by Midhun HP News | Jan 19, 2024 | Latest News, കേരളം
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ടി എം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്കുകള്‍ ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് സാവകാശം തേടിയിരുന്നു.
കിഫ്ബി മസാലബോണ്ട് കേസില്‍ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയപ്പോള്‍ സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനുശേഷം, ചില പോരായ്മകളുണ്ടെന്ന് വിലയിരുത്തി ഇഡി സമന്‍സ് പിന്‍വലിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സിക്ക് തുടര്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്.
അന്വേഷണത്തെ തടയുന്ന ഒരു നടപടിയും ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഇഡി അധികൃതര്‍ സൂചിപ്പിക്കുന്നത്. നേരത്തെ ജനുവരി 12 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൈഗ്രേഷന്‍ കോണ്‍ക്ലേവ് കാരണം ജനുവരി 21 വരെ തിരക്കിലാണെന്ന് ഐസക്ക് ഇഡിയെ അറിയിക്കുകയായിരുന്നു.
by Midhun HP News | Jan 19, 2024 | Latest News, കേരളം
കൊച്ചി: കൊച്ചി ഫോട്ടോ ജേണലിസ്‌റ്റ്‌സ് ഫോറം സംഘടിപ്പിക്കുന്ന 26ാമത് ഫോട്ടോ പ്രദർശനം ‘പോർട്ട്‌ഫോളിയോ 2024’ ന്റെ ബ്രോഷർ നടൻ മോഹൻലാൽ പ്രകാശനം ചെയ്‌തു. ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ മനു വിശ്വനാഥ്, ട്രഷറർ മനു ഷെല്ലി, ജോയിന്റ് കൺവീനർ വി ശിവറാം, ബ്രില്യൻ ചാൾസ്, ബൈജു കൊടുവള്ളി, സിദ്ദിഖുൾ അക്ബർ, മനു ജോഷ്വാൻ എന്നിവർ ചടങ്ങിൽപങ്കെടുത്തു.
ജനുവരി 24 മുതൽ 26 വരെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം നടക്കുന്നത്. കൊച്ചിയിലെ വിവിധ പത്ര മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന 33 ഫോട്ടോഗ്രാഫർമാർ 2022 ജനുവരി മുതൽ 2023 ഡിസംബർ വരെ പകർത്തിയ അറുപത്തിയഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കൊച്ചിയിലെ ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്‌മയാണ് കൊച്ചി ഫോട്ടോ ജേണലിസ്‌റ്റ്‌സ് ഫോറം.
by Midhun HP News | Jan 19, 2024 | Latest News, കേരളം
കൊച്ചി: പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എസ്‌ഐയെ സ്ഥലം മാറ്റിയതായി ഡിജിപി ഹൈക്കോടതിയില്‍. പൊലീസിന്റെ നടപടി ശരിയാണെന്ന് തോന്നുന്നുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നായിരുന്നു ഡിജിപിയുടെ വിശദീകരണം.
സ്റ്റേഷനിലെത്തിയ അഭിഭാഷകന്‍ ആഖ്വബ് സുഹൈലിനോടാണ് എസ്‌ഐ മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ എസ്‌ഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായ നടപടി സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഓണ്‍ലൈനായാണ് ഡിജിപി വിശദീകരണം അറിയിച്ചത്. ഇതിനിടെയാണ് പൊലീസിനെതിരെ കോടതിയുടെ ഭാഗത്ത് നിന്ന് ചിലവിമര്‍ശനങ്ങളുണ്ടാവുകയും ചെയ്തു.
ആരെയും ചെറുതായി കാണരുത്. ഒരു അഭിഭാഷകനായതുകൊണ്ടാണ് അദ്ദേഹത്തിന് പൊലീസിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. ഒരുസാധാരണക്കാരനാണെങ്കില്‍ എന്താകുമായിരുന്നു?. ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജനങ്ങള്‍ക്കാണ് പരമാധികാരമം എന്നകാര്യം മറക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. നന്നായി പെരുമാറാന്‍ പൊലീസിനെ പരിശീലിപ്പിക്കണമെന്നു കോടതി വ്യക്തമാക്കി.
പരാതിക്കാരനായ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തുടര്‍ നടപി സ്വീകരിക്കുമെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തകക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഡിജിപി അറിയിച്ചു.
by Midhun HP News | Jan 18, 2024 | Latest News, കേരളം
ഇലക്ട്രിക്ക് ബസുകളിൽ 10 രൂപ ടിക്കറ്റ് തുടരില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ജനങ്ങളുടെ ആവശ്യപ്രകാരമല്ല ടിക്കറ്റിന് 10 രൂപയാക്കിയത്. സർക്കാരിന് നഷ്ടവും വരുന്ന ഒരു പരിപാടിയും ചെയ്യില്ല. വന്ദേ ഭാരതിൽ വില കുറഞ്ഞ ടിക്കറ്റിൽ അല്ലല്ലോ യാത്രയെന്ന് മന്ത്രി കുറ്റപ്പെടുത്തി. കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാൻ ചിലവ് കുറക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കെഎസ്‌ആര്‍ടിസിക്ക് വലിയ ബാധ്യതയായ ഇലക്‌ട്രിക് ബസുകള്‍ ഇനി വാങ്ങില്ല. ഒരു ഇലക്‌ട്രിക് ബസ് വാങ്ങുന്ന തുകക്ക് നാല് ബസ് വാങ്ങാനാകും. ഇലക്‌ട്രിക് ബസ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്‌ആര്‍ടിസി ഇനി ഇലക്‌ട്രിക് ബസുകള്‍ വാങ്ങില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാല്‍ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുമായി ചര്‍ച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്കാരങ്ങളെ പിന്തുണച്ചു
by Midhun HP News | Jan 18, 2024 | Latest News, കേരളം
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു നിന്ന് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. കേരളത്തില്‍ ബിജെപി ചരിത്രം രചിക്കുമെന്നും കേരള പ്രഭാരിയായ ജാവഡേക്കര്‍ കോഴിക്കോട് പറഞ്ഞു.
2019 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും അത്തരത്തിലൊരു ചിന്ത പോലുമില്ല. 2024ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തന്നെ വിജയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. മോദി 2024 ല്‍ ഹാട്രിക് അടിക്കും. അഴിമതി കേസുകളില്‍ സിപിഎം – ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണം വെറും തമാശയാണെന്നും ജാവഡേക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണത്തില്‍ കാര്യമില്ല. ആരാണ് എന്നു നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടി എടുക്കുന്നതെന്നും ജാവഡേക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ എന്താണ് ചെയ്തത് എന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ക്കും അറിയാം. എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാല്‍ മനസിലാകും. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തില്‍ കാര്യമില്ലെന്ന് ബോധ്യമാകുമെന്നും ജാവഡേക്കര്‍ പറഞ്ഞു.
വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എലും തമ്മില്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജാവഡേക്കറുടെ പ്രതികരണം.
by Midhun HP News | Jan 18, 2024 | Latest News, കേരളം
കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളജില്‍ വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. നാസറിന്റെ കാലിനും കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആണെന്ന് എസ്എഫ്ഐ ആരോപിച്ചു.നാടക റിഹേഴ്സലിന് ശേഷം പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ കോളജില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Recent Comments