by Midhun HP News | Jan 12, 2024 | Latest News, കേരളം
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമലയില്‍ ഇന്ന് ഉന്നതതല യോഗം നടക്കും. മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് യോഗത്തിന്റെ പ്രധാന അജണ്ട.
തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്, സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍, ശബരിമല എഡിഎം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മകരജ്യോതി ദര്‍ശനത്തിനായി പുല്ലുമേട്ടിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
മകരവിളക്ക് ദിവസം സ്വാമി അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ പന്തളത്തു നിന്നും പുറപ്പെടും. പന്തളം കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സാഹചര്യത്തില്‍ വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ ഇക്കുറിയില്ല.
രാജപ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. ഈ മാസം 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.
by Midhun HP News | Jan 11, 2024 | Latest News, കേരളം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറാമെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എംടിയുടെ വിമര്‍ശനം.
‘രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമാണ് എവിടെയും. അസംബ്ലിയിലോ പാര്‍ലമെന്റിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള അവസരമാണ്. അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ പണ്ടെങ്ങോ നമ്മള്‍ കുഴിവെട്ടി മൂടി’ – എംടി പറഞ്ഞു
‘തെറ്റുപറ്റിയെന്ന് തോന്നിയാല്‍ അത് സമ്മതിക്കുകയെന്നത് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവിത മണ്ഡലത്തിലെ ഒരു മഹാരഥനും ഇവിടെ കാണിക്കാറില്ല.തന്റെ പരിമിതമായ കാഴ്ചപ്പാടില്‍ നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകം പേരും എന്നതിനെ മാറ്റാനാണ് ഇഎംഎസ് ശ്രമിച്ചത്. ആചാരോപചാര മാര്‍ഗങ്ങളിലോ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നു.
ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇഎംഎസ് ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
by Midhun HP News | Jan 11, 2024 | Latest News, കേരളം
സുല്‍ത്താന്‍ ബത്തേരി: ബത്തേരി-ഊട്ടി അന്തര്‍ സംസ്ഥാനപാതയില്‍ വനത്തില്‍ അര്‍ദ്ധരാത്രി കുടുങ്ങിയ ഒമ്പതംഗ കുടുംബത്തെ രക്ഷിച്ച് പൊലീസ്. ഊട്ടിയില്‍ പോയി തലശേരിയിലേക്ക് മടങ്ങുന്നതിനിടെ, വഴിമധ്യേ മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയില്‍ വച്ച് കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച ഇന്നോവ വാഹനം കേടാവുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് അതുവഴി കടന്നുപോയ പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും സഹായം ലഭിച്ചില്ല. അതിനിടെ പട്രോളിങ്ങിന്റെ ഭാഗമായി അതുവഴി കടന്നുവന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസ് കുടുംബത്തിന്റെ രക്ഷകരാവുകയായിരുന്നു.
‘വിവരം തിരക്കിയ പൊലീസ് സംഘത്തോട് വാഹനം കേടായെന്നും സഹായം അഭ്യര്‍ത്ഥിച്ചവര്‍ വന്യമൃഗങ്ങളെ പേടിച്ച് വാഹനം നിര്‍ത്താതെ പോവുകയാണുണ്ടായതെന്നും പറഞ്ഞു. പൊലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം അവിടെ പാര്‍ക്ക് ചെയ്തിട്ട് പോകാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു.
തുടര്‍ന്ന് പൊലീസ്, കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ട്രാഫിക് പൊലീസുകാര്‍ വാഹനം നന്നാക്കിക്കൊടുത്തു. പൊലീസ് വാഹനത്തിന്റെ ലൈറ്റുകള്‍ തെളിച്ച് വന്യമൃഗങ്ങള്‍ വരുന്നുണ്ടോയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി നിരീക്ഷിച്ചുകൊണ്ടിരുന്നു. തലശ്ശേരി സ്വദേശികളായ കുടുംബത്തെ ഒടുവില്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേയ്ക്ക് കടത്തിവിടുകയും ചെയ്തു.’- കേരള പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കുറിപ്പ്:
സമയം രാത്രി ഒരു മണി. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാത. കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച ഇന്നോവ വാഹനം കേടായി.
ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയില്‍ അര്‍ദ്ധരാത്രി കുടുങ്ങിയ കുടുംബം എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അതുവഴി കടന്നുപോയ പലരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വന്യമൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിര്‍ത്തിയില്ല.
ഭയന്നുവിറച്ച് എന്തു ചെയ്യണമെന്നറിയാതെ അവര്‍ കാറില്‍ തന്നെ കഴിച്ചുകൂട്ടുമ്പോഴാണ് ദൂരെ പ്രതീക്ഷയുടെ ബീക്കണ്‍ ലൈറ്റ് തെളിഞ്ഞത്.
പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസിന്റെ വാഹനമായിരുന്നു അത്. വിവരം തിരക്കിയ പോലീസ് സംഘത്തോട് വാഹനം കേടായെന്നും സഹായം അഭ്യര്‍ത്ഥിച്ചവര്‍ വന്യമൃഗങ്ങളെ പേടിച്ച് വാഹനം നിര്‍ത്താതെ പോവുകയാണുണ്ടായതെന്നും പറഞ്ഞു. പോലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം അവിടെ പാര്‍ക്ക് ചെയ്തിട്ട് പോകാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു.
തുടര്‍ന്ന് പോലീസ്, കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ട്രാഫിക് പൊലീസുകാര്‍ വാഹനം നന്നാക്കിക്കൊടുത്തു. പോലീസ് വാഹനത്തിന്റെ ലൈറ്റുകള്‍ തെളിച്ച് വന്യമൃഗങ്ങള്‍ വരുന്നുണ്ടോയെന്ന് പോലീസുദ്യോഗസ്ഥര്‍ പുറത്തിറങ്ങി നിരീക്ഷിച്ചുകൊണ്ടിരുന്നു. തലശ്ശേരി സ്വദേശികളായ കുടുംബത്തെ ഒടുവില്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേയ്ക്ക് കടത്തിവിടുകയും ചെയ്തു.
ഊട്ടിയില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവും കാനന പാതയില്‍ കുടുങ്ങിയത്. കാനന പാതയില്‍ നിന്ന് രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബമാണ് ബത്തേരി ട്രാഫിക് പൊലീസിന് നന്ദി അറിയിച്ച് വിവരം പുറത്തുവിട്ടത്. എസ്.ഐ പി.ആര്‍. വിജയന്‍, എസ്.സി.പി.ഒ ഡ്രൈവര്‍ സുരേഷ് കുമാര്‍, സി.പി.ഒ നിജോ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
by Midhun HP News | Jan 11, 2024 | Latest News, കേരളം
പത്തനംതിട്ട: മകരജ്യോതി ദര്‍ശനത്തിനിടെ സന്നിധാനത്ത് ഉണ്ടാവുമെന്ന് കരുതുന്ന തിരക്ക് കുറയ്ക്കുന്നതിനായി സന്നിധാനത്തിനും പമ്പയ്ക്കും പുറമേ ജില്ലയില്‍ ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം ഒരുക്കുന്നു. നീലിമല അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല, ളാഹ, പഞ്ഞിപ്പാറ എന്നിവിടങ്ങളിലാണ് മകരജ്യോതി കാണാന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കുന്നത്.
ഇതില്‍ പഞ്ഞിപ്പാറ സീതത്തോട് വില്ലേജിലാണ്. ശബരിമല, പമ്പ ഹില്‍ടോപ്, നീലിമല അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, ളാഹ എന്നിവ റാന്നി പെരുനാട് വില്ലേജിലാണ്. അയ്യന്‍മല, നെല്ലിമല എന്നിവ കൊല്ലമുള വില്ലേജിലും. സന്നിധാനത്ത് മകരജ്യോതി ദര്‍ശനത്തിനായി ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ കാത്തിരിക്കുന്നത് പാണ്ടിത്താവളത്തിലാണ്. പമ്പയില്‍ പൊന്നമ്പലമേട് ശരിയായി കാണാവുന്നത് ഹില്‍ടോപ്പിലാണ്. അവിടെ ജ്യോതി ദര്‍ശനത്തിനായി പ്രത്യേക സുരക്ഷ ഒരുക്കാന്‍ ശബരിമല എഡിഎം സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
എല്ലാ കേന്ദ്രങ്ങളിലും വെള്ളം, വെളിച്ചം, വൈദ്യസഹായം എന്നിവ ഒരുക്കും. എല്ലായിടത്തും മെഡിക്കല്‍ ടീം, ആംബുലന്‍സ്, സ്ട്രക്ചര്‍ എന്നിവ ഉണ്ടാകും. പര്‍ണശാല കെട്ടി കാത്തിരിക്കുന്നവര്‍ അടുപ്പു കൂട്ടി തീ കത്തിക്കാനോ പാചകം നടത്താനോ പാടില്ലെന്ന് പൊലീസ് നിര്‍ദേശിച്ചു. ബാരിക്കേഡ് മറികടക്കാനോ പൊലീസിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കാനോ പാടില്ല. സുരക്ഷാ ഉപകരണങ്ങളുടെ വൈദ്യുതിബന്ധം തടസ്സപ്പെടുത്തുന്ന ഇടപെടലുകള്‍ ഉണ്ടാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൂട്ടം തെറ്റിയവര്‍ മൊബൈല്‍ ഫോണിലൂടെ സംഘാംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ അല്‍പം മാറി വീണ്ടും ശ്രമിക്കുക. കൂട്ടുപിരിഞ്ഞാല്‍ തൊട്ടടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടാം. കുട്ടികള്‍ കൂട്ടം വിട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. കാനനപാത മറികടന്നു മകരജ്യോതി ദര്‍ശനത്തിനു കാട്ടിലേക്ക് ഇറങ്ങുന്നത് ഇഴജന്തുക്കളുടെ ഉപദ്രവത്തിന് കാരണമാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
by Midhun HP News | Jan 11, 2024 | Latest News, കേരളം
കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞതായി പൊലീസ്. പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് പെണ്‍കുട്ടി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്നും വാഹനം ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു. സ്‌കൂട്ടറിനെതിരെ വന്ന പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹയാത്രക്കാരിയും ബസിന് മുന്നിലേക്ക് തെറിച്ചുവീഴുകായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ താമരശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ ആണ് മരിച്ചത്. 20 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അന്ത്യം.
കൂടെ യാത്ര ചെയ്ത പുനൂര്‍ സ്വദേശിനി ഫിദ ഫര്‍സാന ചികിത്സയിലാണ്. ഇരുവരും മണാശേരി കെഎംസിടി മെഡിക്കല്‍ കോളജില്‍ ബി ഫാം വിദ്യാര്‍ഥികളാണ്. അപകടത്തിന് ശേഷം പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയിരുന്നു.
by Midhun HP News | Jan 11, 2024 | Latest News, കേരളം
ആലപ്പുഴ: 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവിനെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥന്‍ (20) ആണ് പിടിയിലായത്.
കാശിനാഥന്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് പെണ്‍കുട്ടിയെ കബളിപ്പിച്ച് ഫോട്ടോകള്‍ കൈക്കലാക്കുകയും ചെയ്തു. ശേഷം വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് കേസ്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
കായംകുളം സബ്ബ് ഡിവിഷന്‍ ഓഫീസറിന്റെ മേല്‍നോട്ടത്തില്‍ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ഏലിയാസ് പി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ എസ് ഐ ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീവ് കുമാര്‍, സുഭാഷ്, അനി, സിവില്‍ പൊലീസ് ഓഫീസറായ പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് ശേഷം, ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Recent Comments