കൊല്ലം മത്സരച്ചൂടിലേക്ക്; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

കൊല്ലം മത്സരച്ചൂടിലേക്ക്; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായി. ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായി. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ കൊല്ലം മത്സരച്ചൂടിലേക്ക് കടക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ എന്നിവരും പങ്കെടുത്തു.

നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി. കലോത്സവത്തിൻറെ സമാപന സമ്മേളനം എട്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങിൽ വിശിഷ്‌ടാതിഥിയാവും

നവവധു തൂങ്ങിമരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നവവധു തൂങ്ങിമരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

പാലക്കാട്: ചിറ്റൂര്‍ പെരുവെമ്പില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തില്‍ നര്‍മദയെ (28) ആണ് ചൊവ്വാഴ്ച രാത്രി 11-ന് സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനില്‍ നിന്നും പുതുനഗരം പൊലീസ് മൊഴിയെടുത്തു. രണ്ടുവര്‍ഷം ഒരുമിച്ച് താമസിച്ച ഇവര്‍ കഴിഞ്ഞമാസമാണ് വിവാഹിതരായത്. അച്ചനും അമ്മയും മരിച്ച നര്‍മദയ്ക്ക് അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് അടുത്ത ബന്ധുവായിട്ടുള്ളത്.

പാലക്കാട്ടെ ചേരിപ്രദേശത്തു വളര്‍ന്ന നര്‍മദ പഠിച്ച്, ദുബായില്‍ ഫ്‌ലൈ എമിറേറ്റ്‌സ് വിമാനക്കമ്പനിയില്‍ ഉദ്യോഗസ്ഥയായി. സ്വന്തം അധ്വാനത്തില്‍ പെരുവെമ്പില്‍ വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുകയായിരുന്നു. ഭര്‍ത്താവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അമ്മൂമ്മ രഞ്ജിതം പറഞ്ഞു.

കലാകേരളം കൊല്ലത്തേക്ക്; സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും, 24 വേദികൾ

കലാകേരളം കൊല്ലത്തേക്ക്; സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും, 24 വേദികൾ

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആശ്രാമ മൈതാനത്ത് ഇന്ന് തിരശ്ശീല ഉയരും. രാവിലെ പത്ത് മണിക്ക് മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. തുടർന്ന് മത്സരങ്ങൾ തുടങ്ങും.മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമൽ തുടങ്ങിയവരാണ് മുഖ്യാതിഥികൾ. 24 വേദികളാണ് ഇക്കുറി കലോത്സവത്തിന് ഉള്ളത്.

ആദ്യദിനം 59 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. സാംസ്‌കാരിക നായകന്മാരുടെ പേരുകളാണ് വേദികൾക്ക് നൽകുയിരിക്കുന്നത്. കൊല്ലം ഗവ. എൽപി സ്‌കൂളിൽ വിദ്യാർഥികൾക്കായുള്ള രജിസ്‌ട്രേഷന് തുടക്കമായി. കലോത്സവ വിജയികൾക്ക് നൽകാനുള്ള സ്വർണക്കപ്പിന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജില്ല അതിർത്തിയായ കുളക്കടയിൽ വെച്ച് മന്ത്രി വി.ശിവൻകുട്ടി ഏറ്റുവാങ്ങി.

കൊല്ലത്തെ 23 സ്‌കൂളുകളിലാണ് മത്സരാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കുന്നതിന് 30 സ്‌കൂൾ ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകൾ വേദികളിൽ നിന്നും മറ്റു വേദികളിലേക്ക് മത്സരാർഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്. പ്രത്യേകം ബോർഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വേദികളിലേക്കും കെ എസ് ആർ ടി സിയും കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും.

കൊല്ലം ക്രേവൻ സ്‌കൂളിലാണ് 2000 പേർക്ക് ഒരേ സമയം കഴിക്കാൻ കഴിയുന്ന രീതിയിൽ വിശാലമായ ഊട്ടുപ്പുര സജ്ജമാക്കിയിരിക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്. ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. സമാപന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി.

വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകം: പ്രതിയെ വെറുതെ വിട്ടത് റദ്ദാക്കണം

വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകം: പ്രതിയെ വെറുതെ വിട്ടത് റദ്ദാക്കണം

കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതി അര്‍ജുനെ കുറ്റവിമുക്തനാക്കിയ കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബം കക്ഷിചേരും.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കേസില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേസില്‍ പ്രതിക്കെതിരെ എസ് സി എസ് ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ എഫ്‌ഐആറില്‍ ചേര്‍ക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനും പ്രോസിക്യൂഷനും മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി പ്രതി അര്‍ജുനെ വെറുതെ വിട്ടത്.

2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി അർജുൻ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

മോദിക്കൊപ്പം വേദിയില്‍ മറിയക്കുട്ടിയും; താരശോഭയേറ്റി ശോഭനയും മിന്നുമണിയും; രണ്ട് ലക്ഷം സ്ത്രീകളെത്തും

മോദിക്കൊപ്പം വേദിയില്‍ മറിയക്കുട്ടിയും; താരശോഭയേറ്റി ശോഭനയും മിന്നുമണിയും; രണ്ട് ലക്ഷം സ്ത്രീകളെത്തും

തൃശൂര്‍: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ നടി ശോഭന, ക്രിക്കറ്റ് താരം മിന്നുമണി, മറിയക്കുട്ടി എന്നിവര്‍ വേദി പങ്കിടും. ചടങ്ങില്‍ വ്യവസായി ബീനാ കണ്ണന്‍, പത്മശ്രീ സോസമ്മ ഐപ്പ്, സാമുഹ്യ പ്രവര്‍ത്തകന്‍ ഉമാ പ്രേമന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. പൊതുസമ്മേളന വേദിയില്‍ വനിതകള്‍ക്കു മാത്രമാണ് പ്രവേശനം.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സജീവമായി മണ്ഡലത്തില്‍ തുടരുന്ന സുരേഷ് ഗോപിയിലൂടെ അപ്രതീക്ഷിത വിജയം നേടാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മോദിയുടെ കേരള സന്ദര്‍ശനം വലിയ നേട്ടമുണ്ടാക്കുമെന്നും അവര്‍ കണക്ക് കൂട്ടുന്നു

ഉച്ചയ്ക്കു രണ്ടിനു മോദി ഹെലികോപ്റ്റര്‍ മാര്‍ഗം കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തും. ജനറല്‍ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാല്‍, നടുവിലാല്‍ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും. മൂന്നിനു തേക്കിന്‍കാട് മൈതാനത്തു നടക്കുന്ന സമ്മേളനത്തില്‍ രണ്ടുലക്ഷം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 4.30നു റോഡ് മാര്‍ഗം തിരികെ കുട്ടനെല്ലൂരിലെത്തി ഹെലികോപ്റ്ററില്‍ നെടുമ്പാശേരിയിലേക്കു തിരിക്കും.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച എറണാകുളം ജില്ലയിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.