സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും.

രണ്ടിന് 47000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. തുടര്‍ന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.

സുഹൃത്തിന്റെ വിവാഹച്ചടങ്ങിനായി പോയി; ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സുഹൃത്തിന്റെ വിവാഹച്ചടങ്ങിനായി പോയി; ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

കൊച്ചി: ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി. നെട്ടൂര്‍ സ്വദേശി ടിഎസ് പ്രവീണ്‍ കുമാറിനെയാണ് ഞായറാഴ്ച മുതല്‍ കാണാതായത്. രണ്ടുദിവസമായി പൊലീസും സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം തുടരുകയാണ്. കുണ്ടന്നൂര്‍ സ്റ്റാന്‍ഡിലാണ് പ്രവീണ്‍കുമാര്‍ ഓട്ടോ ഓടിച്ചിരുന്നത്.

ഞായറാഴ്ച കുണ്ടന്നൂരിനു സമീപം സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രവീണ്‍കുമാര്‍ പോയിരുന്നു. അന്ന് വൈകിട്ടു മുതലാണ് കാണാതായതെന്ന് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, അന്നുരാത്രി 10 മണി വരെ പ്രവീണ്‍കുമാറിനെ ജങ്ഷനു സമീപം കണ്ടവരുണ്ടെന്നും പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വിവാഹച്ചടങ്ങിനെത്തിയ പ്രവീണ്‍കുമാര്‍ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

മദ്യലഹരിയില്‍ ഉറങ്ങിപ്പോയ പ്രവീണ്‍കുമാറിന്റെ കയ്യില്‍നിന്ന് ഓട്ടോയുടെ താക്കോലും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ഫോണ്‍ ഒരു സുഹൃത്ത് എടുത്തുവച്ചത് പിന്നീട് വീട്ടില്‍ തിരിച്ചേല്‍പ്പിച്ചു. വീട്ടില്‍ അമ്മ മാത്രമായതിനാല്‍ മനഃപൂര്‍വം മാറിനില്‍ക്കാനും സാധ്യതയില്ല. എത്ര മദ്യപിച്ചാലും പിറ്റേന്നു പുലര്‍ച്ചെ നാലു മണിയോടെ തന്നെ സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തിയിരുന്ന പ്രവീണ്‍കുമാര്‍ എവിടെയാണ് അപ്രത്യക്ഷനായതെന്ന അന്വേഷണത്തിലാണ് സുഹൃത്തുക്കള്‍.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ ഗോപി മോഹനനാണ് മദ്യപിച്ച ശേഷം പൊലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. മലപ്പുറം മങ്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

കാറിലിടിച്ച ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. വാഹനം ബൈക്ക് യാത്രികന് നേരേയും അപകടമുണ്ടാക്കും വിധം കുതിച്ചെത്തി. ബൈക്ക് യാത്രികന്‍ സംശയത്തെ തുടര്‍ന്ന് പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.

മലപ്പുറം എസ്പി ഓഫീസിലേക്ക് വിളിച്ച് നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മങ്കട സിഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തി എ.എസ്.ഐയെ കൊണ്ടുപോയി. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടംവരുത്തിയതിനുമാണ് കേസ്.

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്, ഡയസ്നോൺ ബാധകം

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്, ഡയസ്നോൺ ബാധകം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു.

ഡയസ്നോൺ ബാധകമാകുന്നവരുടെ ഇന്നത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്നും കുറയ്‌ക്കും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാൻ പാടില്ല. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാജാസ് കോളേജ് നാളെ തുറക്കും; അഞ്ചു സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു

മഹാരാജാസ് കോളേജ് നാളെ തുറക്കും; അഞ്ചു സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു

വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് തുറക്കാൻ ധാരണ. നാളെ കോളേജ് തുറക്കും. വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ യോ​ഗത്തിലാണ് കോളേജ് തുറക്കാൻ ധാരണയായത്. കാമ്പസിൽ അഞ്ച് സെക്യൂരിറ്റ് ഉദ്യോ​ഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും യോ​ഗത്തിൽ തീരുമാനമായി.

കോളേജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ആറു മണിക്ക് കാമ്പസിനകത്ത് പുറത്തുനിന്നുള്ളവർ എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നത്.

മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ ബന്ധപ്പെട്ട 15 പേർക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്. 15 പേരും കെഎസ്യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരാണ്. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിയിരിക്കുന്നത്. വിദ്യാർഥിനികളടക്കം പട്ടികയിലുണ്ട്.

മഹാരാജാസ് കോളജ് സംഘർഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെ.എസ്.യു- ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചിരുന്നു. സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവർ അറസ്റ്റിലായിരുന്നു.

അനീഷ്യയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകരുടെ മോശമായ പെരുമാറ്റം;അന്വേഷണത്തിന് ഉത്തരവിട്ടു

അനീഷ്യയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകരുടെ മോശമായ പെരുമാറ്റം;അന്വേഷണത്തിന് ഉത്തരവിട്ടു

കൊല്ലം പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയെ ആത്മഹത്യയിലേക്ക് നയിച്ചത് സഹപ്രവര്‍ത്തകരുടെ മാനസികപീഡനവും ഭീഷണിയും. പൊലീസ് അന്വേഷണം തുടരുന്നതിനൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു.

തൊഴിലിടത്തെ സമ്മര്‍ദം, മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും കടുത്തമാനസിക സമ്മര്‍ദം ഉള്‍പ്പെടെ വ്യക്തമാക്കുന്ന അനിഷ്യയുടെ അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. ഇതുള്‍പ്പെടെ അനീഷ്യയെ മാനസികസമ്മര്‍ദത്തിലാക്കിയെന്ന് അഭിഭാഷകര്‍ പറയുന്നു. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെയാണ് ഗുരുതര പരാതി. മറ്റുളളവരുടെ മുന്നില്‍വച്ച് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയെന്നാണ് ആക്ഷേപം.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. കൊല്ലം പരവൂര്‍ പൊലീസ് അന്വേഷണം തുടരുന്നതിനോടൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വിശദമായി എഴുതിയിരുന്ന ഡയറിയും പൊലീസിന് ലഭിച്ചു. നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം പ്രശാന്തിയില്‍ എസ് അനീഷ്യ ഞായറാഴ്ചയാണ് തൂങ്ങി മരിച്ചത്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജ് അജിത് കുമാറാണ് അനീഷയുടെ ഭര്‍ത്താവ്.