ഒഴിവുകളിൽ നിയമനം നടത്തുന്നില്ല; പുഷ് അപ് എടുത്ത് സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

ഒഴിവുകളിൽ നിയമനം നടത്തുന്നില്ല; പുഷ് അപ് എടുത്ത് സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

ഒഴിവുകളിൽ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് സിവിൽ പൊലീസ് ഉദ്യോ​ഗാർത്ഥികളുടെ പുഷ് അപ്പ് പ്രതിഷേധം. 2019ലെ നിയമന വിജ്ഞാപനത്തിൽ അപേക്ഷ ക്ഷണിച്ചതിൽ ജോലിക്ക് വേണ്ടി അപേക്ഷ നൽകിയ ഉദ്യോ​ഗാർഥികൾ സെക്രട്ടറിയേറ്റിൽ ഉപവാസം നടത്തിവരികയായിരുന്നു.

നവകേരള സദസിൽ അടക്കം പരാതി നൽകിയിരുന്നു. പതിമൂവായിരത്തോളം പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 21 ശതമാനം പേർ ഏകദേശം 3000 പേർക്കാണ് നിയമനം ലഭിച്ചത്. ഏപ്രിൽ മാസത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരും. പുതിയ സിപിഒ ഉദ്യോ​ഗാർഥികളുടെ നിയമനം സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് സിവിൽ പൊലീസ് ഉദ്യോ​ഗാർത്ഥികളുടെ പ്രതിഷേധം. പ്രിലിംസ് മെയിൻസും എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഇവർക്ക് നിയമനം നടക്കുന്നില്ലെന്നാണ് ആരോപണം.

സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കാക്കി മോഹിച്ചവർ തെരുവിലേക്ക് എന്നുൾപ്പെടെയുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധത്തിന് ഫലം കണ്ടില്ലെങ്കിൽ ഫെബ്രുവരി 12 മുതൽ വലിയ പ്ര​ക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് ഉ​ദ്യോ​ഗാർഥികളുടെ തീരുമാനം. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധക്കാരെ കണ്ട് പിന്തുണ അറിയിച്ചു.

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 46,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 240 രൂപയോളം ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ വർധിച്ചു. വിപണി നിരക്ക് 5800 രൂപയാണ്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്. തുടർന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തി.

ചിന്തകൾ കൊണ്ട് കമ്പ്യൂട്ടറും മൊബൈലും നിയന്ത്രിക്കാം, മനുഷ്യ മസ്തിഷ്കത്തിലെ പരീക്ഷണം വിജയമെന്ന്

ചിന്തകൾ കൊണ്ട് കമ്പ്യൂട്ടറും മൊബൈലും നിയന്ത്രിക്കാം, മനുഷ്യ മസ്തിഷ്കത്തിലെ പരീക്ഷണം വിജയമെന്ന്

ചിന്തിക്കുമ്പോൾ തന്നെ ഫോണോ കമ്പ്യൂട്ടറോ അതുവഴി പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ന്യൂറാലിങ്ക് സ്ഥാപകൻ ഇലോൺ മസ്ക്. മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിക്കുന്ന ദൗത്യം വിജയമായതായി മസ്‌ക് ട്വീറ്റ് ചെയ്തു.

മനുഷ്യ മസ്തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് ഗവേഷണ പദ്ധതിക്ക് തുടക്കമിട്ടത്. തലച്ചോറിനകത്ത് സര്‍ജറിയിലൂടെ ചിപ്പുകൾ സ്ഥാപിച്ച് ഇതുവഴി കമ്പ്യൂട്ടറുമായുള്ള ആശയവനിമയം സാധ്യമാക്കുകയാണ് ചെയ്തത്.

ബ്രെയിന്‍ ചിപ്പ് സ്വീകരിച്ചയാൾ സുഖം പ്രാപിച്ചു വരുന്നതായും പ്രാരംഭ ഫലങ്ങള്‍ ശുഭസൂചകമാണെന്നും ട്വീറ്റിൽ വിശദമാക്കി. മനുഷ്യന് ചലിക്കാനുള്ള ആഗ്രഹം സന്ദേശങ്ങളാക്കുന്ന തലച്ചോറിൻ്റെ ഭാഗത്ത് മുടിനാരിഴയെക്കാൾ നേരിയ 64 ചിപ്പുകൾ സ്ഥാപിച്ചു. ഇതിനെ വയർലെസ് സംവിധാനം വഴി കമ്പ്യൂട്ടറുമായി കൂട്ടിയിണക്കി. പുറത്ത് നിന്നും റിമോട്ടായി ചാർജ് ചെയ്യാവുന്നവയാണ് ഈ ചിപ്പ് നാരുകൾ.

പാര്‍ക്കിന്‍സണും അല്‍ഷിമേഴ്സുമടക്കം ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ന്യൂറാലിങ്കിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായി പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ന്യൂറോടെക്നോളജിയില്‍ വിപ്ലകരമായ നേട്ടമായാണ് ന്യൂറാലിങ്കിന്റെ പരീക്ഷണം വിലയിരുത്തപ്പെടുന്നത്

ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളില്‍ പരീക്ഷിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും നയിച്ചിരുന്നു. പരീക്ഷണം നടത്തിയ കുരങ്ങുകള്‍ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും ഗുരുതരമായ ശാരീരിക വെല്ലുവിളികളും നേരിട്ടത് എതിർപ്പ് ഉയർത്തി. കഴിഞ്ഞ വര്‍ഷമാണ് ന്യൂറാലിങ്കിന് മനുഷ്യ മസ്തിഷ്‌കത്തില്‍ പരീക്ഷിക്കാൻ അനുമതി ലഭിച്ചത്.

മനുഷ്യൻ്റെ ചിന്തകളെ തലച്ചോറിൽ നിന്നു തന്നെ ചോർത്തുന്ന ഭീഷണമായ സാഹചര്യമാണ് ഇതുവഴി ഉണ്ടാവാനിരിക്കുന്നത് എന്നും വിമർശനമുണ്ടായിരുന്നു. ഒരാളുടെ ചിന്തകളെ സ്കാൻ ചെയ്യാനും ചോർത്താനും ഇതുവഴി കഴിയും. തിരിച്ചറിയാത്ത ആഗ്രഹങ്ങൾ പോലും കമ്പ്യൂട്ടറും മൊബൈലും പിടിച്ചെടുക്കും.

“അംഗഭംഗം വന്നവരായിരിക്കും തുടക്കത്തില്‍ ഈ സാങ്കേതിക വിദ്യയുടെ ഗുണഭോക്താക്കള്‍. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ശാസ്ത്ര ചിന്തകൻ സ്റ്റീഫന്‍ ഹോക്കിങ്ങിന് അതിവേഗതയുള്ള ഒരു ടൈപ്പിസ്റ്റിനേക്കാള്‍ വേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന ഘട്ടത്തേക്കുറിച്ച് ചിന്തിച്ചു നോക്കുക, അതാണ് തങ്ങളുടെ ലക്ഷ്യം”. മസ്‌ക് എക്സിലൂടെ അഭിപ്രായപ്പെട്ടു. ടെലിപ്പതി എന്നാണ് ന്യൂറാലിങ്കിന്റെ ആദ്യത്തെ പ്രൊഡക്ടിന് പേരിട്ടിരിക്കുന്നത്.

തലച്ചോറിൽ മുറിവുകൾ ഉണ്ടാക്കാതെ സൂക്ഷ്മമായി തന്നെ ചിപ്പ് നാരുകൾ നിക്ഷേപിക്കാനാവും എന്നതാണ് ന്യൂറാലിങ്ക് പദ്ധതിയെ ഈ രംഗത്തെ ഇതര ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ന്യൂറാലിങ്കുമായി മത്സരിച്ചുകൊണ്ട് മറ്റ് ഗവേഷണ സ്ഥാപനങ്ങളും രംഗത്തുണ്ട്. അമേരിക്കയിൽ ഒരു സംഘം ഗവേഷകർ വ്യക്തിയുടെ ആശയ വിനിമയത്തിനുള്ള ത്വര ഡികോഡ് ചെയ്ത് ഭാഷയിലാക്കി എടുത്തത് വാർത്തയായിരുന്നു.

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിക്ക് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ഭീഷണി

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിക്ക് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ഭീഷണി

ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി.ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നതിനെ തുടർന്നാണ് ക്വാർട്ടേഴ്‌സിൽ സുരക്ഷ ഏർപ്പെടുത്തിയത്. നിലവിൽ ജഡ്ജിക്ക് എസ്ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.

അതേസമയം, രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 35 ആകും.

അല്ലാമാ ഇക്ബാൽ കോളേജിൽ ബിരുദ ദാനം

അല്ലാമാ ഇക്ബാൽ കോളേജിൽ ബിരുദ ദാനം

നെടുമങ്ങാട്: പെരിങ്ങമ്മല അല്ലാമ ഇഖ്ബാൽ കോളേജിൻറെ 2021 – 23 എം. ബി.എ ബാച്ചിന്റെ ബിരുദ ദാനം നടന്നു. കോളേജ് ഡയറക്ടർ ഡോ. എം എച്ച് സലീമിന്റെ അധ്യക്ഷതയിൽ ഇക്ബാൽ കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. എം അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. ഡോ. രാഖിം രജ് മുഖ്യ അതിഥിയായിരുന്നു. 2003 ൽ സ്ഥാപിച്ച കോളേജിന്റെ 19 താം ബാച്ചിന്റ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം ആയിരുന്നു.

ഇക്ബാൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. റസീന, ഇഖ്ബാൽ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ്, സെൽവരാജൻ, ഡോ. വി കെ ഷൈനി, ഡോ.സഞ്ജയ് ഭാസ്കരൻ, വിശ്വനാഥൻ, അബ്ദുൽ സഫീർ, ഡോ. ധന്യ, സുഹറ, അർച്ചന, സുബി ഖാൻ, സുധീർ, അനൂപ്, ഷാഹിദ തുടങ്ങിയവർ പങ്കെടുത്തു.

തിയറ്ററില്‍ കാല്‍ വഴുതി വീണു; കോറണേഷന്‍ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു

തിയറ്ററില്‍ കാല്‍ വഴുതി വീണു; കോറണേഷന്‍ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് തിയറ്റര്‍ ഉടമ തിയറ്ററില്‍ കാല്‍ വഴുതിവീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ ഒ ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമയാണ്.

ചങ്ങരംകുളത്തെ മറ്റൊരു തിയറ്ററിലാണ് സംഭവം. സുഹൃത്തിന്റെ തിയറ്ററില്‍ വച്ച് കാല്‍വഴുതി തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എട്ടു സ്‌ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം. കോഴിക്കോട്ടെ തിയറ്ററുകളില്‍ ആധുനിക സംവിധാനങ്ങള്‍ ആദ്യമായി കൊണ്ടുവന്നത് ജോസഫ് ആണ്. മലബാറിലെ സിനിമാ ആസ്വാദകരുടെ സുഹൃത്ത് ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.