വേവിച്ച കോഴിയിറച്ചി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാം; 500 വര്‍ഷമായി പിന്തുടരുന്ന ആചാരത്തിന് ഹൈക്കോടതി അനുമതി നല്‍കി

വേവിച്ച കോഴിയിറച്ചി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാം; 500 വര്‍ഷമായി പിന്തുടരുന്ന ആചാരത്തിന് ഹൈക്കോടതി അനുമതി നല്‍കി

കൊച്ചി: പിതൃഭവനത്തിനോടു ചേര്‍ന്നുള്ള സ്വകാര്യക്ഷേത്രത്തില്‍ വേവിച്ച കോഴിയിറച്ചി സമര്‍പ്പിക്കാന്‍ കുടുംബത്തിന് അനുവാദം നല്‍കി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. വേവിച്ച മാംസം ഇവിടെ പരമ്പരാഗതമായി സമര്‍പ്പിക്കാറുണ്ടെന്നതിനാല്‍ ആചാരത്തിന് ആര്‍ഡിഒയും അനുവാദം നല്‍കിയിരുന്നു. ഇതും പരിശോധിച്ചതിന് ശേഷമാണ് കോടതി കോഴിയിറച്ചി സമര്‍പ്പണത്തിന് കുടുംബത്തിന് അനുവാദം നല്‍കിയിരിക്കുന്നത്.

നിയമം അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും ഇവിടുത്തെ ആചാരങ്ങളിലുള്‍പ്പെടെ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും കോടതി ചൂണ്ടിക്കാണിച്ചു. മൂന്ന് ദിവസമാണ് ഈ ക്ഷേത്രത്തിലെ ഉത്സവം നടക്കാറുള്ളത്. തിറ മഹോത്സവം എന്ന പേരില്‍ നടത്തുന്ന ഉത്സവം എല്ലാ വര്‍ഷവും നടത്താറുണ്ട്. 500 വര്‍ഷമായി പരമ്പരാഗതമായി കുടുംബം അനുഷ്ഠിച്ച് പോരുന്ന ആചാരമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കുടുംബത്തിലെ തന്നെ മുതിര്‍ന്ന അംഗമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കോഴി വീട്ടില്‍ വളര്‍ത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 25 പ്രകാരം വന്യമൃഗ സംരക്ഷണത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. കുടുംബത്തിലെ തന്നെ മറ്റൊരംഗമാണ് ഈ ആചാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒയുടെ ഉത്തരവിനെതിരെ പരാതി നല്‍കിയത്. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 17 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 17 പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ മേലെ വളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. ഇന്നു രാവിലെ 6.45ഓടെയാണ് അപകടം. ബസ് നിയന്ത്രണം വിട്ടു മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് താമരശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണു നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്.

എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു

എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു

കൊച്ചി: എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു താമസം.

കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് വെള്ളക്കാട്ടുമനയിൽ വി എം സി നാരായണൻ ഭട്ടത്തിപ്പാടിന്റെയും ഗൗരി അന്തർജനത്തിന്റെയും മകളായി 1940 മെയ് ഒന്നിനാണ് ശ്രീദേവി ജനിച്ചത്. 13-ാം വയസ്സിലായിരുന്നു ആദ്യ കഥയെഴുതിയത്. ഒരു പക്ഷിയുടെ മരണത്തെക്കുറിച്ചായിരുന്നു.

മൂന്നാം തലമുറ, യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചില്‍, മൂന്നാം തലമുറ, ദാശരഥം, അഗ്നിഹോത്രം, ബോധിസത്വന്‍ തുടങ്ങിയവയാണ് ശ്രീദേവി രചിച്ച നോവലുകള്‍.

കുട്ടിത്തിരുമേനി, കൃഷ്ണാവതാരം, പടുമുള തുടങ്ങിയ ചെറുകഥകളും കുറൂരമ്മ (നാടകം), പിന്നെയും പാടുന്ന കിളി ( ബാലസാഹിത്യം), നിറമാല ( തിരക്കഥ) തുടങ്ങിയവ ശ്രീദേവിയുടെ കൃതികളാണ്. നിറമാലയ്ക്ക് 1975 ല്‍ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1974-ല്‍ പുറത്തിറങ്ങിയ ‘യജ്ഞം’ നോവല്‍ 1975-ല്‍ കുങ്കുമം പുരസ്‌കാരം നേടിയിരുന്നു. കെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്.

മലപ്പുറത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരകുളം സ്വദേശി റഫീക്കിന്റെ മകള്‍ ഇശയാണ് മരിച്ചത്. റഫീക്കിന്റെ ഭാര്യ ഹസീനയും കിണറ്റില്‍ വീണിരുന്നു. ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്.

ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടയിലാണ് അമ്മയെയും മകളെയും വീടിന് സമീപത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുത്തു. അപ്പോഴെക്കും കുട്ടി മരിച്ചിരുന്നു. ഹസീനയുടെ ഭര്‍ത്താവ് റഫീക്ക് വിദേശത്താണ്. ആത്മഹത്യയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നാളെ തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നാളെ തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നാളെ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

നരേന്ദ്ര മോദി നാളെ രാവിലെ ഏഴിനു ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങും. രണ്ട് അകമ്പടി ഹെലികോപ്റ്ററുകള്‍ 20 മിനിറ്റ് മുന്‍പ് ഹെലിപ്പാഡില്‍ കവചമായി നിര്‍ത്തും. പിന്നാല പ്രധാനമന്ത്രി ഹെലിപ്പാഡില്‍ ഇറങ്ങും. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും സ്വീകരിക്കും.

ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിനു വിശ്രമം. ഇവിടെ നിന്നു ക്ഷേത്രത്തിലേക്ക്. 7.40നായിരിക്കും അദ്ദേഹം ദര്‍ശനത്തിനായി എത്തുക. 20മിനിറ്റ് ദര്‍ശനം. താമര കൊണ്ടു തുലാഭാരം നടത്താന്‍ സാധ്യത. 8.45നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക്. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികള്‍ക്ക് ആശംസ നേരും. പിന്നീട് അദ്ദേഹം തൃപ്രയാറിലേക്ക് പോകും.

നാളെ 80 വിവാഹങ്ങളാണ് ഗുരുവായൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമയത്ത് മറ്റു മണ്ഡപങ്ങളില്‍ താലി കെട്ടുന്ന വധൂവരന്‍മാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറണം.

പ്രധാനമന്ത്രി ദര്‍ശനത്തിനായി എത്തുമ്പോള്‍ ഉദ്യോഗസ്ഥരും പാരമ്പര്യ പ്രവൃത്തിക്കാരുമുടക്കം 15 പേര്‍ക്ക് അകത്ത് നില്‍ക്കാന്‍ അനുവാദം ഉള്ളു. ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ക്ക് കൊടി മരത്തിനു സമീപം നില്‍ക്കാം. സുരക്ഷാ നടപടികള്‍ക്കായി 3,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

‘മനം നിറയെ അയ്യപ്പന്‍’, പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു, ദര്‍ശന സായൂജ്യം നേടി ഭക്തര്‍

‘മനം നിറയെ അയ്യപ്പന്‍’, പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു, ദര്‍ശന സായൂജ്യം നേടി ഭക്തര്‍

പത്തനംതിട്ട: ശബരിമലയില്‍ ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മകരവിളക്ക് ദര്‍ശനം നടത്തി സായൂജ്യം നേടി ഭക്തജനങ്ങള്‍. മകര ജ്യോതി, മകര വിളക്ക് ദര്‍ശന പുണ്യം നേടിയതിന്റെ ആശ്വാസത്തില്‍ ഭക്തര്‍ മലയിറങ്ങി തുടങ്ങി.

തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ട് ആറരയോടെ സന്നിധാനത്ത് എത്തി. ശ്രീകോവിലിന് മുന്നില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയും ചേര്‍ന്നാണ് തിരുവാഭരണം സ്വീകരിച്ചത്. തുടർന്നായിരുന്നു അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. ഇതിന് പിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞത്.

പന്തളത്ത് നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 5.30നാണ് ശരംകുത്തിയില്‍ എത്തിയത്. അവിടെ നിന്ന് ദേവസ്വം പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചാണ് സന്നിധാനത്തേയ്ക്ക് ആനയിച്ചത്. ഇന്ന് പുലര്‍ച്ചെ 2.45നായിരുന്നു മകര സംക്രമ പൂജ. സൂര്യന്‍ ധനു രാശിയില്‍ നിന്നു മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് സംക്രമ പൂജ.

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകര ജ്യോതി ദര്‍ശിക്കാന്‍ 10 വ്യൂ പോയിന്റുകളാണ് ഒരുക്കിയത്. മകരവിളക്ക് ദര്‍ശനത്തിന് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയ പുല്ലുമേട്ടിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുൻവശം, മരാമത്ത് കോംപ്ലക്സിന് മുന്‍വശത്തെ തട്ടുകള്‍, ബിഎസ്എന്‍എല്‍ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകള്‍ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട് അന്നദാന മണ്ഡപത്തിന് മുന്‍വശം, ഇന്‍സിനറേറ്റിന് മുന്‍വശം എന്നിവിടങ്ങളിലും ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.