ആദിത്യയുടെ സൂര്യ യാത്ര വിജയപഥത്തിലേക്ക്; നാളെ ഹാലോ ഓർബിറ്റിൽ പ്രവേശിക്കും

ആദിത്യയുടെ സൂര്യ യാത്ര വിജയപഥത്തിലേക്ക്; നാളെ ഹാലോ ഓർബിറ്റിൽ പ്രവേശിക്കും

ഹൈദരാബാദ്: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നു. നാളെ വൈകീട്ട് 4 മണിയോടെ അന്തിമ ഭ്രമണപഥത്തിലേക്ക് കടക്കുമെന്ന് ഐഎസ്ആ‌‌ർഒ അറിയിച്ചു. ഭ്രമണപഥത്തിലേക്ക് എത്തുന്നതോടെ സൂര്യനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിവരങ്ങളും പേടകം ശേഖരിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.

കഴിഞ്ഞ സെപ്തംബർ രണ്ടിനാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്. 126 ദിവസത്തെ യാത്രക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് പേടകം ഈ ഭ്രമണപഥത്തിൽ തുട‌രും.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പേലോഡുകളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ ഏറ്റവും പുറത്തുള്ള പാളിയായ കൊറോണയെ പറ്റി പഠിക്കുക, ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കുക, ഭൂമിയുടെ കാലാവസ്ഥയിലും ബഹിരാകാശ പരിതസ്ഥിതിയിലും സൂര്യന്റെ സ്വാധീനം മനസ്സിലാക്കുക, സൂര്യന്‍റെ കാന്തിക വലയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക തുടങ്ങിയവയാണ് ആദിത്യ എൽ1 ​ന്റെ പ്രധാന ലക്ഷ്യങ്ങൾ.

പുതുവത്സരാഘോഷത്തിനെത്തിയ മലയാളി യുവാവിൻ്റെ മൃതദേഹം കടലിൽ കണ്ടെത്തി

പുതുവത്സരാഘോഷത്തിനെത്തിയ മലയാളി യുവാവിൻ്റെ മൃതദേഹം കടലിൽ കണ്ടെത്തി

കോട്ടയം: ഗോവയില്‍ പുതുവത്സരാഘോഷത്തിന് പോയ യുവാവിന്‍റെ മൃതദേഹം കടലില്‍ കണ്ടെത്തി. മരിച്ച 19കാരന്‍റെ ശരീരത്തില്‍ മര്‍ദനമേറ്റിരുന്നെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മകനെ കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി.

ഡിസംബര്‍ 30 നാണ് വൈക്കം കുലശേഖരമംഗലം സ്വദേശിയായ സഞ്ജയ് സന്തോഷ് കൂട്ടുകാര്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലെത്തിയത്. 31ന് രാത്രി വകത്തൂര്‍ ബീച്ചിലെ ഡിജെ പാര്‍ട്ടിക്ക് എത്തിയ സഞ്ജയിയെ കാണാതാവുകയായിരുന്നു. ഇന്നലെ മൃതദേഹം കടല്‍ തീരത്തു നിന്ന് കണ്ടെടുത്തു. ഡിജെ പാര്‍ട്ടി നടക്കുന്ന വേദിയില്‍ കയറി സഞ്ജയ് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ കുടുംബത്തിന് ലഭിച്ചു. ഇങ്ങനെ നൃത്തം ചെയ്തതിന്‍റെ പേരില്‍ സഞ്ജയ്യെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബോക്സര്‍മാര്‍ മര്‍ദിച്ച് കടലില്‍ എറിഞ്ഞതാകാമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

മരിക്കും മുമ്പ് സഞ്ജയ്ക്ക് മര്‍ദനമേറ്റിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നിലവിൽ ഗോവ പൊലീസാണ് കേസന്വേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ കൂടി ഇടപെടല്‍ ആവശ്യപ്പെട്ട് സഞ്ജയ്‍യുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗോവയില്‍ നിന്ന് നാട്ടിലെത്തിച്ച സഞ്ജയ്‍യുടെ മൃതദേഹം സംസ്കരിച്ചു.

തിരുവില്വാമലയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടികള്‍

തിരുവില്വാമലയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടികള്‍

പാലക്കാട്: സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. തിരുവില്വാമല കാട്ടുകുളം ജിഎല്‍പി സ്‌കൂളിന്റെ പ്രീ പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ ഓടും മേല്‍ക്കൂരയുമാണ് ആണ് അടര്‍ന്നുവീണത്. തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

കുട്ടികള്‍ ഇരുന്നതിന്റെ മറ്റൊരു ഭാഗത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഏറെ കാലപ്പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ലെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു.

ജിഎസ്ടി നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അം​ഗീകാരം നൽകി

ജിഎസ്ടി നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അം​ഗീകാരം നൽകി

തിരുവനന്തപുരം: സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അം​ഗീകാരം നൽകി. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വെച്ചത്.

ഒരാഴ്ച മുമ്പാണ് ഓർഡിനൻസ് സർക്കാർ അനുമതി തേടി രാജ്ഭവന് കൈമാറിയത്. അതേസമയം, ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ തുടങ്ങി വിവാദമായ ബില്ലുകൾ ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്.

ഈ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും, നിയമസഭയോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയില്‍ പറയുന്നു.

‘ചെമ്മീന്‍’ വിവര്‍ത്തക തക്കാക്കോ അന്തരിച്ചു

‘ചെമ്മീന്‍’ വിവര്‍ത്തക തക്കാക്കോ അന്തരിച്ചു

കൊച്ചി: തകഴിയുടെ ‘ചെമ്മീന്‍’ എന്ന നോവലും കഥകളും ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. രാവിലെ 11ന് കൂനമ്മാാവിലെ വസതിയിലായിരുന്നു അന്ത്യം. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്.

1967-ല്‍ ഷിപ്പിംഗ് കേര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചാണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശിനിയായ തക്കാക്കോ കേരളത്തിലെത്തുന്നത്. കൂനന്മാവ് കോണ്‍വെന്റിലെ സിസ്റ്റര്‍ ഹിലാരിയാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്. ഏതാനും വര്‍ഷം മുമ്പ് ബസ് യാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍പ്പെട്ട് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ചിടത്ത് യെല്ലോ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ചിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതിക്ഷ.

തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി ദുര്‍ബലമായി. ചക്രവാതച്ചുഴിയില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിനാല്‍അടുത്ത 4 – 5 ദിവസം വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്.