ഗവർണറുടെ സുരക്ഷ: കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി

ഗവർണറുടെ സുരക്ഷ: കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി

തിരുവനന്തപുരം: രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. Z പ്ലസ് സുരക്ഷ നൽകുന്നതിൻെറ ഭാഗമായി സിആർപിഎഫിനെ നിയോഗിക്കുന്നുവെന്ന് മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിൻെറ ഉത്തരവിലുള്ളത്. ഇതോടെ രാജ്ഭവൻെറ സുരക്ഷയ്ക്ക് പൊലീസും- സിആർപിഎസും ഉള്‍പ്പെടുന്ന സാഹചര്യമുണ്ടാകും.നാളെ ചേരുന്ന സുരക്ഷ അവലോകന യോഗമായിരിക്കും പൊലീസും- കേന്ദ്ര സേനയും ഏതൊക്കെ ചുമതലകള്‍ ഏറ്റെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

രാജ്ഭവൻെറ സുരക്ഷ ചുമതല പൊലീസിന് മാത്രമായിരിക്കുമോ ഗവർണറുടെ സുരക്ഷ കേന്ദ്രസേനക്ക് മാത്രമായി മാറ്റുമോ തുടങ്ങിയ കാര്യത്തിലെല്ലാം നാളെ തീരുമാനമുണ്ടാകും. നാളെ യോഗം ചേരണമെന്നാവശ്യപ്പെട്ട് സിആർപിഎഫ് ഡിഐജി രാജ്ഭവനും ഡിജിപിക്കും കത്ത് നൽകി. സെക്ര്യൂരിറ്റി ചുമതലയുള്ള ഐജിയും, ഗവർണറുടെ എഡിസിയും, സിആർപിഎഫ് പ്രതിനിധിയും നാളെത്തെ സുരക്ഷ അവലോകന യോഗത്തിൽ പങ്കെടുക്കും.

പെരിന്തല്‍മണ്ണയില്‍ സംഗീത നിശക്കിടെ സംഘര്‍ഷം; ടിക്കറ്റ് കൗണ്ടറും സ്റ്റേജും തല്ലിത്തകര്‍ത്തു, കേസ്

പെരിന്തല്‍മണ്ണയില്‍ സംഗീത നിശക്കിടെ സംഘര്‍ഷം; ടിക്കറ്റ് കൗണ്ടറും സ്റ്റേജും തല്ലിത്തകര്‍ത്തു, കേസ്

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ സംഗീതനിശക്കിടെ സംഘര്‍ഷം. തിരക്കു മൂലം സംഘാടകര്‍ പരിപാടി നിര്‍ത്തിവെച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. ടിക്കറ്റ് കൗണ്ടറും സ്റ്റേജും കാണികള്‍ തല്ലിത്തകര്‍ത്തു.

പ്രകോപിതരായ കാണികള്‍ ടിക്കറ്റ് തുക തിരികെ ചോദിച്ചു. തുടര്‍ന്ന് സംഘാടകരുമായി വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ബോക്‌സ് അടക്കമുള്ളവ ആളുകള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായിട്ടാണ് ഇന്നലെ രാത്രി സംഗീത നിശ ഒരുക്കിയത്.

ഒരുവിഭാഗം വ്യാപാരികളാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ ആയിട്ടാണ് ടിക്കറ്റ് ബുക്കിങ് നടത്തിയിരുന്നത്. എന്നാല്‍ ആളുകള്‍ കൂട്ടത്തോടെ ഇരച്ചെത്തിയതോടെയാണ് പരിപാടി നിര്‍ത്തിവെച്ചത്. സംഗീതനിശയ്ക്ക് അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ കൊല്ലുമെന്ന് ഭീഷണി; വിഷം കഴിച്ച 16 കാരി മരിച്ചു

ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ കൊല്ലുമെന്ന് ഭീഷണി; വിഷം കഴിച്ച 16 കാരി മരിച്ചു

കാസര്‍കോട്: യുവാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബദിയടുക്ക സ്വദേശിയായ പതിനാറുകാരി പെണ്‍കുട്ടിയും മൊഗ്രാല്‍ സ്വദേശിയായ യുവാവും സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി.

അഞ്ചുദിവസം മുമ്പ് പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന വഴി യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഭയന്ന പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആലത്തൂരില്‍ ബാറില്‍ വെടിവയ്പ്; മാനേജര്‍ക്ക് വെടിയേറ്റു; 5 പേര്‍ അറസ്റ്റില്‍

ആലത്തൂരില്‍ ബാറില്‍ വെടിവയ്പ്; മാനേജര്‍ക്ക് വെടിയേറ്റു; 5 പേര്‍ അറസ്റ്റില്‍

പാലക്കാട്: ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവയ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മാനേജര്‍ രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്.

ആറ് മാസം മുന്‍പ് തുറന്നതാണ് ഈ ബാര്‍. ഇന്നലെ രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗസംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ബാര്‍ ജീവനക്കാര്‍ ഉടന്‍തന്നെ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കഞ്ചിക്കോട് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. രഘുനന്ദന്റെ നട്ടെല്ലിനാണ് വെടിയേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മഞ്ഞില്‍ കുളിച്ച് മൂന്നാര്‍; അതിശൈത്യം; താപനില പൂജ്യത്തിന് താഴെ

മഞ്ഞില്‍ കുളിച്ച് മൂന്നാര്‍; അതിശൈത്യം; താപനില പൂജ്യത്തിന് താഴെ

മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യം. ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിന് താഴെ എത്തി. ഇന്നു പുലര്‍ച്ചെയാണു താപനില പൂജ്യത്തിന് താഴെ എത്തിയത്.ഗുണ്ടുമല, കടുകുമുടി, ദേവികളും മേഖലയിലാണ് അതിശൈത്യം അനുഭവപ്പെട്ടത്.

മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. താപനില പൂജ്യത്തിന് താഴെ എത്തിയതിനെ തുടര്‍ന്നു ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍, കടുകുമുടി എന്നിവിടങ്ങളിലെ പുല്‍മേടുകളില്‍ ഇന്നലെ രാവിലെ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു.

മൂന്നാറില്‍ സാധാരണയായി ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആണ് അതിശൈത്യമെത്തുന്നത്. വരുംദിവസങ്ങളില്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ.

കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന നടത്തുന്നത്.

കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കരുവന്നൂരിന് സമാനമായ തട്ടിപ്പാണ് കണ്ണൂരിലും നടന്നതെന്നാണ് പരാതി ഉയര്‍ന്നത്.