പാചകവാതക വില വര്‍ധിപ്പിച്ചു

പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വിലയാണ് കൂട്ടിയത്. 19 കിലോയുടെ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1769.50 രൂപയായി ഉയര്‍ന്നു. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

നവംബറിൽ വാണിജ്യാവശ്യത്തിനുള്ള ​ഗ്യാസ് സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുൻപ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്പനികൾ കൂട്ടിയിരുന്നത്.

അമിത് ഷാ കേരളത്തിലേക്ക്; 13ന് തിരുവനന്തപുരത്തെത്തും

അമിത് ഷാ കേരളത്തിലേക്ക്; 13ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.

പരിപാടിക്കായി അമിത് ഷാ 13ന് തിരുവനന്തപുരത്തെത്തും. നേരത്തെ കേരളപദയാത്ര 12ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13ലേക്ക് മാറ്റിയത്. 13ന് വൈകിട്ട് 3നാണ് പൊതുയോഗം. കേരളപദയാത്രയുടെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം 3ന് ശനിയാഴ്ചയാണ്. 3ന് വൈകിട്ട് 3മണിയ്ക്ക് മാമത്തു നടക്കുന്ന പൊതു സമ്മേളനത്തിനു ശേഷം കല്ലമ്പലത്തേക്കാണ് പദയാത്ര.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തി

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തി

ബജറ്റ് 2024 ലൈവ്: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റ് മന്ദിരത്തിലെത്തി. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി ധനമന്ത്രി ബജറ്റുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടിരുന്നു. രാവിലെ 11 നാണ് ബജറ്റ് അവതരണം. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. പൊതു തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ

കൊച്ചി: അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. 33 വയസുള്ള സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ സോമന്‍ ബാബുവിന് വധശിക്ഷ വിധിച്ചത്. മറ്റു രണ്ടു കൊലപാതകങ്ങളില്‍ ഇരട്ട ജീവപര്യന്തം തടവും വിധി പ്രസ്താവത്തില്‍ പറയുന്നു.സ്മിതയെ കൊലപ്പെടുത്തിയത് അതിദാരുണമായാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ നല്‍കിയത്. സ്മിതയുടെ ശരീരത്തില്‍ 35 മുറിവുകളാണ് ഉണ്ടായിരുന്നത്.

2018 ഫെബ്രുവരി 11-നാണ് അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ എരപ്പില്‍ നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടക്കുന്നത്. സഹോദരനായ ശിവന്‍, ഇയാളുടെ ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് പ്രതി ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികള്‍ക്ക് നേരെയും ആക്രമണം നടത്തി. കേസില്‍ പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി വിധി.

സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ബാബു സഹോദരനെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.കൃത്യം നടത്തിയതിന് പിന്നാലെ കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച ബാബുവിനെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ബാബു മറ്റൊരു സഹോദരന്റെ ഭാര്യയായ സേതു ലക്ഷ്മിയെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ചു; 28 കാരനായ അധ്യാപകന് അഞ്ചുവർഷം തടവ്

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ചു; 28 കാരനായ അധ്യാപകന് അഞ്ചുവർഷം തടവ്

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് അഞ്ചുവർഷം തടവ്. മുംബൈ പ്രത്യേക കോടതിയുടെതാണ് വിധി. 12 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് വിദ്യാർത്ഥികളെ 28 കാരനായ അധ്യാപകൻ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

സബർബൻ ഗോവണ്ടിയിലെ ഒരു സ്കൂളില്‍ ജോലി ചെയ്തിരുന്ന അധ്യാപകനാണ് സ്വന്തം ക്ലാസിലുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. അറിവ് പകർന്നുനൽകുക മാത്രമല്ല, വിദ്യാർത്ഥികളെ സംരക്ഷിക്കുക കൂടിയാണ് അധ്യാപകരുടെ ഉത്തരവാദിത്തം. ഒരു അധ്യാപകൻ തന്നെ ഇത്തരം ഹീനമായ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. സംഭവം ഇരകളിൽ ആജീവനാന്ത മാനസികവും വൈകാരികവുമായ ആഘാതം സൃഷ്ടിക്കും- പ്രത്യേക ജഡ്ജി സീമ ജാദവ് പറഞ്ഞു.

പ്രതി സാധാരണക്കാരനല്ലെന്നും മറ്റു തൊഴിലുകളെ സ്വാധീനിക്കുന്ന ഒരു മേഖലയില്‍ ജോലി ചെയ്യുന്ന ആളാണെന്നും കോടതി നിരീക്ഷിച്ചു. 2019 സെപ്റ്റംബറിലാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്. ഇരകളിൽ ഒരാളുടെ അമ്മ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.

കേരളത്തിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ട കേസ്; വിധി ഫെബ്രുവരി 7ന്

കേരളത്തിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ട കേസ്; വിധി ഫെബ്രുവരി 7ന്

കേരളത്തിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ട കേസിൽ വിധി പറയുന്നത് ഫെബ്രുവരി 7ന്. മലയാളി ഐഎസ് ഭീകരൻ റിയാസ് അബൂബക്കറാണ് കേസിലെ പ്രതി. കൊച്ചി എൻഐഎ കോടതിയാണ് കേസ് പരിഗണിച്ചത്. ഗൂഢാലോചന നടന്നത് കൊച്ചിയിലാണ്.

പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. യുഎപിഎയിലെ സെക്ഷൻ 38.39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.