ആദ്യ ദിനം ഉജ്ജ്വലം; സ്‌കൂള്‍ കലോത്സവത്തിൽ കോഴിക്കോട് മുന്നിൽ, ഇന്ന് 60 ഇനങ്ങൾ വേദിയിൽ

ആദ്യ ദിനം ഉജ്ജ്വലം; സ്‌കൂള്‍ കലോത്സവത്തിൽ കോഴിക്കോട് മുന്നിൽ, ഇന്ന് 60 ഇനങ്ങൾ വേദിയിൽ

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് മുന്നില്‍. കലാമാമാങ്കത്തില്‍ 212 പോയിന്റുമായാണ് ജില്ലയുടെ കുതിപ്പ്. 210 പോയിന്റുകള്‍ വീതം കരസ്ഥമാക്കി തൊട്ടുപിന്നാലെ നിലയുറപ്പിച്ചിരിക്കുകയാണ് തൃശൂരും കണ്ണൂരും.

മലപ്പുറം 203 പോയിന്റുമായി മൂന്നാമതും പാലക്കാട് 202 പോയിന്റുമായി നാലാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുമാണ് ഉള്ളത്. 945 പോയിന്റ് നേടിയാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണകപ്പ് കോഴിക്കോട് കൊണ്ടു പോയത്.

കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 20-ാം തവണയാണ് കഴിഞ്ഞ വര്‍ഷം കോഴിക്കോട് കപ്പില്‍ മുത്തമിടുന്നത്. രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങളിലാണ് മത്സരം.

പുതുവര്‍ഷാഘോഷത്തിനിടെ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത് കൊലപാതകം; സുഹൃത്ത് കസ്റ്റഡിയില്‍

പുതുവര്‍ഷാഘോഷത്തിനിടെ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത് കൊലപാതകം; സുഹൃത്ത് കസ്റ്റഡിയില്‍

കോഴിക്കോട്: പുതുവര്‍ഷാഘോഷത്തിനിടെ കെട്ടിടത്തില്‍ നിന്ന് യുവാവ് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വേങ്ങേരി സ്വദേശി അബ്ദുല്‍ മജീദാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് തടമ്പാട്ടുതാഴത്തെ ആളൊഴിഞ്ഞ വീട്ടിലെ ടെറസില്‍ നിന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അബ്ദുള്‍ മജീദിനെ സുഹൃത്ത് ലാലു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അബ്ദുള്‍ മജീദിന്റെ മരണത്തില്‍ അസ്വാഭാവികത കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി മദ്യപിക്കാനായി ഡിസംബര്‍ 31ന് നാലംഗസംഘം തടമ്പാട്ടുതാഴത്തെ ആളൊഴിഞ്ഞ വീടിന്റെ മുകളില്‍ എത്തി. മദ്യാപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ വീടിന്റെ മുകളില്‍ നിന്ന് ലാലു അബ്ദുള്‍ മജീദിനെ പിടിച്ച് താഴേക്ക് തള്ളുകയായിരുന്നു. താഴെ കല്ലില്‍ തലയിടിച്ചുവീണ് അബ്ദുള്‍മജീദ് തത്ക്ഷണം മരിക്കുകയും ചെയ്തു. വീടിന് മുകളില്‍ നിന്ന് വീണ് മരിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്.

ഒരുവയസുള്ള കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു

ഒരുവയസുള്ള കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിലാണ് സംഭവം. അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലിട്ടത്.

പ്രതിയായ മഞ്ജുവിനെ വിളപ്പില്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജു. കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (വ്യാഴാഴ്ച) പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച തിരുവന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെയും, വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനത്താലാണ് അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഡിജെ പാർട്ടിക്കിടെ 19കാരനെ കാണാതായി

ഡിജെ പാർട്ടിക്കിടെ 19കാരനെ കാണാതായി

കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം ​ന്യൂ ഇയർ ആഘോഷിക്കാൻ ഗോവയിൽ പോയി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. വൈക്കം മറവന്തുരുത്ത് കടുക്കര സന്തോഷ് നിവാസിൽ സഞ്‌ജയ്(19) ആണ് പുതുവത്സര ദിനത്തിൽ കാണാതായത്.

കൃഷ്ണദേവ്, ജയകൃഷ്ണൻ എന്നീ സുഹൃത്തുക്കൾക്കൊപ്പം 29നാണ് സഞ്ജയ് പുതുവത്സര ആഘോഷത്തിന് ഗോവക്ക് പോയത്. 31ന് വാകത്തൂർ ബീച്ചിൽ ഡിജെ പാർട്ടിയിൽ മൂവരും പങ്കെടുക്കുന്നതിനിടെ യുവാവിനെ കാണാതായെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഒന്നാം തീയതി ​ഗോവ പൊലീസിൽ വിവരം അറിയിച്ചെങ്കിലും
അവ​ഗണിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പിന്നീട് കുടുംബത്തെ അറിയിക്കുകയായിരുന്നു. ഗോവയിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് ഗോവ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തലയോലപ്പറമ്പ് പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.

ഷെഹ്നയുടെ മരണം: പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഷെഹ്നയുടെ മരണം: പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷെഹ്നയുടെ ആത്മഹത്യയില്‍ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടി. കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഒ നവാസിനെ സസ്‌പെന്‍ഡ് ചെയ്തു.

പൊലീസ് പിന്തുടരുന്ന വിവരം നവാസ് പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നു. തിരുവല്ലം സിഐ നവാസിനെതിരെ പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഭർത്താവ് നൗഫലിന്‍റെയും അമ്മ സുനിതയുടെയും പീ‍ഡനത്തെ തുടർന്നാണ് ഷഹ്ന വീട്ടിനുള്ളിൽ ആത്ഹത്യ ചെയ്തത്. ഭർതൃവീട്ടില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷഹ്ന നേരിട്ടിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഷെഹ്നയുടെ മരണത്തിന് പിന്നാലെ നൗഫലും സുനിതയും വീട്ടിൽ നിന്നും കടന്നുകളഞ്ഞിരുന്നു.

മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇവർ കടയ്ക്കൽ ഭാ​ഗത്തെ ബന്ധുവിട്ടിലെത്തിയതായി പൊലീസ് കണ്ടെത്തി. പ്രതികളെ പിടികൂടാൻ കടയ്ക്കൽ പൊലീസിന്‍റെ സഹായം തേടി. മൊബൈൽ ലൊക്കേഷനും നൽകി. ഈ വിവരം നവാസ് പ്രതികളെ അറിയിക്കുകയും, കാറും മൊബൈലും ഉപേക്ഷിച്ച് രക്ഷപ്പെടാൻ നിർദേശിച്ചുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.