സ്കൂൾ വിട്ടു വീട്ടിലേക്ക് പോയ 14കാരിക്ക് നേരെ ന​ഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ

സ്കൂൾ വിട്ടു വീട്ടിലേക്ക് പോയ 14കാരിക്ക് നേരെ ന​ഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു (23) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14കാരിക്കു മുന്നിൽ ഇയാൾ ന​ഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. എസ്ഐ ഷിജോ, എഎസ്‌ഐ രേഖ, എസ്‌സിപിഒ സജീർ, സിപിഒ കൃഷ്‌ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍, ഗാര്‍ഹിക പീഡനമെന്ന് ആരോപണം

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍, ഗാര്‍ഹിക പീഡനമെന്ന് ആരോപണം

മലപ്പുറം: പന്തല്ലൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. ഗാര്‍ഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍തൃപിതാവ് ശാരീരികമായും മാനസികമായും തഹ്ദിലയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു മക്കളാണുള്ളത്. ഭര്‍ത്താവ് നിസാര്‍ വിദേശത്താണ്.

ഗസ്റ്റ് ഹൗസില്‍ മോദി കിടന്നുറങ്ങിയത് നിലത്ത്, കഴിച്ചത് കരിക്കിന്‍ വെള്ളം മാത്രം; അത്താഴത്തിന് പപ്പായയും പൈനാപ്പിളും

ഗസ്റ്റ് ഹൗസില്‍ മോദി കിടന്നുറങ്ങിയത് നിലത്ത്, കഴിച്ചത് കരിക്കിന്‍ വെള്ളം മാത്രം; അത്താഴത്തിന് പപ്പായയും പൈനാപ്പിളും

കൊച്ചി: അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉറങ്ങിയത് നിലത്ത് കിടന്ന്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ എത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. രാത്രിയില്‍ പഴവര്‍ഗങ്ങള്‍ മാത്രമാണ് മോദി കഴിച്ചത്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനുമായി രാവിലെ ഗുരുവായൂരിലേക്ക് പോകുംമുന്‍പെ, കരിക്കിന്‍ വെള്ളം മാത്രമാണ് മോദി കുടിച്ചതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഴക്കുളം പൈനാപ്പിളും കരിക്കുമായാണ് മോദി കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയത്. 20 കരിക്കുമായാണ് മോദി ഡല്‍ഹിയിലേക്ക് തിരികെ പോയത്. ചെത്താത്ത കരിക്ക് ആണ് പ്രധാനമന്ത്രിയുടെ ലഗേജിന്റെ കൂട്ടത്തില്‍ ഇടംപിടിച്ചത്.പ്രത്യേകം പായ്ക്ക് ചെയ്താണ് നെടുമ്പാശേരി വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് കരിക്ക് കൊടുത്തുവിട്ടത്.

മോദി സസ്യാഹാരി ആയത് കൊണ്ട് എറണാകുളം ഗസ്റ്റ് ഹൗസില്‍ പ്രത്യേക അടുക്കള തന്നെ തയ്യാറാക്കുകയായിരുന്നുവെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍ ബിനീത് മേരി ജാന്‍ പറഞ്ഞു. ‘വാഴക്കുളത്ത് നിന്ന് ഞങ്ങള്‍ ഒന്നാംതരം പൈനാപ്പിള്‍ കൊണ്ടുവന്നു. ആപ്പിള്‍, ഓറഞ്ച്, തണ്ണിമത്തന്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ കൂടാതെ പ്രാദേശികമായി കൃഷി ചെയ്ത ഡ്രാഗണ്‍ഫ്രൂട്ട്, പേരക്ക, പപ്പായ എന്നിവയും ഞങ്ങള്‍ ഒരുക്കി. അത്താഴത്തിന്, ഞങ്ങള്‍ പുഴുങ്ങിയ അരി, ബസ്മതി അരി, ഫുല്‍ക്ക എന്നിവയ്ക്ക് പുറമേ രാജ്മ ദാല്‍ ആലു, ഗോബി തുടങ്ങിയ ഉത്തരേന്ത്യന്‍ വിഭവങ്ങളും തയ്യാറാക്കി. അവിയല്‍, ഓലന്‍, കാളന്‍ തുടങ്ങിയ കേരള വിഭവങ്ങളും ഉണ്ടായിരുന്നു,- ബിനീത് മേരി ജാന്‍ പറഞ്ഞു.

എന്നാല്‍ മോദി പപ്പായയും പൈനാപ്പിളും മാത്രമാണ് കഴിച്ചത്. ‘വാഴക്കുളം പൈനാപ്പിളിന്റെ രുചി അദ്ദേഹത്തിന് ഇഷ്ടമായി. മുന്‍ സന്ദര്‍ശനത്തില്‍ കട്ടിക്കൂടിയ മെത്തയോടായിരുന്നു അദ്ദേഹത്തിന് ഇഷ്ടം ഉണ്ടായിരുന്നത്. അതിനാല്‍ ഞങ്ങള്‍ കയര്‍ഫെഡില്‍ നിന്ന് ഒരു കയര്‍ മെത്ത വാങ്ങി. എന്നാല്‍ നിലത്ത് യോഗ മാറ്റില്‍ കിടന്നാണ് അദ്ദേഹം ഉറങ്ങിയത്. പായയില്‍ ഇടാന്‍ ഞങ്ങള്‍ അദ്ദേഹത്തിന് മൂന്ന് ബെഡ്ഷീറ്റുകള്‍ നല്‍കി’- ബിനീത് കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാവിലെ 6 മണിയോടെ കരിക്കിന്‍ വെള്ളം മാത്രം കഴിച്ചാണ് മോദി ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയത്. ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പ്രഭാതഭക്ഷണത്തിനായി ഇഡ്ഡലി, ദോശ, അപ്പം, പുട്ട്, പാല്‍, പഴച്ചാറുകള്‍ എന്നിവ തയ്യാറാക്കിയിരുന്നു. തൃശൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ പാചകവിദഗ്ധര്‍ ഗുരുവായൂരിലെത്തി അദ്ദേഹത്തിന് പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.

ബുധനാഴ്ച എറണാകുളം ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ വില്ലിംഗ്ടണ്‍ വേദിയില്‍ എത്തി പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണം നല്‍കി. ഗസ്റ്റ് ഹൗസില്‍ വച്ച് പ്രധാനമന്ത്രിക്കും അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വേണ്ടി 26 വിഭവങ്ങള്‍ അടങ്ങിയ പ്രത്യേക കേരള സദ്യ ഒരുക്കിയിരുന്നു. എന്നാല്‍, മറൈന്‍ ഡ്രൈവിലെ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നേരെ നാവികസേന വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയിലേക്ക് പോയി. അവിടെ നിന്ന് ഡല്‍ഹിയിലേക്കുള്ള പ്രത്യേക വിമാനത്തില്‍ കയറാന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.

മണ്ഡല മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് 38.88 കോടി വരുമാനം

മണ്ഡല മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് 38.88 കോടി വരുമാനം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായി നടത്തിയ സർവ്വീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ – നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്.

ജനുവരി 15 ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 16 ന് പുലർച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകളും നടത്തി. ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവീസുകളും, ജനുവരി 21 ന് പുലർച്ചെ 4 മണി വരെ ദീർഘദൂര സർവ്വീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍. പവന് 240 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും 46,000ന് മുകളില്‍ എത്തിയത്. 46,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ സ്വര്‍ണവില 46,000ല്‍ താഴെ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വില ഉയര്‍ന്നത്. രണ്ടാഴ്ചയായി സ്വര്‍ണവിലയില്‍ ഇടിവാണ് ദൃശ്യമാകുന്നത്. രണ്ടിന് സ്വര്‍ണവില 47000ല്‍ എത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയിലധികം താഴ്ന്ന ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.

‘ആണും പെണ്ണും എത്രകാലം ഒരുമിച്ചു താമസിച്ചാലും വിവാഹമായി കണക്കാക്കാനാവില്ല’

‘ആണും പെണ്ണും എത്രകാലം ഒരുമിച്ചു താമസിച്ചാലും വിവാഹമായി കണക്കാക്കാനാവില്ല’

കൊച്ചി: വിവാഹ ബന്ധം നിലനില്‍ക്കെ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ എത്രകാലം ഒരുമിച്ച് താമസിച്ചാലും അതിനെ വിവാഹമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അനു ശിവരാമനും ജസ്റ്റിസ് സി പ്രതീപ് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2012 ല്‍ അന്തരിച്ച കണ്ണൂരിലെ കെ ടി രാമകൃഷ്ണന്‍ നമ്പ്യാരുടെ നിയമപരമായി വിവാഹിതയായ ഭാര്യയുടെ പദവി അവകാശപ്പെട്ട് 69ഉം 74 വയസുമുള്ള രണ്ട് സ്ത്രീകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കോടതിയുടെ പരാമര്‍ശം.

1966ല്‍ മതാചാര പ്രകാരമാണ് വിവാഹം കഴിച്ചതെന്ന് 74 കാരിയായ യുവതി അവകാശപ്പെട്ടു. മറുവശത്ത്, ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്ത 69 കാരിയായ ഒരു സ്ത്രീ, 1970 ല്‍ അവരെ വിവാഹം കഴിച്ചതായി അവകാശപ്പെട്ടു. രാമകൃഷ്ണന്‍ നമ്പ്യാരുടെ മരണശേഷം കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിനായി രണ്ട് സ്ത്രീകളും കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് സ്ത്രീകളും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു.

74 കാരിയുടെ അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ 69 കാരി നിയമപരമായി വിവാഹിതയായ ഭാര്യ താനാണെന്ന പ്രഖ്യാപനത്തിനായി കണ്ണൂര്‍ കുടുംബ കോടതിയെ സമീപിച്ചു. പരേതനായ രാമകൃഷ്ണന്‍ തന്നോടൊപ്പം 40 വര്‍ഷത്തിലേറെയായി താമസിച്ചിരുന്നതായും അതിനാല്‍ ഭാര്യാഭര്‍ത്താക്കന്മാരായി അവര്‍ തമ്മിലുള്ള ദീര്‍ഘകാല സഹവാസം വിവാഹത്തിന് തുല്യമാണെന്നും അവര്‍ വാദിച്ചു.

പരേതനായ രാമകൃഷ്ണന്‍ നമ്പ്യാര്‍ ആചാരപ്രകാരമാണ് 74കാരിയെ വിവാഹം കഴിച്ചതെന്ന് കുടുംബകോടതി കണ്ടെത്തി. മരിച്ചയാളുടെ സഹോദരന്റെയും രണ്ട് ബന്ധുക്കളുടെയും മൊഴിയും കുടുംബ കോടതി രേഖപ്പെടുത്തി. വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങുകളുടെ വിശദാംശങ്ങളാണ് വിചാരണ വേളയില്‍ ഇവര്‍ സമര്‍പ്പിച്ചത്. അതിനാല്‍, 74 വയസ്സുള്ള സ്ത്രീ പരേതനായ രാമകൃഷ്ണന്‍ നമ്പ്യാരുടെ നിയമപരമായി വിവാഹിതയായ ഭാര്യയാണെന്ന് വിചാരണ കോടതി വ്യക്തമാക്കുകയായിരുന്നു.