മദ്യപാനത്തിനിടെ തർക്കം: വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മദ്യപാനത്തിനിടെ തർക്കം: വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂരിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ സ്വദേശി പോൾ (64) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപതാക കാരണം. സംഭവത്തിൽ ബന്ധു മടവാക്കര സ്വദേശി കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി എട്ട് മണിയോടെ ഇരുവരും മാർക്കറ്റിൽ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോൾ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടർന്നാണ് രവി പോളിനെ കൊല്ലാൻ തീരുമാനിച്ചത്.

രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിൻ്റെ തലയിൽ രവി മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്നിരുന്ന പോളിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു. രവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5770 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ വർധിച്ച് 4780 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി ആഭരണം കവർന്നു

വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി ആഭരണം കവർന്നു

കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ആഭരണം കവർന്നു. വിദ്യാർത്ഥിനി ട്യൂഷന് പോകും വഴിയാണ് സംഭവമുണ്ടായത്. കൊട്ടാരക്കര ഗവണ്മെന്റ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. കുട്ടിയുടെ രണ്ട് കമ്മലും അക്രമികൾ കവർന്നു.

കൊല്ലത്ത് കുടുംബവഴക്കിനെ തുടർന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു

കൊല്ലത്ത് കുടുംബവഴക്കിനെ തുടർന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു

കൊല്ലത്ത് കുടുംബവഴക്കിനെ തുടർന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശ്ശേരിയിൽ ജവഹർനഗർ 81 ൽ
ജോസ് പ്രമോദ് (41), മകൻ ദേവനാരായണൻ (9), മകൾ ദേവനന്ദ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ സ്റ്റെയർകെയ്സിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം. കുടുംബ പ്രശ്നത്തെ തുടർന്നാണ് ജോസ് പ്രമോദ് മക്കളെ കൊന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്.

പ്രമോദും ഭാര്യ ഡോ. ലക്ഷ്മിയും തമ്മിൽ കുറച്ച് നാളായി അകൽച്ചയിലായിരുന്നു. പിജി പഠനത്തിന് തയ്യാറെടുക്കാനായി ലക്ഷ്മി തൊട്ടടുത്തുള്ള എസ്എൻ വി സദനത്തിൽ താമസിച്ചാണ് പഠനം നടത്തുന്നത്. ഏറെ നാളായി ഇവർക്ക് വീടുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. ഒൻപതാം ക്ലാസ് മുതലുള്ള പ്രണയത്തിന് ശേഷമാണ് പ്രമോദ് ജോസും ലക്ഷ്മിയും വിവാഹം കഴിക്കുന്നത്. ഓട്ടോ ഡ്രൈവറയാരുന്ന പ്രമോദ് പിന്നീട് ഗള്‍ഫിൽ ജോലി തേടി പോയി. എന്നാൽ എട്ട് വർഷത്തോളമായി പ്രമോദ് ജോലിക്കൊന്നും പോയിരുന്നില്ല.

താൻ ആത്മഹത്യ ചെയ്യുകയാണെന്നു പറഞ്ഞ് പ്രമോദ് തന്‍റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു. അർദ്ധരാത്രിയോടെയാണ് മെസേജ് ലഭിച്ചത്. എന്നാൽ ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട് ലക്ഷ്മി വിവരം തന്‍റെ അമ്മയെ വിളിച്ചറിയിച്ചു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രമോദ് കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് ശേഷം ഒരു രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പം;

കൊലപാതകത്തിന് ശേഷം ഒരു രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പം;

ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ വിതുരയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സംഭവത്തിൽ പ്രതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാൾ പദ്ധതിയിട്ടത്. എന്നാൽ തീരുമാനം മാറ്റി.

ഇവർ തമ്മിൽ വളരെ കാലങ്ങളായി അടുപ്പത്തിലായിരുന്നു. ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാൽ മരിക്കാനായിരുന്നു ഇരുവരുടെയും തീരുമാനമെന്നും പൊലീസ് പറഞ്ഞു. കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ സുനിലയെ കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കളും ഭർത്താവും ചേർന്ന് വിതുര പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഊറാന്‍മൂട് സ്വദേശി അച്ചുവിനെ പാലോട് പനയമുട്ടത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസ് ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അടുപ്പത്തിലായിരുന്ന തങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിലയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെടുത്തു.

കഴുത്തിൽ കയർ കുരുക്കിയാണ് സുനിലയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. തിങ്കളാഴ്ച രാത്രി കൊലപാതകത്തിനുശേഷം പ്രതി ഒരു രാത്രി മുഴുവൻ മൃതദേഹത്തിനടുത്ത് കിടന്നു. രാവിലെയായതോടെ ആത്മഹത്യ ചെയ്യണമെന്ന തീരുമാനം മാറ്റി. രാവിലെ അമ്മയുടെ സ്ഥലമായ പനയമുട്ടത്തേക്ക് പോയി. ഇവിടെവെച്ചാണ് ഇയാൾ പാലോട് പൊലീസിന്റെ പിടിയിലാവുന്നത്.

കാന്‍സര്‍ രോഗിയുടെ വേദന കുറയ്ക്കും; റോബര്‍ട്ടിക് സര്‍ജറിയുമായി ആര്‍സിസി

കാന്‍സര്‍ രോഗിയുടെ വേദന കുറയ്ക്കും; റോബര്‍ട്ടിക് സര്‍ജറിയുമായി ആര്‍സിസി

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് ആരോഗ്യ മേഖല കൈവരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ആര്‍സിസിയിലും എംസിസിയിലും റോബോട്ടിക് സര്‍ജറി സംവിധാനവും (60 കോടി), ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നതിന് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ തുകയനുവദിച്ചത്. എംസിസിയിലും റോബോട്ടിക് സര്‍ജറി ഉടന്‍ പ്രവര്‍ത്തന സജ്ജമാകുന്നതാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരു പ്രത്യേക തരം മിനിമല്‍ ആക്സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സര്‍ജറി. ഇത് സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് നടത്തുന്നത്. വിവിധ തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം ഏറ്റവും നന്നായി കുറയ്ക്കാന്‍ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍.

ശസ്ത്രക്രിയാ വേളയില്‍ തന്നെ കാന്‍സര്‍ ബാധിത ഭാഗത്ത് കീമോതെറാപ്പി നല്‍കാന്‍ കഴിയുന്ന 1.32 കോടി രൂപ ചെലവഴിച്ചുള്ള ഹൈപെക് അഥവാ ഹൈപ്പര്‍ തെര്‍മിക് ഇന്‍ട്രാ പെരിറ്റോണിയല്‍ കീമോതെറാപ്പി ചികിത്സാ സംവിധാനവും ആര്‍സിസിയില്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് വെല്‍ഫയര്‍ &സര്‍വീസ് ബ്ലോക്ക് സജ്ജമാക്കിയത്. ക്ലിനിക്കല്‍ ലാബിലെ പരിശോധനകള്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ആക്കുകയും അത് തത്സമയം നിരീക്ഷിക്കുകയും ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്.