കണ്ണൂരില്‍ ജയില്‍ ചാടിയ ഹര്‍ഷാദ് സംസ്ഥാനം വിട്ടു?

കണ്ണൂരില്‍ ജയില്‍ ചാടിയ ഹര്‍ഷാദ് സംസ്ഥാനം വിട്ടു?

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ലഹരിമരുന്ന് കേസ് പ്രതി ഹര്‍ഷാദ് സംസ്ഥാനം വിട്ടതായി സൂചന. ജയില്‍ ചാട്ടത്തിന് പിന്നില്‍ ലഹരിക്കടത്തു സംഘമാണെന്നാണ് അധികൃതരുടെ നിഗമനം. ജയിലില്‍ നിന്ന് പുറത്തെത്തിയ ഹര്‍ഷാദ് ബംഗലൂരുവില്‍ നിന്നെത്തിച്ച ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്നലെ രാവിലെ പത്രക്കെട്ട് എടുക്കാനായി ഇറങ്ങിയ ഹര്‍ഷാദ് ജയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഫോണ്‍ വഴിയാണ് ജയില്‍ ചാട്ടം പദ്ധതിയിട്ടതെന്നാണ് നിഗമനം. ഹര്‍ഷാദ് ജയില്‍ ചാടി പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

ഹര്‍ഷാദ് ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ ജയിലില്‍ കഴിഞ്ഞ ദിവസം കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്യുന്നുണ്ട്. ജയില്‍ ചാടാനുള്ള ആസൂത്രണത്തില്‍ ഇയാളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബൈക്കുമായി എത്തിയത് ഇയാളല്ലെന്ന് വ്യക്തമായിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിനാണ് കൊയ്യോട് സ്വദേശി ഹര്‍ഷാദ് ശിക്ഷിക്കപ്പെട്ടത്. 2023 സെപ്റ്റംബര്‍ മുതല്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

കൊച്ചിയില്‍ ഡാര്‍ക്ക് നെറ്റ് വഴി കോടികളുടെ ലഹരി ഇടപാട്

കൊച്ചിയില്‍ ഡാര്‍ക്ക് നെറ്റ് വഴി കോടികളുടെ ലഹരി ഇടപാട്

കൊച്ചി: ഡാര്‍ക്ക് നെറ്റ് വഴി കോടികളുടെ ലഹരി ഇടപാടു നടത്തിയ സംഘം പിടിയില്‍. ഏഴുപേരാണ് കൊച്ചിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയാ സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എന്‍സിബി സൂചിപ്പിച്ചു.

ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കല്‍ ആണ് ഇടപാടുകളുടെ സൂത്രധാരന്‍. ജര്‍മ്മനിയില്‍ നിന്നു വന്ന പാഴ്‌സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. കഴിഞ്ഞദിവസമാണ് കൊച്ചിയിലെ വിദേശ പാഴ്‌സല്‍ ഓഫീസില്‍ പാഴ്‌സല്‍ എത്തുന്നത്. ഇതു പരിശോധിച്ചപ്പോള്‍ പത്ത് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെത്തി. അതിന്റെ അഡ്രസ് അടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ശരതിലേക്കെത്തുന്നത്.

ശരതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി അധികൃതര്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ആറിടത്താണ് പരിശോധന നടത്തിയത്.

ഈ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പരിശോധനയില്‍ 326 എല്‍എസ്ഡി സ്റ്റാമ്പുകളും എട്ടു ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. കുറേനാളുകളായി പ്രതികള്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ എത്തിച്ചിരുന്നതായും, കോടികളുടെ ഇടപാട് നടത്തിയതായും എന്‍സിബി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 120 വർധിച്ച് 46,520 രൂപയായി. ​ഗ്രാമിന് 15 രൂപ വർധിച്ച് 5815 രൂപയുമായി. കഴിഞ്ഞ രണ്ടു ​ദിവസങ്ങളിലായി മാറ്റമില്ലാതെ ഇരുന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. അതേസമയം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 440 രൂപയാണ് വർധിച്ചത്.

ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു.

മകരവിളക്കിനൊരുങ്ങി ശബരിമല; ഭക്തരെ പമ്പയിൽ തടഞ്ഞു

അയ്യപ്പന്മാരെ പമ്പയിലേക്ക് കയറ്റിവിടുന്നത് താത്കാലികമായി തടഞ്ഞു. ഭക്തർ നിലയ്ക്കൽ തന്നെ തുടരണമെന്ന് പൊലീസ് അറിയിച്ചു. പമ്പയിലെ തിരക്ക് നിയന്ത്രിക്കാനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഇത്തവണയുണ്ടാകും. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ.തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും.

മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. മകര വിളക്ക് കണ്ട ശേഷം സന്നിധാനത്തേക്ക് പോകാൻ ഭക്തരെ അനുവദിക്കില്ല. ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണുള്ളത്.

മകരവിളക്ക് ദർശനത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പൊലീസുകാരെ ജില്ലയിൽ വിവിധ ഭാഗത്ത് സുരക്ഷക്കായി നിയോഗിക്കും.

മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

കോട്ടയം: മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍.
ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ സുരജ എസ് നായര്‍ ആണ് മരിച്ചത്. 45 വയസ്സുണ്ട്.

ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ ഇന്നു പുലര്‍ച്ചെ ജോലാര്‍പ്പേട്ടില്‍ വച്ചാണ് സുരജയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വീട്ടില്‍ ലഭിച്ച വിവരം. ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടില്‍ പോയശേഷം തിരികെ ട്രെയിനില്‍ വൈക്കത്തേക്ക് വരികയായിരുന്നു. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ ജോലാര്‍പേട്ടയിലേക്ക് പോയിട്ടുണ്ട്.

രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ

രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ എസ്പിജിയുടെ സുരക്ഷാ സംഘം പരിശോധനകൾ നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. കൊച്ചിയിൽ നിന്ന് ഗുരുവായൂർ സന്ദർശനവും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

വലിയ വികസന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഉണ്ടാകുമെന്നാണ് സൂചന. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ടും പുതുവയ്പിലെ വാതക പദ്ധതിയുമായി ബന്ധപ്പെട്ടും ചില പ്രഖ്യാപനങ്ങളുണ്ടാകാനും സാധ്യതയുണ്ട്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് സെന്ററും വില്ലിംഗ്‌ടൺ ഐലൻഡിലെ പുതിയ ഡ്രൈ ഡോക്കും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.