by Midhun HP News | Jan 5, 2024 | Latest News, കേരളം
തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിക്കിടയിലും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ എലിപ്പനിക്കും എച്ച് വൺ എൻ വണ്ണിനുമുള്ള മരുന്നുകൾക്ക് ക്ഷാമം. ആന്റിബയോട്ടിക്കുകളും ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും കിട്ടാനില്ല. കോടികൾ കുടിശ്ശിക ആയതോടെ കമ്പനികൾ മരുന്ന് വിതരണം നിർത്തിയതാണ് തിരിച്ചടിയായത്. ബജറ്റിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷനായി നീക്കിവെച്ച 660 കോടി രൂപയിൽ സർക്കാർ ഇതുവരെ നൽകിയത് 110 കോടി രൂപ മാത്രമാണ്. കഴിഞ്ഞവർഷത്തെ തുകയും കിട്ടാക്കടം ആണെന്നാണ് കമ്പനികൾ പറയുന്നത്.
മണിക്കൂറുകൾ ക്യൂ നിന്ന് ഫാർമസി കൗണ്ടറിന് മുന്നിലെത്തുമ്പോള്‍ ഡോക്ടർ കുറിച്ചു നൽകിയിരിക്കുന്ന അഞ്ചും ആറും മരുന്നുകളിൽ പലതും കിട്ടാനില്ല എന്നാണ് മരുന്ന് വാങ്ങാന്‍ എത്തുന്നവർ പറയുന്നത്. ആശുപത്രികൾ ഇന്റൻഡ് നൽകിയിട്ടും മരുന്ന് എത്തിക്കുന്നില്ല. ആന്റിബയോട്ടിക്കായ അമോക്സിലിൻ, നാല് ലക്ഷം ഗുളികക്കാണ് ജനറൽ ആശുപത്രി ഇന്റന്റ് നൽകിയത്. മരുന്ന് തീർന്നെന്ന് അറിയിച്ചിട്ടും മരുന്ന് എത്തിച്ചിട്ടില്ല. ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങൾക്ക് നൽകുന്ന പാന്റപ്രസോൾ അലർജിക്കും ജലദോഷത്തിനും നൽകുന്ന സിട്രിസിൻ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിൻ എച്ച് വൺ എൻ വണ്ണിനുള്ള ഒസിൾടാമീവിർ എന്നിവയും കിട്ടാനില്ല.
2022 – 23 വർഷത്തെ കുടിശ്ശിക മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കമ്പനികൾക്ക് കൊടുത്തു തീർക്കാനുണ്ട്. ഇത് തീർന്നാൽ മാത്രമേ ഈ വർഷത്തെ കുടിശിക നൽകാനാകൂ. ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ഇത്രയും വലിയ തുക കൊടുത്തു തീർക്കാൻ ആകുമെന്നുള്ള പ്രതീക്ഷയുമില്ല. ഇതോടെ ആവശ്യമായ മരുന്നുകള്‍ പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് വാങ്ങാന്‍ എത്തുന്ന രോഗികള്‍
by Midhun HP News | Jan 5, 2024 | Latest News, കേരളം
കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ. ഫാ.ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ചുമതലകളില്‍നിന്നു നീക്കി. അദ്ദേഹത്തിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഒരു കമ്മീഷനെ വയ്ക്കാനും ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. കമ്മീഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഭയുടെ അകത്തുനിന്നും പുറത്തുനിന്നും ഭദ്രാസനത്തില്‍ പരാതികള്‍ എത്തി. ഇതിനു പിന്നാലെയാണ് ഇന്നലെ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്.
പത്തനംതിട്ടയില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ വച്ചാണ് ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരനാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. മോദിയുടെ വികസനനയങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു അംഗത്വം എടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം.
by Midhun HP News | Jan 5, 2024 | Latest News, കേരളം
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റേതാണ് തീരുമാനം. പാർക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താൻ നിർദേശം നൽകി. സ്പോൺസർഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാൻ അനുമതി. ജനങ്ങൾക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു പാർക്ക് എന്നതാണ് സര്ക്കാർ ലക്‌ഷ്യം.
മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷിക്കണം എന്നും സർക്കാർ നിർദേശം. കലാപരിപാടികളും ഫുഡ് ഫെസ്റ്റും ഉണ്ടാകും. ഹാപ്പിനസ് പാർക്കിനായുള്ള സ്ഥലം തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തണം എന്നാണ് സർക്കാർ നിർദേശം.
വികസന ഫണ്ട് ഉപഗോഗിച്ചോ തനത് ഫണ്ട് ഉപയോഗിച്ചോ സ്ഥലം വാങ്ങാം. സ്പോൺസർഷിപ്പിലൂടെയും ഫണ്ട് ഫണ്ട് ശേഖരിക്കാൻ അനുമതി നൽകി. പാർക്കിൽ ഇരിപ്പിടവും വിനോദ ഉപാധികളും ഉണ്ടാകണം. ഡാൻസിങ്,സിംഗിംഗ് യോഗ തുടങ്ങിയവയ്ക്ക് ഫ്ലോർ ഉണ്ടാകണം.
മൊബൈൽ ചാർജ് സൗജന്യ വൈഫൈ. ഭംഗിയുള്ള ലൈറ്റുകൾ ഉണ്ടാകണം. സേവ് ദി ഡേറ്റിനും ബർത്ഡേ പാർട്ടിക്കും വിനിയോഗിക്കാനുള്ള ഭംഗിയും ഈ പാർക്കുകൾക്ക് ഉണ്ടാകണം എന്നാണ് സർക്കാർ നിർദേശം.
by Midhun HP News | Jan 5, 2024 | Latest News, കേരളം
സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമായി ഇന്ന് സ്വര്‍ണ വില 80 രൂപ കുറഞ്ഞു.
ഇതോടെ ഒരു പവന്റെ വില 46,400 രൂപ എന്നതിലേക്ക് എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. കഴിഞ്ഞ ദിവസം 46480 രൂപയായിരുന്നു വില.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ 5810 ല്‍ നിന്നും 5800 ലേക്ക് എത്തി. 24 കാരറ്റ് സ്വർണത്തിലും 18 കാരറ്റ് സ്വർണത്തിലും സമാനമായ നിരക്ക് ഇടിവുണ്ടായിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന്റെ വില പവന് 88 രൂപ കുറഞ്ഞ് 50616 ലേക്ക് എത്തി. 18 കാരറ്റിന് 72 രൂപ കുറഞ്ഞ് 37960 രൂപയുമായി.
ഡിസംബർ 28 നായിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വില എത്തിയത്. 47,120 രൂപയായിരുന്നു അന്നത്തെ നിരക്ക്.
by Midhun HP News | Jan 5, 2024 | Latest News, കേരളം
തൃശൂര്‍: അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് കാട്ടാന തകര്‍ത്തത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. വീട് ഭാഗികമായി തകര്‍ന്നു.
by Midhun HP News | Jan 5, 2024 | Latest News, കേരളം
മൂന്നാര്‍: മൂന്നാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ 12 കാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ഝാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് പിടിയിലായത്. ബോഡിമെട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ സെലാനും ഭാര്യ സുമരി ബര്‍ജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
Recent Comments