ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം; പൊലീസിന്റെ പിടിയിൽ

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം; പൊലീസിന്റെ പിടിയിൽ

മലപ്പുറം: ചെരിപ്പിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായിട്ടുള്ളത്. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‍പ്രസിലാണ് മുഹമ്മദ് അനസ് എത്തിയത്. കസ്റ്റംസിനെ മറികടന്ന് ഇയാൾ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധനയിൽ കുടുങ്ങിയത്. അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 446 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്.

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍; ആദ്യ കുടുംബശ്രീ പ്രീമിയം കഫേ അങ്കമാലിയില്‍, ഉദ്ഘാടനം നാളെ

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍; ആദ്യ കുടുംബശ്രീ പ്രീമിയം കഫേ അങ്കമാലിയില്‍, ഉദ്ഘാടനം നാളെ

കൊച്ചി: സംസ്ഥാന തലത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രീമിയം കഫേകള്‍ ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം അങ്കമാലിയില്‍ ശനിയാഴ്ച പകല്‍ 11ന് തദ്ദേശമന്ത്രി എം ബി രാജേഷ് നടത്തും.

അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍സിന് എതിര്‍വശത്തായാണ് കഫേ. സംരംഭകര്‍ക്ക് വരുമാന വര്‍ധനയ്‌ക്കൊപ്പം ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യശൃംഖലയ്ക്ക് തുടക്കമിടുകയാണ് ലക്ഷ്യം. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍, പാഴ്‌സല്‍, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, മികച്ച മാലിന്യസംസ്‌കരണ ഉപാധികള്‍, അംഗപരിമിതര്‍ക്കടക്കം ശൗചാലയം, പാര്‍ക്കിങ് എന്നിവയുള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെയാകും പ്രവര്‍ത്തനം. ഒരേസമയം കുറഞ്ഞത് 50 പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കാനുള്ള സൗകര്യമുണ്ടാകും. ദിവസം കുറഞ്ഞത് 18 മണിക്കൂര്‍ പ്രവര്‍ത്തിക്കും.

ഗവര്‍ണറുടെ അഹങ്കാരത്തിന് മുന്നില്‍ കേരളം തലകുനിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

ഗവര്‍ണറുടെ അഹങ്കാരത്തിന് മുന്നില്‍ കേരളം തലകുനിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ കേരളം തലകുനിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും മന്ത്രി ചോദിച്ചു.

പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവര്‍ണര്‍ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജി രോഹിന്റണ്‍ നരിമാനും അച്ഛന്‍ പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാനുമെതിരെ ഗവര്‍ണര്‍ അധിക്ഷേപം ചൊരിഞ്ഞതും കണ്ടു.കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാല്‍ ഏതെങ്കിലും ഒരു മലയാളിക്ക് ഗവര്‍ണറോട് മിണ്ടാന്‍ കഴിയുമോ? ഗവര്‍ണറുടെ കുറേ നാളുകളായുള്ള സമീപനങ്ങളെ പാടെ മറന്നുകൊണ്ട് ഗവര്‍ണറോട് ഇടപഴകാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്താന്‍ മാത്രമാണ് കൂടുതല്‍ സമയവും ഗവര്‍ണര്‍ ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വളരെക്കുറച്ചാണ് ഗവര്‍ണര്‍ പ്രതിപാദിച്ചിരിക്കുന്നത്. രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസ് നിര്‍ദ്ദേശപ്രകാരമാണ് എന്ന് സംശയിച്ചാല്‍ തെറ്റില്ല. അതിനുള്ള സംവിധാനമാണ് അവിടെ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 80 രൂപ വര്‍ധിച്ച് പവന്‍ വില ബുധനാഴ്ചത്തെ നിരക്കില്‍ എത്തി. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തുരൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 5780 രൂപയായി. നാല് ദിവസം മാറ്റമില്ലാതെ തുടരുന്നതിന് ശേഷം സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.

വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍ നിന്നും ഷോക്കേറ്റ് കര്‍ഷക ദമ്പതികള്‍ മരിച്ചു

വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍ നിന്നും ഷോക്കേറ്റ് കര്‍ഷക ദമ്പതികള്‍ മരിച്ചു

കല്‍പ്പറ്റ: വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍ നിന്നും ഷോക്കേറ്റ് കര്‍ഷക ദമ്പതികള്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.

കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതിപ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൃഷിയിടത്തിലെ കുളത്തില്‍ മോട്ടോര്‍ സ്ഥാപിക്കുന്നതിനായാണ് ദമ്പതിമാര്‍ ഇവിടേക്കെത്തിയത്. നടക്കുന്നതിനിടെ വൈദ്യുതവേലി മറികടന്നപ്പോള്‍ അബദ്ധത്തില്‍ കാല്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസനും ഷോക്കേറ്റത്. കൃഷിയിടത്തിലെ ചാലില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈദ്യുതി ഉപയോഗത്തിലുണ്ടായ പിഴവും കൃഷിയിടത്തില്‍ അനധികൃതമായി കമ്പിവേലി സ്ഥാപിച്ചതുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് സ്ഥലം പരിശോധിച്ച കെഎസ്ഇബി അധികൃതരും പൊലീസും വ്യക്തമാക്കി. ഇന്ന് സ്ഥലത്ത് വിശദപരിശോധന നടത്തും.

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് ചാടി: 58കാരൻ മരിച്ചു

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് ചാടി: 58കാരൻ മരിച്ചു

അടിമാലി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ ആൾ മരിച്ചു. എറണാകുളം ആരക്കുന്നം കൈപ്പട്ടൂർ സരോവരത്തിൽ പിപി മുകുന്ദൻ (58) ആണു മരിച്ചത്. ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

ബുധനാഴ്ച വൈകിട്ട് 6.30ന് ആണു സംഭവമുണ്ടായത്. കമ്പിളിക്കണ്ടത്തു നിന്ന് അടിമാലിയിലേക്കാണ് മുകുന്ദൻ ഓട്ടോ വിളിച്ചത്. പൊളിഞ്ഞപാലത്ത് എത്തിയപ്പോൾ ബഹളംവച്ച് ഓട്ടോയിൽനിന്നു ചാടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഇന്നലെ വൈകിട്ട് മരിച്ചു. ശുഭയാണ് ഭാര്യ. അശ്വിൻ മകനാണ്.