ക്ഷേത്ര പ്രദക്ഷിണവഴിക്ക് ഭൂമി സൗജന്യമായി നല്‍കി; മതസൗഹാര്‍ദ്ദത്തിന് മാതൃകയായി അബ്ദു റസാഖ്

ക്ഷേത്ര പ്രദക്ഷിണവഴിക്ക് ഭൂമി സൗജന്യമായി നല്‍കി; മതസൗഹാര്‍ദ്ദത്തിന് മാതൃകയായി അബ്ദു റസാഖ്

മലപ്പുറം: ക്ഷേത്രത്തിനു പ്രദക്ഷിണവഴിയൊരുക്കാന്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കി സമൂഹത്തിന് മാതൃകയായി കെ എം അബ്ദുറസാഖ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള എടവണ്ണപ്പാറ അരിപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴി വിപുലീകരിക്കാന്‍ 32 മീറ്റര്‍ നീളത്തില്‍ 2 സെന്റ് വിട്ടുനല്‍കിയാണ് അബ്ദുറസാഖ് മതസൗഹാര്‍ദ്ദ സന്ദേശം നല്‍കിയത്.

പ്രദക്ഷിണവഴി വിപുലീകരിക്കാനുള്ള പദ്ധതി വര്‍ഷങ്ങളായി ക്ഷേത്ര സമിതിയുടെ മുന്‍പിലുണ്ട്. ഇതിനോടു ചേര്‍ന്നുള്ള ഭൂമി ലഭിക്കുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകനായ അല്‍ ജമാല്‍ നാസറിനെ ക്ഷേത്ര കമ്മിറ്റി സമീപിച്ചു.

ഭൂമി വാങ്ങാനായി നാസറും ക്ഷേത്ര കമ്മിറ്റിക്കാരും ബന്ധപ്പെട്ടപ്പോഴാണ്, സൗജന്യമായി നല്‍കാമെന്നു റസാഖ് അറിയിച്ചത്. ക്ഷേത്ര സമിതി ആവശ്യപ്പെട്ടത്ര ഭൂമി അളന്നുനല്‍കി. ദീര്‍ഘകാലം പ്രവാസിയായിരുന്ന റസാഖ് കാമശ്ശേരി മഹല്ല് കമ്മിറ്റിക്കു കീഴിലുള്ള നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റാണ്.

കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരുടെ എണ്ണം 2,70, 99, 326 ആണ്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്.അവിടെ വോട്ടര്‍മാരുടെ എണ്ണം 32,79,172 ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 3.75 ആളുകളെ ഒഴിവാക്കിയിട്ടുണ്ട്. അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

വോട്ട് വണ്ടി യാത്ര തുടങ്ങി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനുമായി വോട്ട് വണ്ടി പര്യടനം തുടങ്ങി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ‘വോട്ട് വണ്ടി’ യുടെ യാത്ര സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

വോട്ട് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിച്ച് സംസ്ഥാനത്ത് 100 ശതമാനം പോളിങ് ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ജില്ലകളില്‍ അതത് കളക്ടര്‍മാര്‍ വോട്ട് വണ്ടി ഫ്ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്ളാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ റോളര്‍ സ്‌കേറ്റിംഗ്, ഫ്ളാഷ് മോബ്, ചെണ്ട മേളം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. തിരുവനന്തപുരം കവടിയാറില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സബ്കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും.

രണ്ടിന് 47000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. തുടര്‍ന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.

ചെര്‍പ്പുളശ്ശേരി നെല്ലായില്‍ മരമില്ലില്‍ വന്‍ തീപിടിത്തം

ചെര്‍പ്പുളശ്ശേരി നെല്ലായില്‍ മരമില്ലില്‍ വന്‍ തീപിടിത്തം

പാലക്കാട്: ചെര്‍പ്പുളശ്ശേരി നെല്ലായില്‍ മരമില്ലില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ 2:30 നാണ് തീപിടിത്തം ഉണ്ടായത്. സമീപപ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ താല്‍ക്കാലികമായി മാറ്റി. മരമില്ലായതുകൊണ്ട് തീ ആളിപ്പടരാന്‍ സാധ്യത മുന്നില്‍ കണ്ടാണ് ആളുകളെ മാറ്റിയത്.

തീപിടുത്തത്തില്‍ മില്ലില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും മറ്റുപകരണങ്ങളും കത്തി നശിച്ചു. അപകടത്തില്‍ ഇതുവരെ ആളപായമില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷൊര്‍ണുര്‍, പെരിന്തല്‍മണ്ണ, പട്ടാമ്പി, കോങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

തൃശൂര്‍: കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മരിച്ച നിലയില്‍. കൊഴുപ്പിള്ളി ബിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്മ്യൂണിറ്റി ഹാളിനു പുറകില്‍ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നു രാവിലെ ആറു മണിയോടെയാണ് ബിനു ഭാര്യ ഷീജയെ (38) വെട്ടിക്കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച 2 മക്കള്‍ക്കും പരുക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കള്‍ക്കാണ് പരുക്കേറ്റത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റ അഭിനവ്, അനുരാഗ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഷീജയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

എൻ.കെ. പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച കാർ അപകടത്തിൽ​പ്പെട്ടു

എൻ.കെ. പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച കാർ അപകടത്തിൽ​പ്പെട്ടു

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച കാർ അപകടത്തിൽ​പ്പെട്ടു. മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. എം.പിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എം.പിയുടെ കാലിന്റെ എക്സ്റേ എടുത്തു.

ഒരു മണിക്കൂർ നിരീക്ഷണത്തിലാണ് എം.പി. ചങ്ങനാശ്ശേരിയിൽ മകളുടെ വീട്ടിൽ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എം.പി. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എം.പി ഉറക്കത്തിലായിരുന്നു.