by Midhun HP News | Jan 21, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് എഐ കാമറ കൊണ്ട് ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍. നിയമലംഘനത്തിന് ഇക്കാലയളവില്‍ 32,88,657 ചലാനുകള്‍ നിയമം ലംഘിച്ചവര്‍ക്ക് അയച്ചതായും മോട്ടാര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2023 ജൂണ്‍ അഞ്ചു മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവന്നത്. ഒരു ദിവസം 18,000 വരെ ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിയിരുന്നത്. സംസ്ഥാനത്താകെ 726 എഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഗതാഗതലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ സീറ്റു ബെല്‍റ്റ് ധരിക്കാത്തതാണ്. 18.22 ലക്ഷമാണ് ഈ നിയമലംഘനത്തിന് പിഴ ഈടാക്കിയത്. രണ്ടിലേറെ യാത്രക്കാരുമായി സഞ്ചരിച്ചതിന് 45,124 ഇരുചക്വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.
എഐ കാമറ സ്ഥാപിച്ചതിലൂടെ സംസ്ഥാനത്ത് റോഡപകടങ്ങളെത്തുടര്‍ന്നുള്ള മരണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു. അപകടങ്ങളില്‍ തലയ്ക്ക് ഗുരുതരമായ ക്ഷതമേല്‍ക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി ശ്രീജിത്ത് വ്യക്തമാക്കി.
by Midhun HP News | Jan 20, 2024 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതില്‍ സന്തോഷമെന്ന് ഭാര്യ. പ്രതികള്‍ക്ക് പരാമവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. വിധി പ്രസ്താവം കേള്‍ക്കാന്‍ രഞ്ജിത് ശ്രീനിവാസന്റെ ഭാര്യയും മകളും അമ്മയും കോടതിയില്‍ എത്തിയിരുന്നു. തൊണ്ടയിടറിയാണ് അമ്മ മാധ്യമങ്ങളോട് സംസാരിച്ചത്. മകന്റെ കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊന്നും പറയാനില്ലെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ പതിനഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ആദ്യ എട്ടു പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം. മറ്റ് ഏഴു പേര്‍ക്കെതിരെ ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. സുരക്ഷ കണക്കിലെടുത്ത് കോടതി പരിസരത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. പ്രതികളെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ 2021 ഡിസംബര്‍ 19ന് രണ്‍ജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.
ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം എന്ന സലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍, അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയില്‍ വീട്ടില്‍ ജസീബ് രാജ, മുല്ലയ്ക്കല്‍ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണ്ണറുകാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, തെക്കേ വെളിയില്‍ ഷാജി എന്ന പൂവത്തില്‍ ഷാജി, മുല്ലയ്ക്കല്‍ നുറുദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികള്‍.
ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 1,000-ത്തോളം രേഖകളും 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ ഹാജരാക്കി.
ആലപ്പുഴയിലെ ബിജെപി അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. അതിനിടെ, വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ചു പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കേസ് ആലപ്പുഴയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടത്.
by Midhun HP News | Jan 20, 2024 | Latest News, കേരളം
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞു.
ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികളാണ് കൊല നടത്തിയത്. ഒമ്പത് മുതല്‍ 12 വരെയുള്ള പ്രതികള്‍ കൊല നടത്തിയവര്‍ക്ക് സഹായവുമായി വീടിന് പുറത്തു കാത്തുനിന്നുവെന്നും 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്ന് പ്രൊസിക്യൂഷൻ വാദം പൂർത്തിയായി. കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു.
നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ്, ജസീബ്, നവാസ്, സമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി, ഷെര്‍നാസ് എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 15 വരെയുള്ള പ്രതികള്‍. കൊലക്കുറ്റത്തിന് പുറമെ 13,14,15 പ്രതികള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചന കേസും തെളിഞ്ഞു. കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വിവിധ കേസുകളാണ് ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. കൊലക്കുറ്റത്തിന് പുറമെ ഒന്ന്, 2,7 പ്രതികള്‍ക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിന് ചുമത്തിയ കേസും തെളിഞ്ഞു.
2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. കേസിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വയലാർ സ്വദേശിയായ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടി. അർധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. തൊട്ടടുത്ത ദിവസം പുലർച്ചെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആലപ്പുഴയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ.
by Midhun HP News | Jan 20, 2024 | Latest News, കേരളം
വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തിയതായി പരാതി. മലപ്പുറം മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഉൾപെടുത്തിയാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.
ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് അരിച്ചാക്കുകൾ കടത്തിയത് സ്വകാര്യ വാഹനത്തിലാണ്. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയന്നാണ് ആരോപണം. സംഭവത്തെപ്പറ്റി പഞ്ചായത്തംഗം തന്നെയാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയത്. എന്നാൽ ഈ ആരോപണം നിഷേധിച്ച് സ്‌കൂൾ അധികൃതർ രംഗത്തെത്തി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്. എല്ലാ കണക്കുകളും കൃത്യമെന്നും ആർക്കും പരിശോധിക്കാമെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു.
by Midhun HP News | Jan 20, 2024 | Latest News, കേരളം
ശബരിമല : 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു.
കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്.
by Midhun HP News | Jan 20, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കും.
വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. പ്രിന്‍സിപ്പല്‍ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
മഹാരാജാസ് കോളജില്‍ ഒരു വിദ്യാര്‍ഥിയ്ക്ക് കുത്തേറ്റതുള്‍പ്പെടെ, വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും നേര്‍ക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ കോളജില്‍ ഇത്തരം സംഘര്‍ഷസാഹചര്യം ഉരുത്തിരിയാന്‍ ഇടവരുന്നത് ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞിരുന്നു.
തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച വിദ്യാര്‍ത്ഥി സര്‍വ്വകക്ഷി യോഗവും ചേര്‍ന്ന ശേഷം എത്രയും പെട്ടെന്ന് കോളജ് തുറന്നു പ്രവര്‍ത്തിപ്പിക്കും. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
Recent Comments