by Midhun HP News | Jan 1, 2024 | Latest News, കേരളം
ക്രിസ്മസ് പുതുവത്സര മദ്യവിൽപനയിൽ ഇത്തവണയും റെക്കോഡ്. ഇത്തവണയും ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. കഴിഞ്ഞ വർഷം നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്.
സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടി രൂപയുടെ മദ്യ വില്‍പനയായിരുന്നു നടന്നത്. ഈ വര്‍ഷം ഡിസംബര്‍ 22, 23 തിയതികളില്‍ 84.04 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു.
by Midhun HP News | Jan 1, 2024 | Latest News, കേരളം
പത്തനംതിട്ട: പുതുവര്‍ഷ ദിനത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ ഭക്തരുടെ ഒഴുക്ക്. ശബരിമലയില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടതോടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് ഉത്സവത്തിനായി രണ്ടുദിവസം മുന്‍പാണ് ശബരിമല നട തുറന്നത്.
രാവിലെ മൂന്ന് മണിക്ക് നട തുറയ്ക്കുന്നതിന് മുന്‍പ് തന്നെ സന്നിധാനത്ത് ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു. പുതുവര്‍ഷ ദിനത്തില്‍ നിര്‍മ്മാല്യത്തിന് ശേഷം നെയ്യഭിഷേകത്തിനായി 18,018 നെയ്യ് തേങ്ങകളാണ് ലഭിച്ചത്. നെയ്യഭിഷേകത്തിന് ഇന്നലെയാണ് തുടക്കമായത്. പുലര്‍ച്ചെ രാവിലെ മൂന്നിന് നിര്‍മാല്യ ദര്‍ശനത്തിനും ഗണപതി ഹോമത്തിനും പതിവ് അഭിഷേകത്തിനും ശേഷം 3.30നാണ് നെയ്യഭിഷേകം ആരംഭിച്ചത്. ഏഴു മണി വരെയും തുടര്‍ന്ന് രാവിലെ 8 മുതല്‍ 11.30 വരെയാണ് അഭിഷേകം. ജനുവരി 19 വരെയാണ് തീര്‍ത്ഥാടകരുടെ നെയ്യഭിഷേകത്തിന് അനുമതിയുള്ളത്.
മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. ബംഗളൂരുവില്‍ നിന്നുള്ള നാലു ഭക്തര്‍ വഴിപാടായാണ് നെയ്യ് തേങ്ങകള്‍ സമര്‍പ്പിച്ചത്. നെയ്യഭിഷേകത്തിനായി പമ്പാ ഗണപതി ക്ഷേത്രത്തിലാണ് 20000 നെയ്യ് തേങ്ങകള്‍ നിറച്ചത്. ട്രാക്ടറിലാണ് നെയ്യ് തേങ്ങകള്‍ സന്നിധാനത്ത് എത്തിച്ചത്. 2021 ജനുവരി ഒന്നിനും 18,018 നെയ്യ് തേങ്ങകള്‍ ഉപയോഗിച്ചാണ് അഭിഷേകം നടത്തിയത്.
മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം പ്രസാദ ശുദ്ധിക്രിയകളും 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. 15നാണ് മകരവിളക്ക്. അന്നു പുലര്‍ച്ചെ 2.46ന് മകരസംക്രമ പൂജയും നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകുന്നേരം അഞ്ചിനാണ് അന്ന് നടതുറക്കുക. തുടര്‍ന്ന്, തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും.
19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് രാവിലെ പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം നടയടക്കും.
by Midhun HP News | Jan 1, 2024 | Latest News, കേരളം
ആലപ്പുഴ: കായംകുളത്ത് പുതുവത്സര രാത്രിയില്‍ പടക്കം പൊട്ടിക്കുന്നത് കാണാനെത്തിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുവെന്ന് പരാതി. കരിമരുന്ന് പ്രയോഗം കാണാനെത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. ചോദ്യം ചെയ്ത ബന്ധുവിനെയും അയല്‍വാസികളെയും പൊലീസ് മര്‍ദ്ദിച്ചു.
കായംകുളത്തിന് അടുത്ത് കോയിക്കല്‍ ജംഗ്ഷനില്‍ പുതുവത്സരാഘോഷം നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള പടക്കം പൊട്ടിക്കല്‍ കാണാനാണ് അജയനും ഒമ്പതു വയസ്സുള്ള മകനും എത്തിയത്. സ്ഥലത്ത് വന്‍ തിരക്കായിരുന്നു.
നാട്ടുകാരെ ഒതുക്കുന്നതിനായി പൊലീസ് ലാത്തി വീശിയിരുന്നു. ആ സമയത്താണ് ഒമ്പതു വയസ്സുകാരന്റെ പുറത്ത് അടിയേറ്റത്. ഇതു ചോദ്യം ചെയ്ത ബന്ധുക്കളെയും നാട്ടുകാരെയും പൊലീസ് ലാത്തി വീശി ഓടിച്ചു. എന്നാല്‍ കുട്ടിക്ക് അടി കൊണ്ടതെന്ന് അറിയില്ലെന്നാണ് കായംകുളം പൊലീസ് പറയുന്നത്.
നാട്ടുകാരെ ലാത്തി വീശി ഓടിച്ചപ്പോള്‍ കുട്ടികള്‍ അവിടെയുണ്ടായിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നടുവിന് അടിയേറ്റ കുട്ടി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ പരാതി നല്‍കുമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചു.
by Midhun HP News | Jan 1, 2024 | Latest News, കേരളം
തൊടുപുഴ: വെളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്തു. കുട്ടിക്കര്‍ഷകരായ സഹോദരങ്ങള്‍ പോറ്റുന്ന 13 പശുക്കളാണ് ചത്തത്. പതിനേഴും പതിനഞ്ചും വയസുള്ള ജോര്‍ജിന്റേയും മാത്യുവിന്റേയും ഉടമസ്ഥതയിലുള്ള പശുക്കളാണ് ഇവ. മറ്റു അഞ്ചു പശുക്കളുടെ നില ഗുരുതരമായി തുടരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുക്കള്‍ക്ക് അടിയന്തര ചികിത്സ നല്‍കി. കപ്പത്തൊണ്ട് കഴിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. എട്ടുമണിക്ക് ഇവരുടെ അമ്മ പശുക്കള്‍ക്ക് തീറ്റ കൊടുത്തിരുന്നു. തുടര്‍ന്ന് പശുക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. സഹോദരങ്ങള്‍ 20 പശുക്കളെയാണ് പോറ്റിയിരുന്നത്. ഇതില്‍ 13 എണ്ണമാണ് ചത്തത്. ഗുരുതരാവസ്ഥയിലായ അഞ്ചു പശുക്കള്‍ മൃഗസംരക്ഷണ വകുപ്പിന്റെ ചികിത്സയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പശുക്കള്‍ ചത്തതിന് പിന്നിലുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ.
മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കുട്ടിയാണ് മാത്യു. 2021ലാണ് മാത്യുവിന് അവാര്‍ഡ് ലഭിച്ചത്. 2020 ഒക്ടോബറിലാണ് ഇവരുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് പിതാവ് പരിപാലിച്ചിരുന്ന പശുക്കളുടെ ഉത്തരവാദിത്തം മക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ കുടുംബത്തിന്റെ ഉപജ്ജീവന മാര്‍ഗമാണ് പശുക്കള്‍.
by Midhun HP News | Dec 31, 2023 | Latest News, കേരളം
കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
by Midhun HP News | Dec 30, 2023 | Latest News, കേരളം
സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെ അടച്ചിടും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പ്രതിഷേധിക്കുന്നത്.
പ്രശ്നപരിഹാരമുണ്ടാകാത്ത പക്ഷം മാര്‍ച്ച് പത്ത് മുതല്‍ രാത്രി 10 മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം. രാത്രിയിലും മറ്റുമായി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച സംഭവങ്ങള്‍ പലയിടങ്ങളിലായി അടുത്തിടെ വർധിച്ചിരുന്നു.
Recent Comments