by Midhun HP News | Jan 17, 2024 | Latest News, കേരളം
ഇടുക്കി നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. വാഗമൺ സ്വദേശികളായ വയലിങ്കൽ വിഷ്ണു, പട്ടാളത്തില്‍ റോബിൻ, കോട്ടമല ചെറുപ്പല്ലില്‍ സുനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വാഗമണ്ണിൽ നിന്നും തേയിലക്കൊളുന്തുമായി മൂന്നാറിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കല്ലാറിന് സമീപം നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ഥലത്ത് സുരക്ഷാ ബോർഡുകൾ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. എങ്കിൽ മാത്രമേ അപകടങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയൂ എന്നും നാട്ടുകാർ പറയുന്നു.
by Midhun HP News | Jan 17, 2024 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും സംബന്ധിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി പ്രധാന വഴിപാടായ മീനൂട്ട് നടത്തി. ക്ഷേത്രത്തില്‍ വിവിധ വഴിപാടുകള്‍ നടത്തിയ മോദി വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃപ്രയാര്‍ ക്ഷേത്ര പരിസരത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. രാവിലെ അയ്യപ്പ ഭക്തര്‍ക്ക് അടക്കം പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ ഒമ്പതുമണിക്ക് ശേഷം ആര്‍ക്കും പ്രവേശനമില്ല. ക്ഷേത്രം തന്ത്രി അടക്കം അഞ്ചുപേര്‍ക്കാണ് ക്ഷേത്രത്തില്‍ അനുമതിയുള്ളൂ. എസ്പിജിയുടെയും പൊലീസിന്റെയും കടുത്ത നിയന്ത്രണത്തിലാണ് ക്ഷേത്ര പരിസരം.
by Midhun HP News | Jan 17, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജനുവരി രണ്ടിന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 11ന് 46,080 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. നാലുദിവസത്തിനിടെ 500 രൂപയോളം വര്‍ധിച്ച ശേഷം ഇന്നലെ മുതലാണ് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്.
by Midhun HP News | Jan 17, 2024 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുക.
കൊച്ചി കപ്പല്‍ ശാലയില്‍ 1799 കോടി രൂപ ചിലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയായത്. 970 കോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാല ഒരുക്കിയത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് അറ്റകുറ്റപ്പണിശാല സജ്ജമാക്കിയത്.
1236 കോടി രൂപ ചെലവഴിച്ചാണ് ഐഒസിയുടെ പുതിയ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിച്ചിട്ടുള്ളത്. ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തില്‍ പങ്കെടുക്കും. ഇതിനുശേഷം നരേന്ദ്രമോദി ഡല്‍ഹിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Jan 17, 2024 | Latest News, കേരളം
തൃശൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നത്തെ അവധിക്ക് പകരം ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും.
by Midhun HP News | Jan 17, 2024 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂരില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്ന മോദി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പോകുന്നതിന് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു.
കല്യാണത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു.
മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗ്ഗമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. 2019 ലും നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃശൂരില്‍ വിവിധയിടങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക.
Recent Comments