സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ല; മന്ത്രി വി അബ്ദുറഹ്‌മാന്‍

സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ല; മന്ത്രി വി അബ്ദുറഹ്‌മാന്‍

സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഭൂമി ഏറ്റെടുക്കുന്നതിൽ ദക്ഷിണ റെയിൽവേ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ല. റെയിൽവേ വികസനത്തിൽ സംസ്ഥാനത്തോട് രാഷ്ട്രീയ വിവേചനമെന്ന് മന്ത്രി അറിയിച്ചു.

സിൽവർലൈൻ പദ്ധതിക്കുവേണ്ടി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകുന്നതിൽ ഇന്നലെ ദക്ഷിണ റെയിൽവെ എതിർപ്പ് ഉന്നയിച്ചിരുന്നു. ഭൂമിവിട്ടുനൽകിയാൽ കേരളത്തിലെ റെയിൽ വികസനം സാധ്യമാകില്ലെന്നും ഭൂമി കൈവശമില്ലെങ്കിൽ വേഗപരിധി കൂടുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നും റെയിൽവേയുടെ വിശദീകരണം.

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ 187 ഹെക്ടർ സ്ഥലമാണ് കെ റെയിൽ കോർപ്പറേഷൻ റെയിൽവെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടർ ആയി ചുരുക്കി. എന്നാൽ ഭൂമി വിട്ടുനൽകാൻ സാധിക്കില്ല എന്ന നിലപാടാണ് റെയിൽവെ സ്വീകരിച്ചിട്ടുള്ളത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 107 ഹെക്ടർ ഭൂമി വിട്ടുനൽകിയാൽ അത് കേരളത്തിൽ ഭാവിയിൽ റെയിൽവേയുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.

പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്ന് വീണ് 49 കാരൻ മരിച്ചു

പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്ന് വീണ് 49 കാരൻ മരിച്ചു

കോഴിക്കോട്: പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്ന് വീണു പരിക്കേറ്റയാൾ മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ അബ്ദുൾ റസാഖ് (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച കൊടുവള്ളിയിൽ ബന്ധുവിന്റെ വീട്ടിൽ പെയ്ന്റിം​ഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ജോലിക്കിടെ വീടിന്റെ മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ജംസീനയാണ് അബ്ദുൾ റസാഖിന്റെ ഭാര്യ. മക്കള്‍: വിദ്യാർത്ഥികളായ ആയിഷ നൂറ, ഫാത്തിമ സഹ്‌റ, ആരിഫ സിദ്‌റ എന്നിവരാണ് മക്കൾ.

കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി സര്‍ക്കാര്‍; അഞ്ചു പശുക്കളെ നല്‍കും; മന്ത്രിമാര്‍ മാത്യുവിന്റെ വീട്ടിലെത്തി

കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി സര്‍ക്കാര്‍; അഞ്ചു പശുക്കളെ നല്‍കും; മന്ത്രിമാര്‍ മാത്യുവിന്റെ വീട്ടിലെത്തി

ഇടുക്കി: കപ്പത്തൊണ്ട് തിന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വെള്ളിയാമറ്റത്തെ വീട്ടില്‍ മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും എത്തി. ഇവര്‍ക്ക് അഞ്ചു പശുക്കളെ സര്‍ക്കാര്‍ നല്‍കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

കുട്ടിക്കര്‍ഷകര്‍ക്ക് 45000 രൂപ മില്‍മ ഇന്നു തന്നെ നല്‍കും. ഒരുമാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുട്ടിക്കര്‍ഷകര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് നടന്‍ ജയറാം പ്രഖ്യാപിച്ചിരുന്നു. ഓസ്ലര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് കരുതി വെച്ചിരുന്ന തുകയാണ് നടന്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായമായി നല്‍കുന്നത്.

കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതാണ് ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും മാത്യുവിന് ലഭിച്ചിരുന്നു. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പശുക്കള്‍ ചത്തുവീഴുന്നത് കണ്ട് മാത്യു ബോധരഹിതനായിരുന്നു.

പത്താം തീയതി മുതല്‍ സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം

പത്താം തീയതി മുതല്‍ സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം

ശബരിമല: മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ജനുവരി 10 മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല. മകരവിളക്ക് ദിവസത്തില്‍ 40,000 പേര്‍ക്ക് മാത്രമേ വെര്‍ച്വല്‍ ക്യൂ അനുവദിക്കുകയുള്ളു, പൊലീസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

14ാം തീയതി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 50,000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40,000 പേര്‍ക്ക് മാത്രമെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. 14, 15 എന്നീ തിയതികളില്‍ ശബരിമലയില്‍ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അഭ്യര്‍ത്ഥിച്ചു.16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തര്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ മകരവിളക്ക് ദിവസവും തലേന്നാളിലും വെര്‍ച്വല്‍ ക്യൂ പരിമിതപ്പെടുത്തണമെന്ന പൊലിസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

തൃശൂർ താലൂക്കിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ താലൂക്കിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ: തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല. നിയമനങ്ങൾക്കായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വര്‍ഷം പൂര്‍ണമായും നിര്‍ത്തലാക്കും; വീണാ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വര്‍ഷം പൂര്‍ണമായും നിര്‍ത്തലാക്കും; വീണാ ജോര്‍ജ്

തിരുവനന്തപുരം: 2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റും. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക ഇല്ലാത്ത 3 ജില്ലകളില്‍ കൂടി ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക വ്യാപിപ്പിക്കും. കാര്‍സ്‌നെറ്റ് എഎംആര്‍ ശൃംഖല 40 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ ആശുപത്രികളില്‍ വ്യാപിപ്പിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി. 2023 അവസാനം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്.

ആരോഗ്യ വകുപ്പ് ഈ വര്‍ഷം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ള വിഷയമാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സുമായി ബന്ധപ്പെട്ടുള്ളത്. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ആരോഗ്യ വകുപ്പ് എ.എം.ആറിനെതിരെ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുക, തെറ്റായ ക്രമങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുക, ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കുറിക്കുകയും ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ചും പൊതുബോധം ഉയര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ആന്‍സി സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, പാലക്കാട് ഡിഎംഒ ഡോ. വിദ്യ, ജില്ലാ എഎംആര്‍ ഓഫീസര്‍ ഡോ. ഭാഗ്യനാഥ്, ഡോ. ശിവപ്രസാദ് എന്നിവരാണ് എഎംആര്‍. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.