by Midhun HP News | Jan 26, 2024 | Latest News, കേരളം
കൊച്ചി: മഹാരാജാസ് കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് 21 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെയാണ് സസ്‌പെന്‍ഷന്‍. പതിമൂന്ന് കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെയും എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍.
സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ അന്വേഷണകമ്മീഷന് മുന്നില്‍ ഹാജരാവാന്‍ വേണ്ടി മാത്രമെ കോളജില്‍ പ്രവേശനനം അനുവദിക്കുകയുള്ളു. ഇന്നലെ കോളജ് തുറന്നെങ്കിലും എസ്എഫ്‌ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പിഎ അബ്ദുള്‍ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സമരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോളജില്‍ സംഘര്‍ഷം ആരംഭിച്ചത്.
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയുമായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പിഎ അബ്ദുള്‍ നാസറിന് കോളജില്‍ വെട്ടേല്‍ക്കുകയായിരുന്നു. ഇതിനു പിന്നില്‍ കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. എസ്എഫ്‌ഐക്കാര്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ്‌യുവും രംഗത്തെത്തി.
ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
by Midhun HP News | Jan 26, 2024 | Latest News, കേരളം
ഡൽഹി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് ദില്ലിയിലെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ദില്ലിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതി പരേഡ് നടക്കും. പിന്നാലെ സംസ്ഥാനങ്ങളുടെ ടാബ്ളോകളും മാർച്ച് പാസ്റ്റും നടക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ – സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തും.
രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. മുഖ്യമന്ത്രി ചടങ്ങിൽ എത്താനാണ് സാധ്യത. ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ എന്തെല്ലാം പറയും എന്നതിനെ സംബന്ധിച്ച് ആകാംക്ഷയുണ്ട്. ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കും. നിയമസഭയിൽ രാവിലെ 9.30ന് സ്പീക്കർ എ.എൻ. ഷംസീർ പതാക ഉയർത്തും.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. നയപ്രഖ്യാപനം പ്രസംഗം ഗവർണർ വെട്ടിചുരുക്കിയതിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അറ്റ് ഹോമിന് സർക്കാർ 20 ലക്ഷം അനുവദിച്ചിരുന്നു.
by Midhun HP News | Jan 25, 2024 | Latest News, കേരളം
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിലും കർശന നിയന്ത്രണം. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. ശമ്പളം, പെൻഷൻ വിതരണത്തിന് വായ്പ എടുക്കേണ്ട അവസ്ഥയാണുള്ളത്. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും.
ജീവനക്കാരുടെ പെൻഷനും ശമ്പളവും നൽകുന്നതിന് പുറത്തുനിന്ന് വായ്പ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി. ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിലവിൽ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ല എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.
ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്ന് എന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. മൺസൂൺ കുറഞ്ഞതും പ്രതിസന്ധിയായി. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുണ്ട്, ഇത് തിരിച്ചുകിട്ടിയിട്ടില്ലെന്നും സിഎംഡി ചൂണ്ടിക്കാട്ടുന്നു.
by Midhun HP News | Jan 25, 2024 | Latest News, കേരളം
കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബിക്ക് വിമർശനുമായി ഹൈക്കോടതി. ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ല. അന്വേഷണം തടയാൻ കഴിയില്ല, അന്വേഷണത്തിന് വേണ്ട രേഖകൾ സമർപ്പിക്കാൻ കിഫ്ബിക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
സമൻസിന് കിഫ്ബി മറുപടി നൽകണം. അല്ലാതെ ഒരേ കാര്യങ്ങൾ ആവർത്തിക്കരുതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആറാം തവണയാണ് തനിക്ക് ഇഡിയുടെ സമൻസ് ലഭിക്കുന്നതെന്ന് കിഫ്ബി സിഇഒ കെ.എം.എബ്രഹാം വ്യക്തമാക്കി.
ഇത് പീഡനമാണ്, അക്കാര്യമാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്‌ബി സിഇഒ കോടതിയിൽ വ്യക്തമാക്കി. എന്നാൽ പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകൾ ആവശ്യപ്പെടുന്നതെന്ന് കോടതി പറഞ്ഞു. ഇഡിയുടെ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ കിഫ്ബി സമയം തേടി. അന്വേഷണം ഒരു ഘട്ടത്തിലും തടസ്സപ്പെടുത്തില്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.
ഇതിനിടെ ഇഡി കഴിഞ്ഞദിവസം പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും മസാല ബോണ്ട് നിയമപരമാണെന്നും വാദിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഒരു വർഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് ഇഡി കണ്ടെത്തിയതെന്നും തോമസ് ഐസക് ചോദിച്ചു. ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നത്. നിയമപരമായി നേരിടും. കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണ് ഇഡി നടപടിയെന്നും തോമസ് ഐസക് പറയുന്നു.
by Midhun HP News | Jan 25, 2024 | Latest News, കേരളം
കൊച്ചി: തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടിന് 47000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. തുടര്‍ന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് രണ്ടുദിവസം വില കൂടി 21 മുതല്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്.
by Midhun HP News | Jan 25, 2024 | Latest News, കേരളം
വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്. നെയ്ക്കുപ്പാ മേഖയിൽ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടിൽ കയറ്റിയത്.
90 മണിക്കൂറോളമാണ് കരടി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയത്. 70 കിലോമീറ്റർ അധികം ദൂരം കരടി സഞ്ചരിച്ചു. മൂന്ന് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് ഈ കരടിയെ ആദ്യം കണ്ടത്. ഇതിന് ശേഷമാണ് മാനന്തവാടി നഗരസഭയിലെ വള്ളിയൂർക്കാവ് ക്ഷേത്ര സമീപത്തു കരടിയെ കണ്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. തോണിച്ചാലിലും എടവക പഞ്ചായത്തിലെ മറ്റ് പലയിടത്തുമെത്തിയ കരടി ഒടുവില്‍ വെള്ളമുണ്ട പഞ്ചായത്തിലുമെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകർ കരടിയുള്ള സ്ഥലം കണ്ടെത്തിയെങ്കിലും സമീപ പ്രദേശത്തെ തോട്ടത്തിലേക്ക് കരടി ഓടി മറഞ്ഞു.
പിന്നീട് പടക്കം പൊട്ടിച്ച് കരടിയെ വയലിലേക്കെത്തിച്ചെങ്കിലും മയക്കു വെടിവയ്ക്കാൻ കഴിഞ്ഞില്ല. രാത്രിയും പകലും നിർത്താതെ സഞ്ചരിക്കുമായിരുന്നതിനാല്‍ കരടിയെ പിടികൂടുന്നതിൽ വലിയ പ്രതിസന്ധിയാണ് വനംവകുപ്പ് നേരിട്ടത്.
Recent Comments