by Midhun HP News | Jan 25, 2024 | Latest News, കേരളം
ആലപ്പുഴയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കിടെ മരിച്ച ആശാ ശരത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശസ്ത്രക്രിയയിൽ സങ്കീർണതകൾ ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സങ്കീർണതകൾ കാരണം ഹൃദയാഘാതം ഉണ്ടായെന്നും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ അസ്വസ്ഥത കാണിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ആശ ഗുരുതരാവസ്ഥയിലായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
ലാപ്രോസ്‌കോപിക് സര്‍ജറിക്ക് സാധാരണ സങ്കീര്‍ണതകളൊന്നുമുണ്ടാകാറില്ല. കടപ്പുറം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് സംഭവത്തിനുപിന്നിലെന്നും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞിരിരുന്നു. സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആശയുടെ ഭര്‍ത്താവ് ശരത്ത് വിദേശത്താണ്.
വീഴ്ച അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ പൊലീസ് സർജനെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്നും ആലപ്പുഴ മെഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാരെ മെഡിക്കൽ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിൽ നിന്ന് ഇതുവരെ ആരും വിഷയത്തെപ്പറ്റി അന്വേഷിച്ചില്ലെന്നും കുടുംബം പറഞ്ഞു.
by Midhun HP News | Jan 24, 2024 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസിൽ കേന്ദ്രസർക്കാരിന്‍റെ വിശദീകരണം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇടപാട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി പരിശോധിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ചോദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾക്കും അവരുടെ സോഫ്ട് വെയർ സ്ഥാപനത്തിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ ഷോൺ ജോർജിന്‍റെ ഹർജി.
കേന്ദ്ര സർക്കാരിന് കീഴിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കാടതി കേന്ദ്രസർക്കാരിനോട് നിലപാട് തേടിയിരുന്നു. ഇതിന് കൂടുതൽ സാവകാശം തേടിയപ്പോഴാണ് സിംഗിൾ ബെഞ്ച് അതൃപ്തി അറിയിച്ചത്. സാവകാശം തേടിയ കേന്ദ്ര സർക്കാർ നിലപാട് അനുവദിച്ച കോടതി ഹർജി ഫെബ്രുവരി 5 ലേക്ക് മാറ്റി.
by Midhun HP News | Jan 24, 2024 | Latest News, കേരളം
കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്‌ഐ. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളജ് ഇന്ന് വീണ്ടും തുറന്നിരുന്നു. ആദ്യ ദിവസം കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് എത്തിയത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുള്‍ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സമരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോളജില്‍ സംഘര്‍ഷം ആരംഭിച്ചത്.
കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും എസ്എഫ്‌ഐ. പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്.
ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. സംഘര്‍ഷത്തില്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
by Midhun HP News | Jan 24, 2024 | Latest News, കേരളം
പാലക്കാട്: എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകാന്‍ റിഥാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാവാം എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
by Midhun HP News | Jan 24, 2024 | Latest News, കേരളം
തിരുവനന്തപുരം: ഷാര്‍ജയില്‍ മലയാളിയെ കൊലപ്പെടുത്തിയത് പ്രതികളുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയതലനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60)നെയാണ് പാകിസ്ഥാന്‍ സ്വദേശികളായ തട്ടിക്കൊണ്ട് പോയി കുഴിച്ചുമൂടിയത്.
36 വര്‍ഷമായി ദുബായിലെ ടി സിങ് ട്രേഡിങ് എല്‍എല്‍സിയിലെ പിആര്‍ഒ ആയിരുന്നു അനില്‍. ദുബായ് ടെക്‌സ്‌റ്റൈല്‍ സിറ്റിക്കകത്തെ വെയര്‍ ഹൗസിലായിരുന്നു കൊലപാതകം. പ്രതികളും ഇതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.
അനിലിന്റെ മൂത്ത സഹോദരന്‍ അശോക് കുമാര്‍ വിന്‍സന്റ് ഇതേ കമ്പനിയില്‍ ഫിനാന്‍സ് മാനേജറാണ്. ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ജോലി സംബന്ധമായ ആവശ്യത്തിന് ഈ മാസം 2ന് സഹപ്രവര്‍ത്തകനായ പാകിസ്ഥാന്‍ പൗരന്റെയും ഇയാള്‍ സഹായത്തിനു വിളിച്ച മറ്റൊരു പാക്കിസ്ഥാന്‍കാരന്റെയും കൂടെ അനില്‍ ദുബായ് ടെക്‌സ്‌റ്റൈല്‍ സിറ്റിയിലെ വെയര്‍ ഹൗസിലേക്ക് പോയത്. അനിലിനെ കാണാനില്ലെന്ന് കുടുംബം പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 12നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്.
by Midhun HP News | Jan 24, 2024 | Latest News, കേരളം
മലപ്പുറം: ജില്ലാ ആശുപത്രിയിലെ നിർമാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്‌സ് മരിച്ചു. തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശിനി മിനി (48) യാണ് മരിച്ചത്. പരിക്കേറ്റ ഇവർ കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ നഴ്‌സിങ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്‌സ് ബിനോയ് എന്നിവർക്കൊപ്പമാണ് മിനി ഓങ്കോളജി കെട്ടിടത്തിലെത്തിലെത്തിയത്.
താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതിൽ തുറന്ന് നിലമുണ്ടെന്നു കരുതി കാലെടുത്തു വെക്കുകയായിരുന്നു. എട്ട് അടി താഴ്ചയുള്ള അണ്ടർ ഗ്രൗണ്ടിൽ കെട്ടിട നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന പട്ടികയുടെ മുകളിലേക്കാണ് വീണത്. തലയോട്ടിക്കും വയറിനും കാര്യമായ പരുക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം മിനിയെ കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ട് വർഷം മുൻപാണ് മിനി ആശുപത്രിയിലെ ഹെഡ് നേഴ്സായി എത്തുന്നത്.
Recent Comments