ്ടെത്തിയ സ്വന്തം രൂപസാദൃശ്യമുള്ളയാളായിരുന്നു ചാക്കോ.

കേസില്‍ പ്രതിയായതോടെ സുകുമാരക്കുറുപ്പ് ഒളിവില്‍ പോകുകയായിരുന്നു. അന്ന് മുതല്‍ ഈ കെട്ടിടവും അനാഥമായി. അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ കേസ് വിജയിച്ചില്ല. ഇതോടെയാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് രംഗത്തെത്തുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 120 രൂപ വര്‍ധിച്ച് 46,500ന് മുകളിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 46,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5815 രൂപയായി.

കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വര്‍ണവില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 600 രൂപയാണ് വര്‍ധിച്ചത്.

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: ഇടുക്കി തോപ്രാംകുടിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് ജീവനൊടുക്കിയത്. പുലർച്ചെ തന്നെ ഗുരുതരാവസ്ഥയിൽ കണ്ട ഇരുവരെയും ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു.

ഡീനുവിന് മാനസിക വിഭ്രാന്തി ഉള്ളതായി സമീപ വാസികൾ പറയുന്നു. ഭർത്താവ് ലൂയിസിനും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു. അഞ്ചുമാസം മുമ്പ് ഭർത്താവ് ലൂയിസും ആത്മഹത്യ ചെയ്തിരുന്നു.