എന്‍ജിന്‍ ടെസ്റ്റില്‍ ക്രമക്കേട്: ടൊയോട്ടയുടെ മൂന്ന് വാഹനങ്ങളുടെ വിതരണം നിര്‍ത്തിവെച്ചു

എന്‍ജിന്‍ ടെസ്റ്റില്‍ ക്രമക്കേട്: ടൊയോട്ടയുടെ മൂന്ന് വാഹനങ്ങളുടെ വിതരണം നിര്‍ത്തിവെച്ചു

ഡല്‍ഹി: വാഹനം പുറത്തിറക്കുന്നതിന് മുന്‍പുള്ള ‘ഔട്ട്പുട്ട്’ പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹിലക്‌സ് മോഡലുകളുടെ വിതരണം താത്കാലികമായി നിര്‍ത്തിവെച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ഇതോടെ ഇത്തരം മോഡലുകള്‍ക്കായി ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് നീണ്ടേക്കാം.

ഹോഴ്‌സ്പവര്‍ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഈ മൂന്ന് ഡീസല്‍ എന്‍ജിന്‍ മോഡലുകളിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ടൊയോട്ട ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ അറിയിച്ചു. സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റുകളുടെ സമയത്ത് പവര്‍, ടോര്‍ക്ക് കര്‍വുകള്‍ എന്നിവയുടെ ‘സ്മൂത്തിങ്’ പ്രവര്‍ത്തനത്തെ ചുറ്റിപ്പറ്റിയാണ് തകരാറുകള്‍. ഈ തകരാറുകള്‍ വാഹനത്തിന്റെ ഹോഴ്‌സ് പവറിനെയോ ടോര്‍ക്കിനെയോ കാര്യമായി ബാധിച്ചതായി പറയാന്‍ ആവില്ല. കൂടാതെ, ബാധിച്ച വാഹനങ്ങളുടെ മലിനീകരണത്തെയോ സുരക്ഷാ മാനദണ്ഡങ്ങളെയോ ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

ബാധിച്ച വാഹനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഉപയോഗിച്ച ഡാറ്റ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വരുന്നതായും ടൊയോട്ട അറിയിച്ചു. ഇതില്‍ തീരുമാനമാകുന്നത് വരെ ബാധിച്ച വാഹനങ്ങള്‍ വിതരണത്തിന് അയക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കമ്പനി അറിയിച്ചു.

‘എന്നിരുന്നാലും, പുതിയ ഓര്‍ഡര്‍ എടുക്കല്‍ തുടരും. ബുക്ക് ചെയ്തിട്ടും വാഹനം ലഭിക്കാത്ത ഉപഭോക്താക്കളോട് സാഹചര്യം വിശദീകരിക്കും.അതിനുശേഷവും വാഹനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള രജിസ്‌ട്രേഷനും ഡെലിവറിയുമായി ഞങ്ങള്‍ മുന്നോട്ട് പോകും. കൂടാതെ, ഈ ക്രമക്കേടുകള്‍ നിലവില്‍ വാഹനം വാങ്ങിയവരെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്യും’- കമ്പനി പ്രസ്താവനയില്‍ അറിയിച്ചു

കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതി ജോളിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസിന്റേതാണ് നടപടി. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

ജോളിയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിക്കുന്ന വേളയില്‍ സെഷന്‍സ് കോടതിക്ക് നീതിപൂര്‍വമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകുമായി ബന്ധപ്പെട്ട് കേസിലാണ് ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 2019 ഒക്ടോബര്‍ 4നാണ്, 2002 മുതല്‍ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരുടെ മരണവും കൊലപാതകം പുറത്തറിയുന്നത്.

‘വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത തരത്തിലാണ് അവര്‍ കാണിച്ചുവെച്ചത്’; കോടതി വിധിയില്‍ സംതൃപ്തി: രഞ്ജിത്തിന്റെ കുടുംബം

‘വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത തരത്തിലാണ് അവര്‍ കാണിച്ചുവെച്ചത്’; കോടതി വിധിയില്‍ സംതൃപ്തി: രഞ്ജിത്തിന്റെ കുടുംബം

ആലപ്പുഴ: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സംതൃപ്തരാണെന്ന് കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ പറഞ്ഞു. വിധി കേട്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന് രഞ്ജിത്തിന്റെ ഭാര്യ പറഞ്ഞു.

‘ഭഗവാന്റെ വേറെ വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്. അതു പിറകെ വരും. അത്യപൂര്‍വമായ കേസു തന്നെയാണിത്. അതുകൊണ്ടു തന്നെ കോടതി വിധിയില്‍ കുടുംബം സംതൃപ്തരാണ്. സത്യസന്ധമായി അന്വേഷിച്ച് വിവരങ്ങള്‍ കോടതിയിലെത്തിച്ച ഡിവൈഎസ്പി ജയരാജ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നു.’

‘പ്രോസിക്യൂട്ടറോടും വളരെ നന്ദിയുണ്ട്. അദ്ദേഹത്തോട് നന്ദി പറഞ്ഞാല്‍ തീരില്ല. അതിക്രൂരമായ കൊലപാതകമാണ് നടത്തിയത്. വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത തരത്തിലാണ് ഏട്ടനെ അവര്‍ കാണിച്ചുവെച്ചത്. അതു കണ്ടത് ഞാനും അമ്മയും മക്കളും അനിയനുമാണ്. കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചു എന്നാണ് മനസ്സിലാക്കുന്നതെന്ന്’ രഞ്ജിത്തിന്റെ ഭാര്യ പറഞ്ഞു.

മൂന്ന് വയസ്സുള്ള മകളുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

മൂന്ന് വയസ്സുള്ള മകളുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

പാലക്കാട്: പാലക്കാട് കോട്ടായില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. 37കാരിയായ ബിന്‍സിയാണ് മരിച്ചത്. മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്തുദിവസം മുന്‍പാണ് ഭര്‍തൃവീട്ടില്‍ വച്ച് ബിന്‍സി ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവ് സുരേഷ് പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം. വൈകീട്ട് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ബിന്‍സിയെയും കുഞ്ഞിനെയും മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികൾക്കും വധശിക്ഷ

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികൾക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷര്‍നാസ് അഷ്‌റഫ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.

പ്രതികളെല്ലാം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവം കേള്‍ക്കാന്‍ രഞ്ജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. ഒരു കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ്.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വെള്ളക്കിണറിലുള്ള രഞ്ജിത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കും; പാര്‍ട്ടിയിലെ പൊതുവികാരമെന്ന് പി സി ജോര്‍ജ്

ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കും; പാര്‍ട്ടിയിലെ പൊതുവികാരമെന്ന് പി സി ജോര്‍ജ്

കോട്ടയം: ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കുമെന്ന് അധ്യക്ഷന്‍ പി സി ജോര്‍ജ്. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം, സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയൊന്നുമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ബന്ധമില്ല. പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കാനാണ് നിര്‍ദേശമെങ്കില്‍ നില്‍ക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.