ഗവര്‍ണറുടെ സുരക്ഷ: ഇന്ന് അവലോകന യോഗം

ഗവര്‍ണറുടെ സുരക്ഷ: ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: രാജ്ഭവന്റെയും ഗവര്‍ണറുടേയും സുരക്ഷയുമായി ബന്ധപ്പെട്ട അവലോകനയോഗം ഇന്ന് നടക്കും. സുരക്ഷയ്ക്ക് സിആര്‍പിഎഫിനെ കൂടി ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് യോഗം. രാജ്ഭവന്റെയും സിആര്‍പിഎഫിലേയും ഉദ്യോഗസ്ഥര്‍ മാത്രമാകും യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

അവലോകനയോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് സൂചിപ്പിക്കുന്നു. രാജ്ഭവന്റെയും ഗവര്‍ണറുടേയും സുരക്ഷയില്‍ പൊലീസും കേന്ദ്രസേനയും എന്തൊക്കെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്ന് യോഗത്തില്‍ തീരുമാനമായേക്കും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് ഇസെഡ് പ്ലസ് സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ റോഡിലിറങ്ങി പ്രതികരിച്ചതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര തീരുമാനം.

സിനിമകളിലെ പുകവലി: ഹൈക്കോടതിയില്‍ ഹര്‍ജി, നിരോധനം വേണമെന്ന് ആവശ്യം

സിനിമകളിലെ പുകവലി: ഹൈക്കോടതിയില്‍ ഹര്‍ജി, നിരോധനം വേണമെന്ന് ആവശ്യം

കൊച്ചി: സിനിമകളിലും ടെലിവിഷനിലും ഒടിടി പ്ലാറ്റ്‌ഫോമിലും നിയമത്തിന് വിരുദ്ധമായി പുകവലി ദൃശ്യങ്ങള്‍ കാണിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടയില്‍ ഹര്‍ജി. പുകവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇത്തരം ദൃശ്യങ്ങളുള്ള പരിപാടികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സിഗരറ്റിന്റെയും മറ്റു പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ 2003ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞിട്ടുണ്ട്. സിനിമ പോലുള്ളവയില്‍ പുകയില ഉല്‍പന്നങ്ങളുടെ വ്യാപക ഉപയോഗത്തിലൂടെ പരോക്ഷമായ പരസ്യം നല്‍കുകയാണ്. ചലച്ചിത്ര താരങ്ങളും മറ്റും പുകവലിക്കുന്നതു സമൂഹത്തെയാകെ സ്വാധീനിക്കുന്നു. സിനിമയിലും സീരിയലിലമൊക്കെ പുകയില ഉപയോഗം കാണിച്ച് സാധാരണവത്ക്കരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജിയില്‍ കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. ജസ്റ്റിസ് രാകമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേരള വൊളന്ററി ഹെല്‍ത്ത് സര്‍വീസസ് എന്ന സന്നദ്ധ സംഘടനയാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

‘സിനിമയിലെ പുകവലി രംഗങ്ങള്‍ കണ്ട് ആളുകള്‍ പുകവലിച്ചു തുടങ്ങുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ?’ ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സുഹൃത്തുക്കളുടെയും മറ്റും സ്വാധീനവും ലഭ്യതയുമൊക്കെ പുകവലിക്കു കാരണമാകുന്നുണ്ട്. പലപ്പോഴും സുഹൃത്തുക്കളും മറ്റും വലിക്കുന്നതു കണ്ടാണു പലരും പുകവലിച്ചു തുടങ്ങുന്നതെന്നു കോടതി നിരീക്ഷിച്ചു.

പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി മേഘ്‌ന; മലയാളിത്തിളക്കം

പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി മേഘ്‌ന; മലയാളിത്തിളക്കം

കോഴിക്കോട്: പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി തിളങ്ങി കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി മേഘ്‌ന എന്‍ നാഥ്. ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളില്‍ മികവോടെ സംസാരിക്കുന്ന മേഘ്‌നയുടെ വീഡിയോ സ്‌കൂള്‍ അധികൃതരാണ് വിദ്യാഭ്യാസമന്ത്രാലയത്തിന് അയച്ചുനല്‍കിയത്. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മേഘ്‌ന എത്തിയത്.

കലാ ഉത്സവ് ദേശീയ മത്സരത്തില്‍ സ്വര്‍ണം നേടിയ മൂന്ന് കുട്ടികള്‍ക്ക് പരീക്ഷാ പേ ചര്‍ച്ചയുടെ ആരംഭത്തില്‍ നടന്ന കലാപരിപാടിയില്‍ ഭാഗമായിരുന്നു. കണ്ണൂര്‍ എകെജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗസല്‍ ഫാബിയോ, മലപ്പുറം നെല്ലിക്കുത്ത് വിഎച്ച്എസ്എസിലെ ടി വിദിന്‍, എറണാകുളം എളമക്കര ജിഎച്ച്എസ്എസിലെ എന്‍ ആര്‍ നിരഞ്ജന്‍ എന്നിവരാണവര്‍. ഡല്‍ഹിയിലെ കന്റോണ്‍മെന്റ് കേന്ദ്രീയ വിദ്യാലയ2ലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കായംകുളം സ്വദേശി നിവേദിത അഭിലാഷ് കേന്ദ്രീയ വിദ്യാലയസംഘതന്റെ കലാസംഘത്തിലും ഭാഗമായി.

പ്രധാനമന്ത്രിയോട് ആദ്യം ചോദിച്ചതും മലയാളി വിദ്യാര്‍ഥിയാണ്. ഒമാന്‍ ദര്‍സെയ്ത് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി ഡാനിയ ഷാബു വര്‍ഗീസ്. സമൂഹത്തിന്റെ പ്രതീക്ഷകള്‍ എങ്ങനെയാണ് വിദ്യാര്‍ഥികള്‍ മേല്‍ പരീക്ഷ സമ്മര്‍ദം സൃഷ്ടിക്കുന്നതെന്നായിരുന്നു ചോദ്യം. കോഴിക്കോട് ഈസ്റ്റിഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ തന്നെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ സ്വാതി ദിലീപ് ഉള്‍പ്പടെയുള്ളവരുടെതായിരുന്നു രണ്ടാമത്തെ ചോദ്യം. ഇരുവരും ഓണ്‍ലൈനായാണ് ചോദിച്ചത്.

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു; 19 പാക് പൗരന്മാരെ രക്ഷിച്ചു

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു; 19 പാക് പൗരന്മാരെ രക്ഷിച്ചു

കൊച്ചി: സോമാലിയന്‍ സായുധ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. മത്സ്യബന്ധന കപ്പല്‍ അല്‍ നെമിയെയാണ് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് സുമിത്ര രക്ഷപ്പെടുത്തിയത്.
കൊച്ചി തീരത്ത് നിന്ന് 800 മൈല്‍ അകലെ വെച്ചായിരുന്നു സംഭവം. ബോട്ടിലെ 19 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവര്‍ പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ നാവികസേന നടത്തുന്ന രണ്ടാമത്തെ വിജയകരമായ ആന്റി പൈറസി ഓപ്പറേഷനാണിത്. ഓപ്പറേഷനില്‍ ഇന്ത്യന്‍ നാവികസേനയുടെ മറൈന്‍ കമാന്‍ഡോകള്‍ പങ്കെടുത്തു

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമെന്ന് പ്രതിപക്ഷം; തെറ്റായ പ്രചരണമെന്ന് മന്ത്രി വീണാ ജോർജ്

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമെന്ന് പ്രതിപക്ഷം; തെറ്റായ പ്രചരണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ ആശുപത്രികളിൽ മരുന്ന് ഇല്ലെന്ന തെറ്റായ പ്രചരണം പ്രതിപക്ഷം നടത്തുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ മറുപടി. ചോദ്യങ്ങൾക്കല്ല മന്ത്രി മറുപടി നൽകുന്നത് എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സപ്ലൈകോയിലെ വില പുനർനിർണയം അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുന്നതായി മന്ത്രി ജി.ആർ അനിൽ നിയമസഭയെ അറിയിച്ചു.

സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൃത്യമായി മരുന്ന് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. അനൂപ് ജേക്കബ് എംഎൽഎ ആണ് ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിച്ചത്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ഉണ്ടെന്നുംപ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കെഎംസിഎൽ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത കൂട്ടാൻ വേണ്ട വിപുലമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി.

കെഎംസിഎൽ വഴിയുള്ള മരുന്ന് വിതരണ സംവിധാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്. ആശുപത്രികളിൽ മരുന്ന് ഇല്ല എന്നത് യാഥാർത്ഥ്യമെന്ന് സിഎജി റിപ്പോർട്ട് ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിഎജി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ മരുന്ന് ക്ഷാമമില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി തിരിച്ചടിച്ചു.

കേരളീയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയും മറുപടി നൽകി. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളോടെ അടുത്ത വർഷത്തെ കേരളീയം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് കൂടി പങ്കാളിത്തം ഉറപ്പിക്കുമെന്നും കേരളീയം നടത്തുന്നതിൽ പ്രതിപക്ഷത്തിന്റെ ബുദ്ധി അല്ല സർക്കാരിന് ഉള്ളതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സപ്ലൈകോയിലെ വില വർധനവ് അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുന്നതായി മന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കില്ലെന്ന് ഭക്ഷ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

പൂപ്പാറ കൂട്ടബലാത്സംഗം: മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ

പൂപ്പാറ കൂട്ടബലാത്സംഗം: മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. മെയ്‌ 29ന് വൈകിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്‌തത്. രാജകുമാരി ഖജനാപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്.