by Midhun HP News | Jan 2, 2024 | Latest News, കേരളം
തൃശൂർ: തൃശൂർ പൂരത്തിനു വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിനു വിലക്കേർപ്പെടുത്തി ഹൈക്കോടതി ദേവസ്വം ബഞ്ച്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചു ആളുകൾ വരുന്നത് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്നു കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.
പൂരം ദിവസങ്ങളിൽ അർഹിക്കുന്ന ഗൗരവത്തോടെ ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് നിർദ്ദേശിച്ചു. കഴിഞ്ഞ വർഷത്തെ പൂരത്തിനു ആചാര ലംഘനമുണ്ടായെന്നു ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശിയായ കെ നാരായണൻകുട്ടി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
തെക്കേ ഗോപുര നടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ കിടക്കുന്നുവെന്നുമുള്ള മാധ്യമ വാർത്തയിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചയ്തിരുന്നു. ഇതും പരിഗണിച്ചാണ് ഉത്തരവ്. വിഷയത്തിൽ ദേവസ്വം ബോർഡിന്റെ വിശദീകരണം കോടതി അംഗീകരിച്ചു. തേക്കിൻകാട് മൈതാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ സർക്കിൾ ഇൻസ്പെക്ടർ പതിവായി പട്രോളിങ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
by Midhun HP News | Jan 2, 2024 | Latest News, കേരളം
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്‍ഡിസി. ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെ 2024 ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലെ എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയിലേക്ക് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും പരീക്ഷകള്‍ നടക്കും.
പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ (മൗണ്ട് പൊലീസ്), സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായും, വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയും, എല്‍പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് ജൂലൈ മുതല്‍ സെപ്തംബര്‍ വരെ മാസങ്ങളിലായും ഒന്നര മണിക്കൂര്‍ ദൗര്‍ഘ്യമുള്ള ഒഎംആര്‍ പരീക്ഷകള്‍ നടത്തും.
ഇവയ്ക്ക് പ്രാഥമിക പരീക്ഷകള്‍ ഉണ്ടായിരിക്കില്ല. ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകള്‍ക്ക് പൊതു പ്രാഥമിക പരീക്ഷയും മുഖ്യ പരീക്ഷയും നടക്കും. കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പൊതു പ്രാഥമിക പരീക്ഷ നടക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് മുഖ്യപരീക്ഷ നടക്കുക.
by Midhun HP News | Jan 2, 2024 | Latest News, കേരളം
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. ഇന്ന് തമിഴ്നാട്ടിലാണ് അദ്ദേഹത്തിന്റെ സന്ദർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം തമിഴ്നാട്ടിൽ എത്തുന്നത്. റോഡ്, റെയിൽ, വ്യോമ ഗതാഗത മേഖലയിലാണ് പദ്ധതികൾ. 19,500 കോടിയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്.
by Midhun HP News | Jan 2, 2024 | Latest News, കേരളം
കൊല്ലം: 62ാം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണ കപ്പ് വഹിച്ചുള്ള യാത്രയ്ക്ക് ഇന്ന് തുടക്കം. കഴിഞ്ഞ വർഷം ചാമ്പ്യൻമാരായ കോഴിക്കോട് നിന്നാണ് കപ്പിന്റെ പ്രയാണം ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും കപ്പിനു സ്വീകരണമൊരുക്കും.
നാളെയാണ് കപ്പ് കൊല്ലത്തെത്തുക. കൊല്ലത്തെ വിവിധ പ്രദേശങ്ങളിലും സ്വീകരണമുണ്ട്.
കുളക്കടയിലാണ് ആദ്യ സ്വീകരണം. പിന്നീട് കൊട്ടാരക്കര മാർത്തോമ ഹൈസ്കൂൾ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ, നെടുവത്തൂർ ജങ്ഷൻ, എഴുകോൺ, കുണ്ടറ ആറുമുറിക്കട, ആശുപത്രിമുക്ക്, മുക്കട, ജങ്ഷൻ, ഇളമ്പള്ളൂർ ജങ്ഷൻ, കേരളപുരം ഹൈസ്കൂൾ, ശിവറാം എൻഎസ്എസ് എച്എസ്എസ് കരിക്കോട്, ടികെഎംഎച്എസ്എസ് കരിക്കോട്, മുന്നാംകുറ്റി, കോയിക്കൽ, രണ്ടാംകുറ്റി, കടപ്പാക്കട എന്നിവിടങ്ങളിലും സ്വീകരണം നൽകും.
നാളെ വൈകീട്ട് 4.30ന് ഘോഷയാത്ര കടപ്പാക്കട ജങ്ഷനിലെത്തും. 4.40നു നഗര പ്രദക്ഷിണം തുടങ്ങും. 6.30നു ആശ്രാമം മൈതാനത്ത് എത്തിക്കും. തുടർന്നു ജില്ലാ ട്രഷറിയിൽ സൂക്ഷിക്കും.
by Midhun HP News | Jan 2, 2024 | Latest News, കേരളം
തൊടുപുഴ: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. തന്റെ പുതിയ ചിത്രമായ ഓസ്ലാര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപ ഇവര്‍ക്ക് നല്‍കുമെന്ന് ജയറാം അറിയിച്ചു. രാവിലെ പത്തരയ്ക്ക് വെള്ളിമറ്റത്തെ വീട്ടിലെത്തിയാണ് ജയറാം പണം നല്‍കുക.
അടുത്ത മാസം പതിനൊന്നിന് ഓസ്ലാറിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ തുകയാണ് കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയ്ക്കും മാത്യുവിനും നല്‍കുക. ഇരുപത് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തുന്ന ആളാണ് താനെന്ന് ജയറാം പറഞ്ഞു. അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാം. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിലൊക്കെ താന്‍ തന്റെ ഫാമിലാണ് സമയം ചെലവഴിക്കുക. രണ്ടുതവണ ക്ഷിരകര്‍ഷകനുള്ള സര്‍ക്കാരിന്റെ പുരസ്‌കാരവും തനിക്ക് ലഭിച്ചിരുന്നു. ഈ കുട്ടികള്‍ക്കുണ്ടായ സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്. ഈ കുട്ടികളുടെ വിഷമം തനിക്ക് മനസിലാകും. ഇവരെ ഒന്ന് നേരിട്ടുകാണാന്‍ വേണ്ടി മാത്രമാണ് പോകുന്നതെന്നും ജയറാം പറഞ്ഞു.
കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതാണ് ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും മാത്യുവിന് ലഭിച്ചിരുന്നു. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പശുക്കള്‍ ചത്തുവീഴുന്നത് കണ്ട് മാത്യു ബോധരഹിതനായിരുന്നു.
by Midhun HP News | Jan 1, 2024 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴയിൽ ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ അമ്മയും ഇവരുടെ ആണ്‍സുഹൃത്തും അറസ്റ്റിൽ. അർത്തുങ്കലിൽ നിന്നാണ് അമ്മയെയും സുഹൃത്ത് കൃഷ്ണകുമാറിനെയും പൊലീസ് പിടികൂടിയത്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ അർത്തുങ്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ആയുധം ഉപയോഗിച്ച് ഉപദ്രവിക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടിലേതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അടുപ്പത്തിലായിരുന്ന പ്രതികൾ കുഞ്ഞിനെ ഒഴിവാക്കാനാണ് നിരന്തരം ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.
Recent Comments