by Midhun HP News | Jan 17, 2024 | Latest News, കേരളം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു.
ഗുരുവായൂരില്‍ താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തൊട്ടടുത്ത മൂന്നു മണ്ഡപങ്ങളിലുമെത്തി നവദമ്പതികള്‍ക്കും മോദി ആശംസ അറിയിക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ഗുരുവായൂര്‍ ദര്‍ശനവും വിവാഹചടങ്ങിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി
ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കും. ഇതിനുശേഷം മോദി 9.45 ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്.
ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗ്ഗമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. 2019 ലും നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Jan 16, 2024 | Latest News, കേരളം
തിരുവനന്തപുരം: ചിത്രകലാ രംഗത്ത് സമഗ്രമായ സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരം പ്രഖ്യാപിച്ചു. 2022 വര്‍ഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായരാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ചിത്രകലയുടെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് സുരേന്ദ്രന്‍ നായരെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം വിതരണ തീയ്യതി പിന്നീട് പ്രഖ്യാപിക്കും.
പ്രശസ്ത എഴുത്തുകാരനും ആര്‍ട്ട് ക്യുറേറ്ററുമായ സദാനന്ദ മേനോന്‍ ചെയര്‍മാനും ചിത്രകലാകാരായ നീലിമ ഷെയ്ഖ്, ഷിബു നടേശന്‍, കെഎം മധുസൂദനന്‍, കേരള ലളിത കലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ദൃശ്യകലയിലെ മികവ്, സ്ഥിരതയാര്‍ന്ന സാങ്കേതിക മികവ്, ശ്രദ്ധേയമായ മാനവികത, പ്രതീകാത്മക ഭാഷയുടെ ശക്തമായ പ്രയോഗം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു. സമകാലികര്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താനും ദേശീയമായും അന്തര്‍ദ്ദേശീയമായും അംഗീകരിക്കപ്പെടാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞുവെന്ന് ജൂറി വിലയിരുത്തി.
by Midhun HP News | Jan 16, 2024 | Latest News, കേരളം
കൊച്ചി: കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെട്ടിട നിര്‍മ്മാണ സ്ഥാപനമായ ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സ്ഥാപകന്‍ അബ്ദുള്‍ റഷീദിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആയ അബ്ദുള്‍ റഷീദിന്റെ 30 കോടിയില്‍പ്പരം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമാണ് നടപടി. ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനി, അബ്ദുള്‍ റഷീദിന്റെ ട്രസ്റ്റ് ആയ ഹീരാ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഉപ കമ്പനി ഹീരാ സമ്മര്‍ ഹോളിഡേ ഹോംസ് എന്നിവയുടെ പേരിലുള്ള മൊത്തം 62 സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എസ്ബിഐയുടെ കവടിയാല്‍ ശാഖയില്‍ അബ്ദുള്‍ റഷീദും മറ്റു പ്രതികളും തട്ടിപ്പ് നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. വായ്പ ലഭിക്കാന്‍ ബാങ്കിന് ഈടായി നല്‍കിയിരുന്ന സെക്യൂരിറ്റികള്‍ എസ്ബിഐയെ കബളിപ്പിച്ച് വിറ്റ് കോടികള്‍ സമ്പാദിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റം. കൂടാതെ വായ്പ തിരിച്ചടവിലും തട്ടിപ്പ് നടത്തിയതായും ഇഡി ആരോപിക്കുന്നു. തട്ടിപ്പിലൂടെ പ്രതികള്‍ 34.82 കോടി രൂപ തട്ടിയെടുത്തതായും ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഡിസംബറിലാണ് റഷീദിനെ ഇഡി അറസ്റ്റ് ചെയ്തത്. ബാങ്കിന് ഈടായി നല്‍കിയ സെക്യൂരിറ്റികള്‍ വിറ്റ് ലഭിച്ച തുക വകമാറ്റിയതായും കണ്ടെത്തി. ഈ തുക വായ്പ തിരിച്ചടവിന് ഉപയോഗിക്കാതെ അബ്ദുള്‍ റഷീദ് വകമാറ്റുകയായിരുന്നുവെന്നും ഇഡി ആരോപിച്ചു. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സമര്‍പ്പിച്ച എഫ്ഐആറിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്.
by Midhun HP News | Jan 16, 2024 | Latest News, കേരളം
കേന്ദ്രത്തിനെതിരെ ഡൽഹിയിൽ ഇടതുമുന്നണി സമരം. അടുത്ത മാസം 8 ന് സമരം നടക്കും. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. ഡൽഹിയിലെ സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും സമരത്തിന്‍റെ ഭാഗമാകും. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവന്‍ സംസ്ഥാനങ്ങളെയും ക്ഷണിക്കും. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും ഇടതു മുന്നണി നേതൃയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുത്തിരിക്കുന്നത്. വി.എസ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ രാജ്യതലസ്ഥാനത്തെത്തി സമരം നടത്തുകയാണ് മുന്നണി. ഡൽഹി സമരം നടക്കുന്ന അതേ ദിവസം കേരളത്തിൽ ബൂത്ത് തലത്തിൽ എല്‍.ഡി.എഫ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും.
by Midhun HP News | Jan 16, 2024 | Latest News, കേരളം
കൊച്ചി കുസാറ്റ് അപകടത്തിൽ ജീവൻ നഷ്ടമായ പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫിന്റെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുന്നു. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ പ്രഖ്യാപിച്ച വീടിന്റെ തറക്കല്ലിടൽ മുൻമന്ത്രി എകെ ബാലൻ നിർവ്വഹിച്ചു.
കുടുംബം പോറ്റാൻ ജോലി, ശേഷം നല്ലൊരു വീട്..അങ്ങനെ ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് ആൽബിൻ ജോസഫ് യാത്രയായത്. മരണശേഷം ആൽബിന്റ് വീട് സന്ദർശിച്ച മുൻമന്ത്രി എകെ ബാലൻ സിപിഐഎം സഹായത്തോടെ ആൽബിന്റെ കുടുംബത്തിന് പുതിയ വീട് വെച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ ഓരോ ജില്ലയിലും രണ്ടുവീതം വീടുകൾ വീതം നിർമിച്ചുനൽകുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഈ പദ്ധതിയിലെ രണ്ടാമത്തെ വീടാണ് ആൽബിന്റെ കുടുംബത്തിന് വേണ്ടി ഒരുങ്ങുന്നത്.
by Midhun HP News | Jan 16, 2024 | Latest News, കേരളം
തൊടുപുഴ: വെള്ളിയാമറ്റത്ത് കപ്പത്തൊണ്ടു കഴിച്ച 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ കുട്ടികര്‍ഷകര്‍ക്ക് മന്ത്രി ജെ ചിഞ്ചുറാണി കൈമാറി. മാട്ടുപ്പെട്ടിയില്‍ നിന്നെത്തിച്ച പശുക്കള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്‍പ്പടെയുണ്ട്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സര്‍ക്കാര്‍ സൗജന്യമായി നല്‍കി.
മാട്ടുപ്പെട്ടിയില്‍നിന്ന് എത്തിച്ച നല്ലയിനം പശുക്കളെയാണ് നല്‍കിയതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ്് നല്‍കിയിരുന്നു. അത് പാലിച്ചുവെന്നും ഇനിയും ആവശ്യമായാല്‍ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള പശുക്കളെയാണ് നല്‍കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പശുക്കള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാരായ ജെചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സാധ്യമായ സഹായം ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശാനുസരുണം അന്ന് അടിയന്തരസഹായമായി മില്‍മ 45,000 രൂപ കൈമാറിയിരുന്നു.
വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന പത്താംക്ലാസുകാരന്‍ വളര്‍ത്തിയ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍.
Recent Comments